കാട്ടുപൂച്ചയും കൂറ്റൻ പാമ്പും തമ്മിലുള്ള ജീവൻമരണ പോരാട്ടം റോഡിനു നടുവിൽ, ദൃശ്യങ്ങള്‍

Mail This Article
റോഡിനു നടുവിൽ കാട്ടുപൂച്ചയെ വരിഞ്ഞു മുറുക്കുന്ന കൂറ്റൻ പാമ്പിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. വടക്കു പടിഞ്ഞാറൻ അർജന്റീനയിലെ ലാസ് ലജിറ്റാസ് എന്ന പട്ടണത്തിലാണ് സംഭവം നടന്നത്. ജഗ്വാറണ്ടി അഥവാ ഐറ എന്നറിയപ്പെടുന്ന കാട്ടുപൂച്ചയെയാണ് ബൊവ കൺസ്ട്രിക്റ്റർ വിഭാഗത്തിൽ പെടുന്ന പാമ്പ് വരിഞ്ഞു മുറുക്കിയത്. ശ്വാസം കിട്ടാതെ പിടയുന്ന കാട്ടുപൂച്ചയെ പ്രദേശവാസികളാണ് ആദ്യം കണ്ടത്.
ഇവരെത്തുമ്പോൾ പാമ്പിന്റെ പിടിയിൽ നിന്നും രക്ഷപെടാൻ പൂച്ച ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാൽ പാമ്പ് കൂടുതൽ ശക്തിയോടെ വീണ്ടും വരിഞ്ഞു മുറുക്കുന്നുണ്ടായിരുന്നു. ജീവനുവേണ്ടി പിടയുന്ന പൂച്ചയെ പാമ്പിന്റെ പിടിയിൽ നിന്നും രക്ഷിച്ചത് ഇവരുടെ സമയോചിതമായ ഇടപെടലാണ്. വിഷമില്ലാത്തയിനം പാമ്പാണ് ബൊവ കൺസ്ട്രിക്റ്റർ. അതുകൊണ്ട് തന്നെ രക്ഷിക്കാനെത്തിയവർ പേടിക്കാതെ കാട്ടുപൂച്ചയെ ചുറ്റിയിരുന്ന പാമ്പിനെ വേർപെടുത്തി. ഫോറസ്റ്റ് ഉദ്യോഗസ്ഥനായ സോൾ റോജാസാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. സമീപത്തുള്ള ദേശീയ പാർക്കുകളിൽ നിന്നാകാം വന്യമൃഗങ്ങൾ ഇവിടേക്കെത്തിയതെന്നാണ് നിഗമനം. നിരവധിയാളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യങ്ങൾ കണ്ടുകഴിഞ്ഞു.
നീണ്ട ശരീരവും കുറുകിയ കാലുകളുമുള്ള കാട്ടുപൂച്ചകളാണ് ജഗ്വാറണ്ടികൾ അഥവാ ഐറകൾ. ഇവയുടെ ചെവിയും മറ്റു കാട്ടുപൂച്ചകളിൽ നിന്നും വ്യത്യസ്തമാണ്. ഒട്ടെർ ക്യാറ്റെന്നും ഇവ അറിയപ്പെടുന്നു. വടക്കെ അമേരിക്കയിലെയും തെക്കേ അമേരിക്കയിലെയും മഴക്കാടുകളിലും പുൽമേടുകളിലുമൊക്കെയാണ് ഇവയുടെ വാസം.
English Summary: Wild Cat Tries to Escape from the Death Trap of Boa-constrictor Snake in Argentina