മനസ്സിലെ കൃഷി ടെറസിൽ പന്തലിച്ചു; വിളവ്, 6 മാസത്തേക്കുള്ള പച്ചക്കറി
Mail This Article
അബുദാബി∙ മട്ടുപ്പാവിൽ ഹരിതവിപ്ലവം തീർത്ത് മലയാളി കുടുംബം. കോഴിക്കോട് കക്കട്ടിൽ സ്വദേശി യാസിർ–ലെമിന ദമ്പതികളാണ് ടെറസിൽ പൊന്നുവിളയിക്കുന്നത്.
15 വർഷമായി അബുദാബിയിൽ ഇലക്ട്രിക്കൽ എൻജിനീയറായ യാസിറിന്റെയും കുടുംബത്തിന്റെയും ഒഴിവു വിനോദമാണ് ടെറസിനെ പച്ചപ്പണിയിച്ചത്. മണ്ണിനെ പ്രണയിച്ച് വിത്തിട്ട് പരിപാലിച്ചപ്പോൾ തിരിച്ചു നൽകിയത് വൻവിളവ്. 6 മാസത്തേക്കു വീട്ടാവശ്യത്തിനുള്ള പച്ചക്കറികൾ സുലഭം.
മുഹമ്മദ് ബിൻ സായിദ് സിറ്റി (എംബിസെഡ്) സോൺ 20ലെ വില്ലയിലാണ് (റൂഫ് ഗാർഡൻ) ജൈവകൃഷി പടർന്നു പന്തലിച്ചത്. പച്ചക്കറി മാത്രമല്ല ഫലവൃക്ഷങ്ങളും പൂക്കളും ഔഷധച്ചെടികളുമെല്ലാമുണ്ട്. വളർത്തുപക്ഷികളും അലങ്കാര മത്സ്യങ്ങളും ഈ സമ്മിശ്ര തോട്ടത്തെ സവിശേഷമാക്കുന്നു. മനസ്സിലെ കൃഷി പടർന്നു പന്തലിക്കാൻ അനുയോജ്യമായ ഈ സ്ഥലം കണ്ടെത്തിയത് ഒരു വർഷം മുൻപ്.
മുൻപത്തെ താമസ സ്ഥലത്തെ ബാൽക്കണിയിലും കൃഷി ചെയ്തെങ്കിലും പരിമിതി മൂലം വിശാലമായ ടെറസ് കൂടിയുള്ള ഈ താമസ സ്ഥലം കണ്ടെത്തുകയായിരുന്നു യാസർ.
ഉപയോഗശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് പാത്രങ്ങളും ഉപയോഗപ്പെടുത്തിയത് ഈ കൃഷിത്തോട്ടത്തെ പരിസ്ഥിതി സൗഹൃദമാക്കി. മത്തൻ, വെള്ളരി, കുമ്പളം, പാവയ്ക്ക, പടവലം, വെണ്ട, വഴുതന, പയർ, കോവക്ക, ബീൻസ്, ചുരക്ക, തക്കാളി, പച്ചമുളക്, കൂർക്ക, ചീര, കറിവേപ്പില എന്നീ പച്ചക്കറികളും ശമാം, അനാർ, ഓറഞ്ച്, വാഴ എന്നീ പഴ വർഗങ്ങളും ഈ ടെറസ്സിൽ സുലഭമാണ്.
ചെണ്ടുമല്ലി, വാടാർമുല്ല മുതൽ താമര വരെയുണ്ട്. തുളസി, ശംഖ് പുഷ്പം, കറ്റാർ വാഴ തുടങ്ങി ഔഷധ സസ്യങ്ങളും.
അകലെനിന്നുനോക്കിയാൽ ടെറസാണെന്നുതോന്നാത്തവിധം പൂക്കളും ചെടികളും ഫലവൃക്ഷങ്ങളുമെല്ലാമായി നിറഞ്ഞു. ഓഗസ്റ്റിൽ ആരംഭിച്ച കൃഷിയിൽനിന്ന് ഒക്ടോബർ അവസാനത്തോടെ വിളവെടുപ്പ് തുടങ്ങി. വീട്ടാവശ്യത്തിനുള്ള മുഴുവൻ പച്ചക്കറികളും സ്വന്തമായി കൃഷി ചെയ്തെടുക്കുന്നു. സുഹൃത്തുക്കൾക്ക് ഇവർ നൽകുന്ന സ്നേഹ സമ്മാനവും ഇതുതന്നെ.
മക്കളായ സഫ്ദിൽ, ഇഫ്റ്റി, സന്ന എന്നിവരുടെയും കൃഷിപാഠം സ്വന്തം കൃഷിയിടത്തിൽതന്നെ. സാമൂഹിക സാംസ്കാരിക മേഖലയിൽ സജീവമായ യാസിർ അറഫാത്തിന് യുഎഇ ഗോൾഡൻ വീസയും ലഭിച്ചിട്ടുണ്ട്.