വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോകാതെ സൈക്കിള്‍ ചേർത്ത് പിടിച്ച് ഒമാനി ബാലൻ; വിഡിയോ വൈറൽ
Mail This Article
ദുബായ് ∙ ശക്തമായ ഒഴുക്കിൽ സൈക്കിൾ ഒഴുകിപ്പോകാതെ പിടിച്ച ഒമാനി ബാലന്റെ വിഡിയോ വൈറലായി. തന്റെ സൈക്കിൾ ഒഴുകിപോകാതിരിക്കാനുള്ള ശ്രമം വൈറലായതിനെത്തുടർന്ന് പ്രദേശത്തെ ഹീറോയായി മാറിയിരിക്കുകയാണ് ബാലൻ. പത്ത് വയസ്സിൽ താഴെ പ്രായമുള്ള കുട്ടിയുടെ വിഡിയോ ആണ് വൈറലായത്. നിസ്‌വ ഗവർണറേറ്റിലെ റോഡില്‍ വെള്ളം കുത്തിഒലിക്കുമ്പോൾ തന്റെ സൈക്കിൾ ചേർത്ത് പിടിച്ച്, ഒഴുകിപോകാതിരിക്കാൻ ശ്രമിക്കുകയാണ് കുട്ടി.
പരമ്പരാഗത ഒമാനി വസ്ത്രം ധരിച്ച ബാലൻ ശക്തമായ ഒഴുക്കിനെതിരെ ഉറച്ചുനിന്നു. ഇതിനിടെ അതുവഴി വന്ന കാറിന്റെ ഡ്രൈവർ കുട്ടിയുടെ പോരാട്ടം കണ്ട് വാഹനം നിർത്തി. കുട്ടിയെ സഹായിക്കുകയും സൈക്കിള്‍ സുരക്ഷിതമായി വലിച്ചെടുക്കുകയും ചെയ്തു. തുടർന്ന് കുട്ടിയെ അപകടത്തിൽ നിന്ന് രക്ഷപ്പെടുത്തി.
ഈ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഒമാനി വ്ലോഗർമാരും പ്രാദേശിക വാർത്താ ഏജൻസികളും കുട്ടിയുടെ ധൈര്യത്തെ പ്രശംസിച്ചു. ധീരതയുടെയും ദൃഢനിശ്ചയത്തിന്റെയും പ്രതീകമായി സോഷ്യൽ മീഡിയ ബാലനെ വാഴ്ത്തി. എന്നിരുന്നാലും സംഭവം വിമർശനത്തിനും കാരണമായി. കനത്ത മഴയിൽ വെള്ളപ്പൊക്കമുണ്ടായ റോഡ് മുറിച്ചുകടക്കാൻ കുട്ടിയെ എന്തിന് അനുവദിച്ചു എന്ന ചോദ്യവും ഉയർന്നു.
മൂന്ന് ദിവസത്തെ തുടർച്ചയായ മഴയിൽ ഒമാന്റെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കവും നിരവധി റോഡുകളിൽ ഗാതാഗത തടസ്സവും ഉണ്ടായി.