കാഴ്ചയിൽ നായകൻ, കയ്യിലിരുപ്പിൽ വില്ലൻ; ചെഞ്ചെവിയന്മാർ അപകടകാരികൾ, ഉപേക്ഷിച്ച് ഉടമകൾ!

Mail This Article
തൃശൂർ ∙ അഞ്ചു മാസങ്ങൾക്കു മുൻപാണു ചെഞ്ചെവിയൻ ആമകളെ വളർത്തുന്നതിലൂടെ നമ്മുടെ നാട്ടിലെ പരിസ്ഥിതിക്ക് ഉണ്ടാകുന്ന ദോഷങ്ങളെക്കുറിച്ചു ‘മനോരമ’യിൽ വാർത്ത വന്നത്. കേരള വന ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിലേക്കു (കെഎഫ്ആർഐ) അതിനു ശേഷം വന്ന ഫോൺ വിളികൾക്കു കയ്യും കണക്കുമില്ല. കേരളത്തിലെ വീടുകളിൽ വർഷങ്ങളോളം അരുമയായി വളർത്തിവരുന്ന ഈ കുഞ്ഞൻ ആമയുടെ ശരീരത്തിൽ കാണപ്പെടുന്ന അപകടകാരിയായ ബാക്ടീരിയകളെ പറ്റിയും അവ കുഞ്ഞുങ്ങളിലും മറ്റും വരുത്താനിടയുള്ള രോഗങ്ങളെ പറ്റിയും അറിഞ്ഞു പരിഭ്രാന്തരായവരുടെ വിളികൾ ഇതുവരെ അവസാനിച്ചിട്ടില്ല. ഇപ്പോഴും പത്തോളം ഫോൺ കോളുകൾ ദിവസേന ലഭിക്കാറുണ്ടെന്ന് കെഎഫ്ആർഐയിൽ ഇവയെ പറ്റി പഠനം നടത്തുകയും ഇവയുമായി ദിവസേന സമയം ചെലവിടുകയും ചെയ്യുന്ന മനീഷ്, സൂരജ്, കൗസല്യ എന്നിവർ പറയുന്നു. വിളിക്കുന്നവരിൽ മിക്കവരും ഇവയെ ഉപേക്ഷിക്കാൻ പോകുകയാണെന്നറിയുമ്പോൾ ഇവർ ഇവയെ ഏറ്റെടുത്ത് കെഎഫ്ആർഐയിൽ എത്തിച്ചു പഠനത്തിനു വിധേയമാക്കുന്നു. ഇതുപോലുള്ള 77 ചെഞ്ചെവിയന്മാർ ഇതിനോടകം ഇവിടെയെത്തി കഴിഞ്ഞു. നാട്ടിലെ ആവാസവ്യവസ്ഥയ്ക്കു തന്നെ ഭീഷണിയായി മാറാൻ കെൽപുള്ള ഇവയുടെ സ്വഭാവത്തെക്കുറിച്ചും ഇണചേരൽ, ഭക്ഷണ രീതികൾ തുടങ്ങിയവയെ കുറിച്ചുമെല്ലാം പഠനം നടക്കുന്നുണ്ടിവിടെ.
