36 വർഷത്തെ പ്രവാസജീവിതം; മലയാളിക്ക് സ്വന്തം നാട്ടിലേക്ക് അന്ത്യയാത്ര
Mail This Article
തായിഫ് ∙ മൂന്നര പതിറ്റാണ്ടിലേറെ തായിഫിൽ ജീവിച്ച പ്രവാസി മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു. കഴിഞ്ഞമാസം 29 നായിരുന്നു തായിഫിലെ അൽ കുർമയിൽ വെച്ച് തിരുവല്ല സ്വദേശി, കവിയൂർ കല്ലുപറമ്പിൽ വീട്ടിൽ ചെല്ലപ്പൻനായരുടെ മകൻ സന്തോഷ് കുമാർ (58) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.
36 വർഷമായി അൽ കുർമയിൽ എസി മെക്കാനിക്കായി ജോലി ചെയ്തു വരികയായിരുന്നു സന്തോഷ്. ഇടയ്ക്ക് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയിരുന്നുവെങ്കിലും ഏറെ താമസിയാതെ പുതിയ വീസയിൽ മടങ്ങി വന്ന് വീണ്ടും പ്രവാസ ജീവിതം തുടരുകയായിരുന്നു. അമ്മ: കമല. ഭാര്യ: ശ്രീലത.
ജിദ്ദ നവോദയ കേന്ദ്ര ജീവകാരുണ്യ കമ്മിറ്റി ജോയിന്റ് കൺവീനർന്മാരായ പന്തളം ഷാജി, സുരേഷ് പടിയം തുടങ്ങിയവർ ജിദ്ദ ഇന്ത്യൻ കോൺസുലറ്റുമായും എംബാമിങ് സെന്ററുമായും ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കി നൽകി. ജിദ്ദ നവോദയ ഭാരവാഹികളായ ഷിജു പനുവേലിനോപ്പം മുഹമ്മദ് റിയാസ്, ശ്രീജിത്ത് കണ്ണൂർ, യൂസിഫ് എംപി, തൻസീർ സൈനുദ്ധീൻ, അജിത് കൃഷ്ണൻ നഗർകോവിൽ തുടങ്ങിയവർ നടപടികൾ പൂർത്തിയാക്കാൻ സജീവമായി രംഗത്തുണ്ടായിരുന്നു. ജിദ്ദ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും കയറ്റി അയച്ച മൃതദേഹം ബുധനാഴ്ച ഉച്ചയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബന്ധുക്കൾ ഏറ്റുവാങ്ങും. സംസ്കാരം നാട്ടിൽ.