ADVERTISEMENT

വാഹനങ്ങളിൽ ദീർഘദൂര യാത്രകൾ ചെയ്യുന്ന ആളുകളുടെ എണ്ണം കൂടിത്തുടങ്ങി. കൂടുംബാംഗങ്ങളുമൊത്ത് പ്ലാൻ ചെയ്ത് പോകുന്ന യാത്രകളും യാതൊരു മുൻകരുതലുമില്ലാതെ സുഹൃത്തുകൾക്കൊപ്പമുള്ള യാത്രകളും ഇക്കൂട്ടത്തിൽ പെടും. ഇത്തരം യാത്രകൾക്ക് വാഹനങ്ങളിൽ ഏറെ ഉപകാരപ്പെടുന്ന, ഓൺലൈനിൽ ലഭ്യമായ ചില ആക്സസറികൾ കരുതി വയ്ക്കാം. ഇവ വാഹനത്തിലുണ്ടെങ്കിൽ പ്രതീക്ഷിക്കാതെയും കരുതിക്കൂട്ടിയുമുള്ള യാത്രകൾ അനായാസമാകും.

tyre-pressure
n_defender | Shutterstock

1. ടയർ ഇൻഫ്ലേറ്റർ അഥവാ യുഎസ്ബി എയർ പമ്പ്

ദീർഘദൂരയാത്രകളിൽ വാഹനങ്ങൾക്ക് ഏറ്റവുമധികം ആവശ്യമായി വരാറുള്ളതാണ് എയർ പ്രഷർ പരിശോധന. ഉൾപ്രദേശങ്ങളിലും പെട്രോൾ ബങ്കുകൾ ഇല്ലാത്ത പ്രദേശങ്ങളിലും ടയറിനു കാറ്റു കുറയുന്ന സാഹചര്യങ്ങളിൽ വലഞ്ഞുപോകും. ഇത്തരത്തിലെ അലച്ചിൽ ഒഴിവാക്കാൻ ഏറെ സഹായകരമാണ് യുഎസ്ബി വഴി പ്രവർത്തിക്കുന്ന ടയർ ഇൻഫ്ലേറ്ററുകൾ. യുഎസ്ബി ടയർ ഇൻഫ്ലേറ്ററുകൾ വിവിധ ബ്രാൻഡുകളുടേത് നിലവിൽ വിപണിയിൽ ലഭ്യമാണ്. 1300 രൂപ മുതൽ ഏകദേശം 5000 രൂപ വരെയുള്ള ഇൻഫ്ലേറ്ററുകൾ ഓൺലൈൻ സൈറ്റുകളിൽ ലഭിക്കും. ഇതിൽ മീറ്റർ ഗേജ് ഉള്ളത് വാങ്ങുകയാണ് ഉചിതം. വൈദ്യുതിയില്ലാതെ കാലുകൾ ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന പമ്പുകളും വിപണിയിൽ ലഭ്യമാണ്. 

car-inverter
Image Source: Amazon

2. കാർ ഇൻവെർട്ടർ ചാർജർ

ഇൻവെർട്ടറുകൾ ജനപ്രീതി നേടിയിട്ട് ഏറെ നാളുകളായി. പവർ‌കട്ട് സമയത്തും മറ്റും അവ വളരെ സഹായകരമാണ്. കാറുകളിൽ ഉപയോഗിക്കാവുന്ന ഇൻവെർട്ടറും ഇപ്പോൾ വിപണിയിൽ ലഭിക്കും. 12 വോൾട്ട് ഡിസി ഔട്ട്പുട്ടിനെ ഓൾറ്റർനേറ്റിങ് കറന്റിലേക്ക് മാറ്റിയാണ് കാർ ഇൻവെർട്ടർ പ്രവർത്തിക്കുന്നത്. ചാർജിങ് പോർട്ടിൽ നിന്ന് യാത്രയുടെ സമയങ്ങളിൽ വൈദ്യുതി ശേഖരിച്ച് വച്ച ശേഷം പിന്നീട് മൊബൈൽ, ലാപ്ടോപ്, വൈദ്യുത വിളക്കുകൾ, പവർബാങ്ക് എന്നിവയെല്ലാം ഒരേ സമയം ചാർജ് ചെയ്യാമെന്നത് പ്ലസ് പോയിന്റാണ്. 1450 രൂപ മുതലാണ് വില. 

car-fridge
chuyuss | Shutterstock

3. പോർട്ടബിൾ മിനി ഫ്രിജ്

യാത്രകളിൽ ഏറ്റവും ആവശ്യമായി വരുന്നത് കുടിവെള്ളവും പാനീയങ്ങളുമാണ്. ഇതിനായി ഓരോയിത്തും നിർത്തി പോകുന്നത് സമയനഷ്ടത്തിനു കാരണമാകും. ഇതിനൊരു പരിധി വരെ പരിഹാരമാണ് പോർട്ടബിൾ മിനി ഫ്രിജ്. വാഹനത്തിൽ പാനീയങ്ങൾ വാങ്ങി വച്ച് തണുപ്പിക്കാൻ ഇത് ഏറെ ഉപകരിക്കും. വാഹനങ്ങളുടെ വലുപ്പം അനുസരിച്ച് പല തരത്തിലുള്ളവ ലഭ്യമാണ്. 2800 രൂപ മുതൽ 10,000 രൂപ വരെ വിലയുള്ള പല അളവിലെ ഫ്രിജുകൾ ലഭ്യമാണ്.