∙കാഴ്ചയിൽ നായകൻ, കയ്യിലിരുപ്പിൽ വില്ലൻ
കോമിക് കഥാപാത്രങ്ങളായ ‘ടീനേജ് മ്യൂട്ടന്റ് നിൻജ ടർടിൽസ്’ന്റെ പ്രചാരത്തോടെയാണു ജന്മനാടായ മെക്സിക്കോയിൽ നിന്ന് ഇവ വിവിധ രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യപ്പെടാൻ തുടങ്ങിയത്. കഥാപാത്രങ്ങളുമായുള്ള രൂപസാദൃശ്യം ഇവയെ കുട്ടികളുടെ അരുമയാക്കി മാറ്റി. വെജ്–നോൺവെജ് വ്യത്യാസമില്ലാതെ എന്തും കഴിക്കുമെന്നതും വളരെ പെട്ടന്നു ഇണങ്ങാനുള്ള കഴിവും താരതമ്യേന കുറഞ്ഞ വിലയുമെല്ലാം ഇവനെ കേരളത്തിലും പ്രിയങ്കരനാക്കി. തമിഴ്നാട്ടിലെ ചില സ്ഥലങ്ങളിൽ നിന്നും മലേഷ്യ പോലുള്ള അന്യ രാജ്യങ്ങളിൽ നിന്നു പോലും കേരളത്തിലെ പെറ്റ് ഷോപ്പുകളിൽ ഇവയെത്തുന്നു. ഒരു കാലത്തു 2500 രൂപ വരെ വിലയുണ്ടായിരുന്ന ഇവ ഇപ്പോൾ 150 രൂപയ്ക്കു ലഭ്യമാണ്. തുടക്കത്തിൽ തീപ്പെട്ടി കൂട്ടിൽ കൊള്ളാവുന്ന വിധം ചെറുതായിരിക്കുന്ന ഇവ പിന്നീട് വലുപ്പം വയ്ക്കുന്നതോടെ സ്വഭാവത്തിലും കുറുമ്പു കൂടുന്നു. 30 വർഷത്തോളം ആയുർദൈർഘ്യമുള്ള ഇവ വളർന്നു കാഴ്ചയിലും സ്വഭാവത്തിലുമുള്ള ഓമനത്തം മാറുന്നതോടെ ഉടമസ്ഥർ ഇവയെ ഉപേക്ഷിക്കുന്നു. ഇങ്ങനെ അലക്ഷ്യമായി ഉപേക്ഷിക്കപ്പെടുന്നവ നാട്ടിലെ തോടുകളിലും പുഴകളിലും മറ്റും പെറ്റു പെരുകി മീനുകളെയും തവളകളെയും മറ്റു ആമകളെ പോലും വളരാൻ അനുവദിക്കാതെ ആവാസവ്യവസ്ഥയ്ക്കു തന്നെ ഭീഷണിയായി മാറുകയാണു ചെയ്യുന്നത്. അതു കൊണ്ടു തന്നെ പല ലോകരാജ്യങ്ങളും ഇവയെ നിരോധിച്ചിട്ടു പോലുമുണ്ട്.
∙സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

ഇവയുടെ ദോഷവശങ്ങളെ കുറിച്ച് അറിഞ്ഞശേഷം ഉപേക്ഷിക്കാൻ പോകുന്നവരുടെ പക്കൽ നിന്ന് ഇവയെ ഏറ്റെടുക്കാൻ കെഎഫ്ആർഐ ഇപ്പോഴും തയാറാണ്. എന്നാൽ ഉപേക്ഷിക്കാൻ കഴിയാത്ത വിധം ഇവയുമായി അടുപ്പമുള്ളവർക്ക് അൽപം ശ്രദ്ധിച്ചാൽ ഇവയെ വളർത്താവുന്നതേയുള്ളുവെന്നു ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റായ ഡോ. ടി.വി.സജീവ്‍ പറയുന്നു.
–ഇവ കിടക്കുന്ന വെള്ളം ഇടയ്ക്കിടെ മാറ്റിക്കൊണ്ടിരിക്കുക.
–ഇവ കിടക്കുന്ന വെള്ളം മറ്റ് ഉപയോഗങ്ങൾക്കുള്ള വെള്ളവുമായി കലരാതെ സൂക്ഷിക്കുക.
–ഇവയെ തൊടുമ്പോൾ കഴിവതും കയ്യുറ ഉപയോഗിക്കുക.
∙താൻ കുഴിച്ച കുഴി!

