ചൂട് കുറയാൻ രണ്ടാഴ്ച കാത്തിരിക്കണം; യുഎഇയിൽ മൂടൽമഞ്ഞ്, മഴ മുന്നറിയിപ്പ്
Mail This Article
അബുദാബി ∙ തണുപ്പുകാലത്തേക്ക് കടക്കുന്ന യുഎഇയിൽ ഒക്ടോബർ ഒന്നുവരെ മൂടൽമഞ്ഞിനും ചിലയിടങ്ങളിൽ മഴയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചൊവ്വാഴ്ച വരെ ആകാശം മേഘാവൃതമായിരിക്കും.
ഫുജൈറ, റാസൽഖൈമ, ദുബായ്, അൽഐൻ എന്നിവിടങ്ങളിൽ മഴയ്ക്കു സാധ്യതയുണ്ട്. പുലർച്ചെ മുതൽ രാവിലെ 9 വരെയാണ് മഞ്ഞുവീഴ്ച ഉണ്ടാകുക. മൂടൽമഞ്ഞു സമയങ്ങളിൽ ദൂരക്കാഴ്ച 1000 മീറ്ററിൽ താഴെയാകുമെന്നും വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. ലക്ഷ്യസ്ഥാനത്ത് എത്താൻ പതിവിലും കൂടുതൽ സമയം എടുക്കും. അത് മുന്നിൽ കണ്ട് നേരത്തെ ഇറങ്ങണം.
ഇതേസമയം യുഎഇയിൽ ചൂട് കുറവുണ്ടാകാൻ 2 ആഴ്ച കൂടി കാത്തിരിക്കേണ്ടിവരും. അതുവരെ ശരാശരി താപനില 30-40 ഡിഗ്രി തുടരും. മഞ്ഞുള്ളപ്പോൾ ലോ ബീം ലൈറ്റിടാതെ (ഫോഗ് ലൈറ്റ്) വാഹനമോടിക്കുന്നവർക്ക് 500 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ. ഗതാഗത നിയമം പാലിക്കാതെ വാഹനമോടിക്കുന്ന ട്രക്ക്, തൊഴിലാളി ബസ് ഡ്രൈവർമാർക്ക് 1000 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്റും ശിക്ഷ ലഭിക്കും