car-bed
Ladanifer | Shutterstock

4. കാറ്റ് നിറയ്ക്കുന്ന കിടക്കകൾ

ഏറെ നേരം യാത്ര ചെയ്ത ശേഷം അൽപനേരം കാൽ നിവർത്തി ഒന്നു കിടക്കാമെന്ന് തോന്നുന്നത് സ്വാഭാവികമാണ്. ഓരോ തവണയും ഇത്തരത്തിൽ വിശ്രമിക്കാൻ മുറിയെടുക്കുക എന്നതു പ്രായോഗികവുമല്ല. ഇതിന് പരിഹാരമാണ് കാറ്റ് നിറയ്ക്കുന്ന കിടക്കകൾ. റിയർ സീറ്റുകൾ മടക്കിയിട്ട ശേഷം കിടക്ക സീറ്റിലേക്ക് വിരിച്ച് ടയർ ഇൻഫ്ലേറ്റർ ഉപയോഗിച്ച് കാറ്റ് നിറച്ചാൽ 3 പേർക്ക് സുഖമായി വിശ്രമിക്കാൻ സാധിക്കുന്ന കിടക്ക തയാർ. അരുമ മൃഗങ്ങളെ കൊണ്ടു പോകുമ്പോഴും ഇത് ഉപകരിക്കും. 1990 രൂപ മുതൽ കിടക്കകൾ ലഭ്യമാണ്. 

dust-bin
areza taqwim | Shutterstock

5. മിനി ഡസ്റ്റ് ബിൻ

ദൂരയാത്രകളിൽ സാധാരണ ഗതിയിൽ ലഘുഭക്ഷണവും പാനീയങ്ങളുമെല്ലാം വാഹനത്തിനുള്ളിൽ വച്ചു തന്നെ കഴിക്കാനാണ് സാധ്യത. ഇത്തരം സാഹചര്യങ്ങളിൽ, ബോട്ടിൽ സ്പെയ്സിൽ ഘടിപ്പിക്കാവുന്ന ചെറു ഡെസ്റ്റ് ബിന്നുകൾ ഏറെ പ്രയോജനപ്പെടും. ചോക്കലേറ്റ് കവർ, ലഘുഭക്ഷണ അവശിഷ്ടങ്ങൾ, നാപ്കിൻ പേപ്പർ എന്നിവയെല്ലാം അതിലിടാം. വഴിയിൽ വലിച്ചെറിഞ്ഞെന്ന കുറ്റബോധവും വേണ്ട. 

dash-cam
Thanawat Thepphongsri | Shutterstock

6. ഡാഷ് ക്യാം

ദൂരയാത്രകളിൽ നമ്മൾ കടന്നുപോകുന്നതിൽ ഏറിയ പങ്കും നമുക്ക് പരിചിതമല്ലാത്ത സ്ഥലങ്ങളായിരിക്കാം. ഇവിടങ്ങളിലെ പ്രതികൂല സാഹചര്യങ്ങളിൽ ഏറ്റവുമധികം ഉപകാരമാകുന്നതാണ് ഡാഷ് ക്യാം. ഡാഷ് ബോർഡിൽ ഘടിപ്പിക്കുന്ന ക്യാമറയിൽ അപകടങ്ങൾ ഉൾപ്പെടെയുള്ളവ പതിയുന്നത് പല സാഹചര്യങ്ങളിലും സഹായകരമാണ്. മാത്രമല്ല, വാഹനം നിർത്തി പോകുമ്പോൾ മറ്റു വാഹനങ്ങൾ തട്ടി അപകടം ഉണ്ടാവുക, മോഷണ ശ്രമം എന്നിവയ്ക്കെല്ലാം തെളിവു നൽകാൻ ഈ ക്യാമറ സഹായിക്കും. ഓൺലൈനിൽ വിവിധ ക്വാളിറ്റിയിലുള്ള ക്യാമറകൾ ലഭ്യമാണ്. 3990 രൂപ മുതൽ ലഭിക്കും.. 

7. ആന്റി ഗ്ലെയർ സ്പ്രേ

രാത്രിയാത്രകളിൽ എതിരെ വരുന്ന വാഹനങ്ങളിൽ നിന്നുള്ള പ്രകാശം പലപ്പോഴും വലിയ തലവേദനയാകാറുണ്ട്. വിൻഡ്ഷീൽഡിൽ ആന്റി ഗ്ലെയർ സ്പ്രേ ചെയ്താൽ ഒറു പരിധി വരെ പ്രകാശം മൂലമുള്ള ബുദ്ധിമുട്ട് തടയാം. മാത്രമല്ല കാഴ്ച കൂടുതൽ വ്യക്തമാകാനും ഇവ ഉപകരിക്കും. 400 രൂപ മുതൽ ലഭ്യമാണ്. 

English Summary: Essential And Useful Car Accessories You Can Buy Online

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com