ഓല ഇലക്ട്രിക് സ്കൂട്ടറിൽ മാത്രം ഒതുങ്ങില്ല, ഇ കാർ അടുത്തവർഷം
Mail This Article
ചുരുങ്ങിയ കാലം കൊണ്ടാണ് ഓല രാജ്യത്തെ ഏറ്റവും അധികം വിൽപനയുള്ള ഇലക്ട്രിക് സ്കൂട്ടറായി മാറിയത്. സ്കൂട്ടർ വിപണിയിലെ ഇലക്ട്രിക് വിപ്ലവമായിരുന്നു ഓല സ്കൂട്ടർ. സ്കൂട്ടറിന് പിന്നാലെ പാസഞ്ചർ കാർ വിപണിയിലും വലിയ മാറ്റങ്ങൾ വരുത്താൻ ഇലക്ട്രിക് കാറുമായി ഓല എത്തു. ഇതിനുമുന്നോടിയായി കാറിന്റെ ടീസർ വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് കമ്പനി. കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ കൃഷ്ണഗിരിയിൽ നടന്ന ഓല കസ്റ്റമർഡേയിലാണ് പുതിയ വാഹനത്തിന്റെ ടീസർ വിഡിയോ പ്രദർശിപ്പിച്ചത്.
ഫ്യൂച്ചറിസ്റ്റിക് ഡിസൈനാണ് കാറിന്. യു ആകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാംപും എൽഇഡി ലൈറ്റ്ബാറുമുണ്ട്. കൂടാതെ പിൻഭാഗം മുഴുവൻ നിറഞ്ഞു നിൽക്കുന്ന എൽഇഡി ടെയിൽ ലാംപുമുണ്ട്. ഈ വർഷം ഓഗസ്റ്റിൽ ട്വിറ്ററിലൂടെ ഇലക്ട്രിക് കാർ പ്രോട്ടോടൈപ്പിന്റെ ചിത്രം ഓല ഇലക്ട്രിക് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഭവിഷ് അഗർവാൾ പങ്കുവച്ചിരുന്നു. എന്നു പുറത്തിറങ്ങുമെന്നോ വാഹനത്തിന്റെ കൂടുതൽ വിവരങ്ങളോ പുറത്തുവന്നിട്ടില്ലെങ്കിലും അടുത്ത വർഷം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.
വൈദ്യുത മോട്ടോർ സൈക്കിളുകളുടെയും കാറുകളുടെയും വികസനത്തിനുള്ള പദ്ധതി ത്വരിതപ്പെടുത്താനായി സെപ്റ്റംബർ ആദ്യം ഓല ഇലക്ട്രിക് 20 കോടി ഡോളർ(ഏകദേശം 1,487 കോടി രൂപ) സമാഹരിച്ചിരുന്നു. ‘മിഷൻ ഇലക്ട്രിക്: 2025നു ശേഷം ഇന്ത്യയിൽ പെട്രോൾ ഇരുചക്രവാഹനങ്ങളില്ല’ എന്ന പദ്ധതിക്കു വേണ്ടിയാണ് അധിക മൂലധനം കണ്ടെത്തിയതെന്ന് അഗർവാൾ വ്യക്തമാക്കിയിരുന്നു.
English Summary: Ola Electric Car Teased In Customer Day