ADVERTISEMENT

ടാറ്റ മോട്ടോഴ്സ് അവതരിപ്പിക്കുന്ന പുത്തൻ എസ്‌യുവിക്ക് ഗ്രാവിറ്റാസ് എന്നു പേരിട്ടു. ഹാരിയർ അടിസ്ഥാനമാക്കി കമ്പനി വികസിപ്പിച്ച ഈ ഏഴു സീറ്റുള്ള എസ്‌യു‌വി കഴിഞ്ഞ ജനീവ മോട്ടോർ ഷോയിലായിരുന്നു അനാവരണം ചെയ്തത്. ആ ഘട്ടത്തിൽ വാഹനത്തിനു ബസാഡ് എന്ന പേരാണു ടാറ്റ മോട്ടോഴ്സ് സ്വീകരിച്ചിരുന്നത്.പുത്തൻ പേരിനൊപ്പം ഈ എസ്‌യുവിയുടെ അരങ്ങേറ്റവും ടാറ്റ മോട്ടോഴ്സ് പ്രഖ്യാപിച്ചു. അടുത്ത ഫെബ്രുവരിയിൽ ഗ്രാവിറ്റാസ് വിപണിയിലെത്തുമെന്നാണു കമ്പനി വ്യക്തമാക്കിയത്. മിക്കവാറും അടുത്ത ഓട്ടോ എക്സ്പോയിലാവും ടാറ്റ ഗ്രാവിറ്റാസിന്റെ അരങ്ങേറ്റം.

Tata-Buzzard-1

കാഴ്ചയിൽ ഹാരിയറിനോടു സാമ്യം പുലർത്തുന്ന രീതിയിലായിരുന്നു എച്ച് സെവൻ എക്സ് എന്ന കോഡ്നാമത്തിൽ വികസിപ്പിച്ച ബസാഡിന്റെ രൂപകൽപ്പന. റൂഫ് റെയ്‌ലിന്റെ സാന്നിധ്യം വാഹനത്തിനു കൂടുതൽ ഉയരം തോന്നിക്കുമ്പോൾ ഹാരിയറിൽ നിന്നു വേറിട്ടു നിൽക്കാനായി റണ്ണിങ് ബോഡും വലിപ്പമേറിയ അലോയ് വീലുകളും ടാറ്റ മോട്ടോഴ്സ് ഗ്രാവിറ്റാസിൽ ലഭ്യമാക്കുന്നുണ്ട്.മൂന്നാം നിരയിലെ യാത്രക്കാർക്ക് കൂടുതൽ സ്ഥലസൗകര്യമുറപ്പാക്കാനായി വാഹനത്തിന്റെ പിൻഭാഗത്തിന് ചതുരാകൃതിയിലുള്ള രൂപകൽപ്പനയാണു ടാറ്റ മോട്ടോഴ്സ് തിരഞ്ഞെടുത്തിരിക്കുന്നത്. ‌‌പ്രകടമായ പിൻ സ്പോയ്ലർ, പുതിയ ബൂട്ട് ലിഡ്ഘടന, വലിപ്പമേറിയ വിൻഡ്ഷീൽഡ്, ചില്ലറ പരിഷ്കാരത്തോടെയുള്ള ടെയിൽ ലാംപ് എന്നിവയും ഗ്രാവിറ്റാസിലുണ്ടാകും.

ഹാരിയറിലെ പോലെ റേഞ്ച് റോവറിന്റെ ഡിഎയ്റ്റിൽ നിന്നു രൂപപ്പെടുത്തിയ ഒപ്റ്റിമൽ മൊഡുലർ എഫിഷ്യന്റ് ഗ്ലോബൽ അഡ്വാൻസ്ഡ് (അഥവാ ഒമേഗ) പ്ലാറ്റ്ഫോം തന്നെയാണ് ഗ്രാവിറ്റാസിന്റെയും അടിത്തറ. 4,661 എം എം നീളവും 1,894 എം എം വീതിയും 1,786 എം എം ഉയരവുമാണു ടാറ്റയുടെ പുത്തൻ എസ് യു വിക്കുള്ളത്. ഇതോടെ ഹാരിയറിനെ അപേക്ഷിച്ച് ഗ്രാവിറ്റാസിന് 63 എം എം നീളവും 80 എം എം ഉയരവുമേറും. അതേസമയം വീൽ ബേസ് ഹാരിയറിനും ഗ്രാവിറ്റാസിനും സമാനമാണ്: 2,741 എം എം. 

Tata Buzzard
Tata Buzzard

ഹാരിയറിനെ അപേക്ഷിച്ചു കരുത്തുറ്റ എൻജിനോടെയാവും ഗ്രാവിറ്റാസിന്റെ വരവ്. മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ് നിലവാരമുള്ള രണ്ടു ലീറ്റർ ക്രയോടെക് ഡീസൽ എൻജിനാവും ഈ എസ്‌യുവിയിൽ ഇടംപിടിക്കുക. ഹാരിയറിലെ രണ്ടു ലീറ്റർ, ക്രയോടെക് ഡീസൽ എൻജിൻ 170 ബി എച്ച് പിയോളം കരുത്തും 350 എൻ എം ടോർക്കുമാണു സൃഷ്ടിക്കുക. ആറു സ്പീഡ് മാനുവൽ ഗീയർബോക്സും ഹ്യുണ്ടേയിൽ നിന്നു കടമെടുത്ത ആറു സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടമാറ്റിക് ഗീയർബോക്സുമാവും ട്രാൻസ്മിഷൻ സാധ്യതകൾ. അഞ്ചു സീറ്റുള്ള ഹാരിയറിന് 13 ലക്ഷം മുതൽ 16.86 ലക്ഷം രൂപ വരെയാണു ഷോറൂം വില. ഗ്രാവിറ്റാസിന് ഇതിലും ഒരു ലക്ഷം രൂപയെങ്കിലും വിലയേറുമെന്നാണു വിലയിരുത്തൽ. 

English Summary: Tata Seven Seater SUV Gravitas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com