ഡയാവെൽ, പനിഗേൽ വി4; ഡ്യൂകാറ്റിയുടെ രണ്ട് കാളക്കൂറ്റന്മാർ

Mail This Article
മോട്ടോർബൈക്കുകളിലെ ലംബോർഗിനിയാണു ഡ്യൂകാറ്റി. കാളക്കൂറ്റൻമാരുടേതു പോലെ രൂപം. അസ്ത്രം പോലെ പായാനുള്ള കഴിവ്. ഇതെല്ലാം ഇറ്റാലിയൻ കമ്പനിയായ ഡ്യൂകാറ്റിയുടെ ഓരോ മോഡലിനും അവകാശപ്പെട്ട സവിശേഷതകളാണ്. ഡ്യൂകാറ്റി ഇന്ത്യയിൽ രണ്ടു മോഡലുകളുടെ നാലു യൂറോ 5 പുതുവേരിയന്റുകൾ അവതരിപ്പിച്ചു. ഡ്യൂകാറ്റി ഡയാവെൽ 1260, 1260എസ് പനിഗേൽ വി4, വി4 എസ് എന്നീ വേരിയന്റുകളാണ് രംഗത്തിറങ്ങിയത്.

സുരക്ഷയ്ക്കായി രണ്ടു ബൈക്കുകളിലും ഡ്യൂകാറ്റി വീലി കൺട്രോൾ ഇവോ(ഡ്യൂകാറ്റി റേസിങ് ഡിവിഷൻ ആയ ഡ്യകാറ്റി കോഴ്സേ, ബോഷ് എന്നിവർ ചേർന്നു വികസിപ്പിച്ചെടുത്ത വിദ്യ. ബൈക്കിന്റെ ചരിവു മനസ്സിലാക്കി പിൻടയറിന്റെ പെർഫോമൻസ് ക്രമീകരിക്കാനാണിത്)ഡ്യൂകാറ്റി സേഫ്റ്റി പായ്ക്ക്(കോർണറിങ് എബിഎസ് ഇവോ, ഡ്യൂകാറ്റി ട്രാക് ഷൻ കൺട്രോൾ എന്നിവ അടങ്ങിയത്) എന്നിവയുണ്ട്. മറ്റു സവിശേഷതകളെന്തൊക്കെയെന്നു നോക്കാം.
ഡ്യൂകാറ്റി ഡയാവെൽ
നേക്കഡ് ബൈക്കിന്റെ വിഭാഗത്തിൽ വരുന്ന സൂപ്പർ സ്പോർട്സ് താരം. ഒരു ശിൽപം പോലെയാണു രൂപഭംഗി. വലിയ എയർവെന്റുകളും എൻജിനെ പൊതിഞ്ഞുപിടിച്ചിരിക്കുന്ന ട്രെല്ലിസ് ഫ്രെയിമും അടങ്ങുന്നതാണ് ഹൃദയഭാഗം. അതിന്റെ തുടർച്ചയെന്നോണം മാത്രമാണ് ഇരട്ടസീറ്റും പതിഞ്ഞ ഹെഡ്ലാംപും. ഒറ്റ അച്ചിൽ വാർത്തെടുത്തതെന്നു തോന്നിപ്പിക്കുന്ന രൂപത്തിൽ അഭിമാനത്തോടെ ഡ്യൂകാറ്റിയുടെ പേരു കൊത്തിയിട്ടുണ്ട്. പെട്രോൾ ടാങ്ക് ലിഡിൽപോലും പേരുകാണാം. കാറുകളുടേതു പോലുള്ള 17 ഇഞ്ച് അലോയ് വീലിന് സൗന്ദര്യമേറും. കെർബ് വെയ്റ്റ് 249 കിലോഗ്രാം. സീറ്റിലേക്കുള്ള ഉയരം- 780 mm (മനസ്സിലാക്കാൻ ഒരു താരതമ്യം- റോയൽ എൻഫീൽഡ് ക്ലാസിക് 800mm ).

Engine is King എന്നതാണു ഡ്യൂകാറ്റിയുടെ ആപ്തവാക്യം. ടെസ്റ്റാസ്ട്രെറ്റ ഡിവിടി 1262 സിസി എൻജിനെ ഗംഭീരപ്രകടനം നൽകുന്നതിനായി ഡ്യൂകാറ്റി ട്യൂൺ ചെയ്തിട്ടുണ്ട്. 162 എച്ച്പി ആണ് കൂടിയ കരുത്ത്. 6 സ്പീഡ് ഗീയർബോക്സ്. ഇന്ധനക്ഷമത ലീറ്ററിനു 18 കിലോമീറ്റർ എന്നു കമ്പനി. കുറച്ചുവിലകൂടിയ വേരിയന്റ് ആണ് 1260 എസ്. കൂടിയ വേഗം 169 km/h
പനിഗാലെ
റേസ് ട്രാക്ക് സ്വഭാവത്തോടെ ജനിച്ചവൻ. പ്രഫഷനൽ അല്ലാത്തവർക്കും ട്രാക്കിൽ വിജയിക്കാം, പനിഗാലെ കൂടെയുണ്ടെങ്കിൽ എന്നു ഡ്യുകാറ്റി. സിംഗിൾ സീറ്റർ മോഡൽ. ഫെയേർഡ് ഡിസൈൻ. അലൂമിനിയം അലോയ് ഫ്രെയിം. മോട്ടോ ജിപി മോഡലുകൾക്കു തുല്യമാണ് ബ്രേക്കിങ് സാങ്കേതികവിദ്യ. വിമാനങ്ങളുടെ എയ്റോഡൈനിമിക് രൂപകൽപ്പനയിൽനിന്നു പ്രചോദനം കൊണ്ടാണ് പനിഗാലെയുടെ എയ്റോഡൈനാമിക് ബോഡി രൂപപ്പെടുത്തിയിട്ടുള്ളത്. വേഗമെടുക്കുമ്പോൾ സ്ഥിരത കൂടുമെന്നതാണു ഫലം. 835 mm ആണ് സീറ്റ് ഹൈറ്റ്.

1103 സിസി എൻജിൻ. ഡെസ്മോസെഡിസീ സ്ട്രാഡെയ്ൽ എൻജിൻ 214 ബിഎച്ച്പി കരുത്താണു നൽകുന്നത്. 6 സ്പീഡ് തന്നെ ഗീയർബോക്സ്. കൂടിയ വേഗം 289 km/h, 0-100 km/h വേഗമെടുക്കാൻ 3.5 സെക്കന്റ് മാത്രം.