ADVERTISEMENT

ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചര്‍ കാര്‍ പുറത്തിറക്കി പുണെ ആസ്ഥാനമായുള്ള ഫോഴ്‌സ് മോട്ടോഴ്‌സ്. 10 പേര്‍ക്ക് സഞ്ചരിക്കാവുന്ന എംയുവിക്ക് ഫോഴ്‌സ് സിറ്റിലൈന്‍ എന്നാണ് പേര്. ഫോഴ്‌സ് ട്രാക്‌സ് ക്രൂസര്‍ എംയുവി അടിസ്ഥാനമാക്കി നിര്‍മിച്ച ഈ വാഹനത്തിന്റെ വില 15.39 ലക്ഷം രൂപയാണ്.

force-citiline-3

 

force-citiline-4

ഒറ്റനോട്ടത്തില്‍ പരിചിതമായ ഡിസൈനാണ് സിറ്റിലൈനിനുള്ളത്. ട്രാക്‌സ് പോലുള്ള ഫോഴ്‌സിന്റെ വാഹനങ്ങളോടുള്ള സാമ്യതയാണ് ഈ പരിചയഭാവത്തിന് പിന്നില്‍. മുന്‍ ഗ്രില്ലുകള്‍ ദീര്‍ഘചതുരാകൃതിയിലുള്ളതാണ്. ട്രാക്‌സ് ക്രൂസറിലേതു പോലുള്ള ചതുരാകൃതിയിലുള്ള ഹാലോജന്‍ ഹെഡ്‌ലാംപുകളാണ് സിറ്റിലൈന് നല്‍കിയിരിക്കുന്നത്. 5.1 മീറ്റര്‍ നീളമുള്ള വാഹനത്തിന് നാല് നിരകളിലായി മുന്നിലേക്കുള്ള ദിശയില്‍ ഇരിപ്പിടങ്ങള്‍ ക്രമീകരിച്ചിരിക്കുന്നു. 15 ഇഞ്ച് സ്റ്റീല്‍ റിമ്മുകളും ഈ എംയുവിക്ക് ഫോഴ്‌സ് നല്‍കിയിട്ടുണ്ട്. നാല് നിരകളിലായി ഇരിപ്പിടങ്ങളുള്ളതിനാല്‍ കാര്യമായ ബൂട്ട് സ്‌പേസ് വാഹനത്തിലില്ല. എന്നാല്‍ അവസാന നിരയിലെ സീറ്റുകള്‍ മടക്കി സാധനങ്ങള്‍ വെക്കാനാവും.

force-citiline

 

force-citiline-2

രണ്ടാം നിര സീറ്റുകള്‍ സ്പ്ലിറ്റ് സീറ്റുകളായാണ് നല്‍കിയിരിക്കുന്നത്. ഈ സീറ്റുകളിലൊന്ന് മടക്കിയശേഷമാണ് മൂന്നാം നിരയിലേക്കും നാലാം നിരയിലേക്കും പോവാനാവുക. മൂന്നാം നിരയില്‍ ക്യാപ്റ്റന്‍ സീറ്റുകളാണ് നല്‍കിയിട്ടുള്ളത് എന്നതിനാല്‍ നാലാം നിരയിലേക്ക് കടക്കാന്‍ എളുപ്പമുണ്ട്. അവസാനത്തെ രണ്ട് നിരകളിലും യുഎസ്ബി ചാര്‍ജിങ് പോട്ടുകള്‍ നല്‍കിയിട്ടുണ്ട്. രണ്ടാം നിരയിലെ യാത്രികര്‍ക്ക് പവര്‍വിന്‍ഡോയും 12V സോക്കറ്റും ബോട്ടിലുകള്‍ വെക്കാനുള്ള സൗകര്യവും ഉണ്ടായിരിക്കും. 

 

ഡ്രൈവര്‍ സീറ്റില്‍ ഡോറില്‍ മാനുവല്‍ ഓപ്ഷനുകളാണ് നല്‍കിയിട്ടുള്ളത്. ഡാഷ്‌ബോര്‍ഡില്‍ മ്യൂസിക് സിസ്റ്റം ഉള്‍പ്പെടുത്താനാവും. ഫാബ്രിക് മെറ്റീരിയലിലുള്ള സീറ്റുകളും വലിയ സ്റ്റീറിങ് വീലുകളുമാണ് വാഹനത്തിന് നല്‍കിയിട്ടുള്ളത്. ഡ്രൈവര്‍ സീറ്റിന്റെ ഉയരവും അകലവും ക്രമീകരിക്കാനാവും. നാലു പവര്‍ വിന്‍ഡോകളുടെ സ്വിച്ചും സെന്റര്‍ കണ്‍സോളില്‍ നല്‍കിയിട്ടുണ്ട്. 

 

ഗൂര്‍ഖയിലേതു പോലെ 2.5 ലീറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എൻജിനാണ് സിറ്റിലൈന് നല്‍കിയിട്ടുള്ളത്. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുള്ള വാഹനത്തിന് 90 ബിഎച്ച്പിയും 250 എൻഎം പരമാവധി ടോര്‍കും ഉത്പാദിപ്പിക്കാനാവും. പല ഇന്ത്യന്‍ സംസ്ഥാനങ്ങളിലും സ്വകാര്യ വാഹനമായി സിറ്റിലൈന്‍ റജിസ്റ്റര്‍ ചെയ്യാനാവില്ല.

 

English Summary: Force Citiline 10-seater MUV

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com