ADVERTISEMENT

സൈക്കിൾ പോലും സ്വന്തമായില്ലാത്ത ഷെഫ് സുരേഷ് പിള്ള ആദ്യമായി വാങ്ങുന്ന വാഹനം റോഡിലെ ആഡംബരത്തിന്റെ അവസാന വാക്കെന്നു പറയാവുന്ന മെഴ്സിഡീസ് ബെൻസ് ‘എസ്’ ക്ലാസ്.   ‘‘ഇതുവരെ ഒരിക്കൽ പോലും ഒരു കാർ ആഗ്രഹിച്ചിട്ടില്ല. ലണ്ടനിലെ ജോലി സമയത്ത് അവിടൊരു പ്രീമിയം കാർ വളരെ നിസ്സാരമായി വാങ്ങാവുന്നതായിരുന്നു. പക്ഷേ, സ്വന്തമായൊരു വാഹനം ഒരിക്കലും എനിക്കൊരു ആവശ്യമോ ഭ്രമമോ ആയിരുന്നില്ല. ക്ഷമാപൂർവം കാത്തിരുന്നതിന്റെ ഫലമാണീ കാർ". ഷെഫ് സുരേഷ് പിള്ള പറയുന്നു.

എസ് ക്ലാസ് കാണുന്നു

chef-pillai-s-class-1-

മാരിയറ്റ് ഗ്രൂപ്പ് നടത്തുന്ന കൊച്ചിയിലെ ഹോട്ടൽ ലെ മെറഡിയനിൽ ‘റസ്റ്ററന്റ് ഷെഫ് പിള്ള’ തുറക്കുന്നതുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾക്കായി എത്തിയപ്പോഴാണ് അതേസമയം തന്നെ, റസ്റ്ററന്റിലിരുന്നാൽ കാണാവുന്ന അടുത്ത് മെഴ്സീഡസ് ബെൻസിന്റെ ഷോറും കോസ്റ്റൽ സ്റ്റാർ ആരംഭിക്കുന്നത്. വളരെ യാദൃശ്ചി കമായാണ് അവിടെ പ്രദർശിപ്പിച്ചിരിക്കുന്ന ‘എസ് ക്ലാസ്’ മോഡൽ കാണുന്നതും ഉടമ തോമസ് അലക്സിനെ പരിചയപ്പെടുന്നതും, അതേ കാർ തന്നെ വാങ്ങാൻ തീരുമാനിക്കുന്നതും. ബെൻസിന്റെ നാഷനൽ സെയിൽസ് ഹെഡ് ആയിരുന്ന തോമസ് അലക്സ് ജോലി രാജിവച്ചാണ് ഡീലർഷിപ് ആരംഭിച്ചത്.

കമൽഹാസനെ കാണാൻ ചെന്നൈയിലേക്ക്

chef-pillai-kamal-hasan-07

എസ് ക്ലാസിലെ ആദ്യ ദീർഘയാത്ര കമൽഹാസന് നിർവാണ ഉണ്ടാക്കിക്കൊടുക്കാനായിരുന്നു. കൊച്ചിയിലെ റസ്റ്ററന്റിന്റെ ഉദ്ഘാടനത്തിന്റെ തിരക്കിൽ ഓടിക്കൊണ്ടിരിക്കുമ്പോഴാണ് നിർവാണയെപ്പറ്റി കേട്ടറിഞ്ഞ കമൽഹാസൻ, മലയാള മനോരമ ആഴ്ചപ്പതിപ്പിലെ റെസിപ്പി കണ്ടിട്ട് എന്റെ  സുഹൃത്ത് സുനിൽ വഴി ബന്ധപ്പെട്ട് പെട്ടെന്നു തന്നെ വരണമെന്ന് അവശ്യപ്പെടുകയായിരുന്നു. അദ്ദേഹത്തിന്റെ ആരാധകനും കേരളത്തിലെ കാര്യങ്ങളെല്ലാം നോക്കുന്നയാളുമാണ് സുനിൽ. ചെറിയൊരു വിരുന്നൊരുക്കാൻ ഉടൻ ചെന്നൈയിൽ എത്താമോ എന്നാണ് സുനിൽ ചോദിച്ചത്. കുറച്ചു ദിവസം സാവകാശം ചോദിച്ചെങ്കിലും നാളെത്തന്നെ എത്തണമെന്നതായിരുന്നു ആവശ്യം. കരിമീൻ നിർവാണയും മത്തി ഫ്രൈയുമായിരുന്നു അവർക്ക് വേണ്ടിയിരുന്നത്. ഉടൻ തന്നെ കരിമീനും മത്തിയും കൊച്ചിയിൽ നിന്ന് ചെന്നൈയിലേക്കു വിമാനത്തിൽ അയച്ചു.