സ്വാഭാവിക ആവാസവ്യവസ്ഥയിൽ നിന്നു മനുഷ്യരാൽ മാറ്റപ്പെടുമ്പോഴാണു ജീവജാലങ്ങളിൽ പലരും പ്രശ്നക്കാരാകുന്നത്. ചെഞ്ചെവിയൻ ആമകളുടെ കാര്യവും ഇങ്ങനെതന്നെ. മെക്സിക്കോയിൽ സ്വസ്ഥമായി ജീവിച്ചുപോന്ന ഇവയെ പലയിടങ്ങളിലേക്കു കപ്പൽ കയറ്റിയതും എളുപ്പത്തിൽ പച്ചപ്പു വർധിപ്പിക്കാനെന്ന പേരിൽ ഇങ്ങോട്ട് അകേഷ്യ മരങ്ങൾ കൊണ്ടുവന്നതും ഗവേഷണത്തിനായി കേരളത്തിൽ എത്തിച്ച ആഫ്രിക്കൻ ഒച്ചുകളെ പിന്നീട് അലക്ഷ്യമായി ഉപേക്ഷിച്ചതുമെല്ലാം മനുഷ്യൻ തന്നെ. ഒടുക്കം ‘അധിനിവേശ’ ജീവജാലങ്ങളെന്ന പേരിൽ വില്ലൻമാരാകുന്നതു പാവം ജീവികളും!
കേരളത്തിലെ അധിനിവേശ ജീവജാലങ്ങളിൽ ചിലത്
കമ്മ്യൂണിസ്റ്റ് പച്ച
തെക്കൻ അമേരിക്ക ഭൂഖണ്ഡത്തിൽ നിന്ന് ഉദ്ഭവിച്ചതെന്നു കരുതപ്പെടുന്ന ഈ സസ്യം, മിക്ക ഭൂപ്രദേശങ്ങളിലും കാലാവസ്ഥകളിലും തഴച്ചു വളരാൻ കഴിവുള്ളതാണ്. 1940കളിൽ അസമിൽ നിന്നു കേരളത്തിലെത്തപ്പെട്ടതെന്നു കരുതുന്ന ഇവ, ഇപ്പോൾ സംസ്ഥാനത്തുടനീളം കാണപ്പെടുന്നു. മറ്റു സസ്യങ്ങളുടെ പോഷകങ്ങളും വെള്ളവും മറ്റും ഊറ്റിയെടുത്തു തഴച്ചു വളരുന്ന ഇവയുടെ ചില വകഭേദങ്ങൾ മനുഷ്യർക്കും മറ്റു ജീവജാലങ്ങൾക്കും ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങൾക്കു കാരണമാകുന്നു.
കാറ്റാടി മരം
തീരദേശങ്ങളിലെ മണൽ സംരക്ഷണം, ഏതു സാഹചര്യങ്ങളിലും വളർന്നു പുഷ്ടിപ്പെടാനുള്ള കഴിവ്, അലങ്കാര വൃക്ഷങ്ങളെ പോലുള്ള ദൃശ്യഭംഗി. ഇതൊക്കെയാണ് കാറ്റാടി മരങ്ങളെ നമ്മുടെ നാട്ടിൽ പ്രിയങ്കരമാക്കി മാറ്റിയത്. എന്നാൽ താമസിയാതെ തന്നെ, ഇവ പ്രാദേശിക ആവാസവ്യവസ്ഥയ്ക്കു വെല്ലുവിളിയായി നാടൻ സസ്യങ്ങളെ കീഴടക്കി വളരാൻ ആരംഭിച്ചു. തീരപ്രദേശങ്ങളിലെ മണൽ കൂടുതലായി നഷ്ടപ്പെടാൻ ഇവ കാരണമാകുന്നുവെന്നും പഠനങ്ങളുണ്ട്.
ആഫ്രിക്കൻ ഒച്ച്
1955ൽ കേരളത്തിൽ ആദ്യമായി കാണപ്പെട്ടുവെന്നു വിശ്വസിക്കുന്ന ഇവ ഇപ്പോൾ സംസ്ഥാനമൊട്ടാകെ വ്യാപിച്ചു കഴിഞ്ഞു. പല വിധത്തിലുള്ള അധിനിവേശ രീതികളും നീണ്ടുനിൽക്കുന്ന ശീതകാലനിദ്രയും (ഹൈബർനേഷൻ) ഇവയുടെ ഉന്മൂലനം ശ്രമകരമാക്കുന്നു.
ചിത്രങ്ങൾ, വിഡിയോ: ഉണ്ണി കോട്ടയ്ക്കൽ
English Summary: Red-Eared Turtle, An Invasive Species Can Wreak Havoc On Native Aquatic Life