സ്വദേശിവൽക്കരണത്തട്ടിപ്പ്: നടപടി കടുപ്പിച്ച് യുഎഇ
Mail This Article
അബുദാബി/ദുബായ്∙ വ്യാജ സ്വദേശിവൽക്കരണം നടത്തിയ സ്ഥാപനങ്ങൾക്കെതിരെ നടപടി കടുപ്പിച്ച് യുഎഇ. തെറ്റായ റിപ്പോർട്ട് നൽകി മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തെ കബളിപ്പിച്ച സ്വകാര്യ കമ്പനിക്ക് ദുബായ് കോടതി ഒരു ലക്ഷം ദിർഹം പിഴ ചുമത്തി. ദുബായിൽ റജിസ്റ്റർ ചെയ്യുന്ന രണ്ടാമത്തെ വ്യാജ സ്വദേശിവൽക്കരണ കേസാണിതെന്ന് പബ്ലിക് പ്രോസിക്യൂഷൻ വെളിപ്പെടുത്തി. നിയമ ലംഘനത്തിൽ ഉൾപ്പെട്ട കമ്പനിയിലെ തൊഴിലാളികളുടെ എണ്ണത്തിന് അനുസൃതമായി കൂടുതൽ പിഴ ചുമത്തുമെന്നും പറഞ്ഞു. യുഎഇയുടെ സ്വദേശിവൽക്കരണ പദ്ധതിയായ നാഫിസ് നടപ്പാക്കുന്നതിൽ വീഴ്ച വരുത്തുന്ന കമ്പനികളുടെ നടപടി വച്ചുപൊറുപ്പിക്കില്ലെന്ന് അഡ്വക്കറ്റ് ജനറലും നാച്ചുറലൈസേഷൻ ആൻഡ് റസിഡൻസി പ്രോസിക്യൂഷൻ മേധാവിയുമായ ഡോ. അലി ഹുമൈദ് ബിൻ ഖാതിം പറഞ്ഞു.
∙ എന്താണ് നാഫിസ്
സ്വകാര്യമേഖലാ സ്ഥാപനങ്ങളിൽ യുഎഇ നടപ്പാക്കിവരുന്ന സ്വദേശിവൽക്കരണ പദ്ധതിയാണ് ഇമാറാത്തി ടാലന്റ് കോംപറ്റിറ്റീവ്നസ് കൗൺസിൽ പ്രോഗ്രാം (നാഫിസ്). ആദ്യഘട്ട പദ്ധതിപ്രകാരം അൻപതോ അതിൽ കൂടുതലോ ജീവനക്കാരുള്ള കമ്പനികൾ വർഷത്തിൽ 2% സ്വദേശിവൽക്കരണം നടപ്പാക്കണമെന്നാണ് നിയമം. 2022ൽ ആരംഭിച്ച പദ്ധതി അനുസരിച്ച് വർഷത്തിൽ 2% വീതമാണ് സ്വദേശികളെ നിയമിക്കേണ്ടത്. 2026നകം 10% സ്വദേശിവൽക്കരണമാണ് ലക്ഷ്യമാക്കുന്നത്.
∙ ജനുവരിയിൽ ആരംഭിച്ച രണ്ടാംഘട്ടം
സ്വദേശിവൽക്കരണ പദ്ധതി അനുസരിച്ച് 20 മുതൽ 49 വരെ ജീവനക്കാരുള്ള കമ്പനികളിൽ 2024, 2025 വർഷങ്ങളിൽ ഒരു സ്വദേശിയെ വീതം നിയമിക്കണം. ഐ.ടി, റിയൽ എസ്റ്റേറ്റ്, വിദ്യാഭ്യാസം, നിർമാണം, ആരോഗ്യ സംരക്ഷണം എന്നിവ ഉൾപ്പെടെ 14 മേഖലകളിലെ 68 പ്രഫഷണൽ, സാങ്കേതിക തസ്തികകളിലാണ് സ്വദേശിവൽക്കരണം നടപ്പാക്കേണ്ടത്.
∙ ഒഴിവ് നാഫിസ് പോർട്ടലിൽ
കമ്പനികളിലെ ജോലി സാധ്യതകൾ നാഫിസ് പോർട്ടലിൽ (www.nafis.gov.ae) രേഖപ്പെടുത്തി സ്വദേശികൾക്ക് അവസരം നൽകാനാണ് നിർദേശം. ഓരോ ജോലിക്കും ആവശ്യമായ പരിശീലനം നൽകി പൗരന്മാരെ ലഭ്യമാക്കും. സ്വദേശി ജോലിക്കാരെ കണ്ടെത്താൻ പ്രയാസമുള്ള കമ്പനികൾക്ക് നാഫിസ് പ്ലാറ്റ് ഫോമിന്റെ സഹായം തേടാവുന്നതാണ്.
∙ നിയമലംഘകർക്ക് പിഴ
നിയമം പാലിക്കാത്ത കമ്പനിക്ക് ആളൊന്നിന് മാസത്തിൽ 7000 ദിർഹം വീതം വർഷത്തിൽ 84,000 ദിർഹം പിഴ ഈടാക്കും. 6 മാസത്തിലൊരിക്കൽ 42,000 ദിർഹം ഒന്നിച്ച് അടയ്ക്കാം.
∙ കമ്പനികൾക്ക് കൈനിറയെ ആനുകൂല്യം
നിശ്ചിത ശതമാനത്തെക്കാൾ കൂടുതൽ സ്വദേശികളെ നിയമിക്കുന്ന കമ്പനികളെ എമിററ്റൈസേഷൻ പാർട്ണേഴ്സ് ക്ലബിൽ ചേർത്ത് സർക്കാർ ഫീസിൽ 80% ഇളവ്, കമ്പനികളുടെ പട്ടികയിൽ മികച്ച ഗ്രേഡിലേക്ക് ഉയർത്തുക, സർക്കാർ ടെൻഡറിൽ മുൻഗണന തുടങ്ങി ഒട്ടേറെ ആനുകൂല്യങ്ങൾ നൽകിവരുന്നു.