ജീവിതത്തിലെ ഏറ്റവും അനുഗൃഹീതമായ നിമിഷങ്ങളായാണ് കമലഹാസന്റെ വിളിയെ കാണുന്നത്. എല്ലാ നടന്മാരെയും എനിക്ക് ഇഷ്ടമാണങ്കിലും കൊച്ചുന്നാൾ മുതലേ ആരാധിക്കുന്നതാണ് കമൽഹാസനെ. വളരെക്കാലമായുള്ള ആഗ്രഹമായിരുന്നു അദ്ദേഹത്തെ കാണണമെന്നത്. പാചകം ചെയ്തു കൊടുക്കണമെന്നത് സ്വപ്നത്തിൽ പോലുമില്ലായിരുന്നു എന്നതാണ് സത്യം. 

എസ് ക്ലാസ്സിലെ സുഖയാത്ര

chef-pillai-s-class-6

കൊച്ചിയിൽനിന്ന് കാറിൽ ഹൊസൂർ വഴിയാണ് ചെന്നൈയിലേക്ക് പോയത്. പാർട്നർ സനീഷായിരുന്നു സാരഥി. വഴിയിൽ വണ്ടിയും നമ്പരും കണ്ട് തിരിച്ചറിയുന്നവർ സെൽഫിയെടുത്താണ് യാത്രയാക്കിയത്. തലശ്ശേരിയിൽ നേരത്തേ നിശ്ചയിച്ച ഒരു പരിപാടിയിൽ പങ്കെടുക്കേണ്ടതിനാൽ ആദ്യം തലശ്ശേരിക്ക് വിട്ടു. വൈകിട്ട് ഇരിട്ടി വഴി മാക്കൂട്ട ചെക്‌പോസ്റ്റ് കടന്നായിരുന്നു യാത്ര. ഗോണിക്കൊപ്പ വഴി പശ്ചിമഘട്ടത്തിലെ സായാഹ്നക്കാഴ്ചകളൊക്കെ കണ്ട് മൈസൂരു വഴി ഹൊസൂരെത്തി രാത്രി സ്‌റ്റേ ചെയ്തു. 

chef-pillai-kamal-hasan-06

ഹൊസൂരിൽ നിന്ന് രാവിലെ പുറപ്പെട്ട് വിശാലവും മനോഹരവുമായ ബെംഗളൂരു – ചെന്നൈ ഹൈവേയിലൂടെ കൃഷ്ണ ഗിരി വഴി ഉച്ചയോടെ ചെൈന്നയിലെത്തി. എണ്ണൂറോളം കിലോമീറ്റർ പിന്നിട്ട യാത്രയിൽ ക്ഷീണം ഒട്ടും അറിഞ്ഞില്ല. മുൻസീറ്റിലും പിന്നിലും ഇരുന്ന് യാത്രയുടെ സുഖം അറിഞ്ഞു. ഒരുപാട് ദീർഘയാത്രകൾ ചെയ്തെങ്കിലും വീട്ടിലെ സ്വീകരണമുറിയിൽ സോഫയിൽ ഇരിക്കുന്നതു പോലുള്ള ഫീലായിരുന്നു ആ യാത്രയിൽ തോന്നിയത്. 

രാജ്കമൽ സ്റ്റുഡിയോയിലെ പാചകം

ഞാനവിടെ എത്തി ലിഫ്റ്റിനു മുന്നിൽ നിൽക്കുമ്പോൾ കമൽഹാസൻ ലിഫ്റ്റ് തുറന്ന് മുന്നിൽ വന്നിറങ്ങുന്നു. ഞാനുടൻ തന്നെ അദ്ദേഹത്തെ സുരേഷ് പിള്ളയാണ് എന്നു പരിചയപ്പെടുത്തി. ഉടനെ അറിയാം ഷെഫല്ലേ എന്നു പറഞ്ഞദ്ദേഹം സ്വാഗതം ചെയ്തു. രാജ്കമൽ സ്റ്റുഡിയോയിൽ ഒരുക്കിയ വിരുന്നിനായി മുകൾ നിലയിൽ പാചകം ചെയ്യാനായി സംവിധാനമൊരുക്കി. കോതമംഗലത്ത് ഈറ്റ സിനിമയുടെ ഷൂട്ടിങ് സമയത്ത് കൂട്ടനാട്ടിൽ പോയി കരിമീൻ കഴിച്ച രുചിയോർമ്മകളുമായി അദ്ദേഹവും നിർവാണ ഉണ്ടാക്കുന്നതിനൊപ്പം കൂടി. 

കരിമീൻ നിർവാണയുടെ വെളിച്ചെണ്ണയും കറിവേപ്പിലയും കുരുമുളകും വാട്ടിയ വാഴയിലയുടെ മണവും എല്ലാം കൂടിയായപ്പോൾ കേരളത്തിലേക്ക് തിരിച്ചുപോയ ഫീലാണ് ഉണ്ടായത് എന്നദ്ദേഹം പറഞ്ഞു. ഷെൽ ഫിഷ് അലർജിയുള്ളതു കൊണ്ട് കരിമീനും മത്തിയുമാണ് അദ്ദേഹത്തിന്റെ പ്രിയ മത്സ്യങ്ങൾ. ഒരുപാട് അതിവിശ്ഷ്ട വ്യക്തികൾക്ക് ഭക്ഷണം ഒരുക്കിയിട്ടുണ്ടങ്കിലും ഇതെനിക്ക് അപ്രതീക്ഷവും അത്ഭുതപ്പെടുത്തുന്നതുമായിരുന്നു. അദ്ദേഹത്തിന്റെ രുചിയറിവുകളും മീൻ ഒരുക്കുന്നതിന്റെ വഴക്കവും എല്ലാം എന്നെ വിസ്മയിപ്പിച്ചു. 

chef-pillai-s-class-8

അദ്ദേഹത്തോടൊപ്പം ചെലവഴിച്ച ആറു മണിക്കുർ അവിസ്മരണീയമായിരുന്നു. ലൈവ് പാചക സെഷനായിരുന്നു അവിടെ സംഘടിപ്പിച്ചത്. ഡ്രൈവിങ് പഠനം ഒരിക്കലും ഒരു കാർ വാങ്ങുന്നതിനെക്കുറിച്ച് ആഗ്രഹിക്കുകയോ ചിന്തിക്കുകയോ ചെയ്യാതെയാണ് ഡ്രൈവിങ് പഠിച്ചത്. അതും മാസങ്ങൾക്കു  മുൻപ് ബെംഗളൂരു വൈറ്റ് ഫീൽഡിൽ റസ്റ്ററന്റ് തുടങ്ങിയ ശേഷം. ലോകത്ത് എണ്ണായിരത്തോളം ഹോട്ടലുകളുള്ള മറിയറ്റ് ഗ്രൂപ്പ് ആദ്യമായാണ് ഒരു ഇന്ത്യൻ ഷെഫിന്റെ റസ്റ്ററന്റിന് അവർക്കൊപ്പം ഇടം കൊടുക്കുന്നത്. ഷെഫിന്റെ കൂടെ ഇനി വിജയപടവുകളിൽ എസ് ക്ലാസ് കൂടെയുണ്ടാകും. 

"വാഹനങ്ങൾ ചീറിപ്പായുന്ന 6 വരി ദേശീയ പാതയിലോ കൊച്ചിയിലെ ഗതാഗതക്കുരുക്കിലോ ഒരു കറുത്ത എസ് ക്ലാസ് പതിയെ പോകുന്നത് നിങ്ങൾക്കൊരു തടസ്സമായാൽ നിർത്താതെ ഹോണടിച്ച് പേടിപ്പിക്കരുതേ" അകത്തൊരു തുടക്കക്കാരനാണുള്ളത്. ചെറുചിരിയോടെ ഷെഫ് പറഞ്ഞുനിർത്തി. 

English Summary: Chef Suresh Pillai First Long Drive In Benz

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com