കുവൈത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ 39,170 ട്രാഫിക് ലംഘനങ്ങള്‍
Mail This Article
കുവൈത്ത്‌സിറ്റി ∙ നവംബര്‍ 9 മുതല്‍ 15 വരെയുള്ള ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് (ജിടിഡി) പ്രതിവാര റിപ്പോര്‍ട്ട് പുറത്തിറക്കി. പ്രസ്തുത കാലയളവില്‍, ട്രാഫിക് നിയമത്തിലെ എക്‌സിക്യൂട്ടീവ് റെഗുലേഷനുകളുടെ ആര്‍ട്ടിക്കിള്‍ 207 ലംഘിച്ചതിന് ട്രാഫിക് പട്രോളിങ് 39,170 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി. 105 വാഹനങ്ങളും 55 മോട്ടോര്‍സൈക്കിളുകളും പിടിച്ചെടുത്തിട്ടുണ്ട്. കൂടാതെ, വിവിധ കേസുകളുമായി ബന്ധപ്പെട്ട് 48 വാഹനങ്ങള്‍ അധികൃതര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ലഹരി കൈവശമുള്ളതായ് സംശയിച്ച് നാല് പേരെ ബന്ധപ്പെട്ട വകുപ്പ് അധികാരികളിലേക്ക് റഫര്‍ ചെയ്തു. കഴിഞ്ഞ വാരം 1,589 അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. അപകടങ്ങളില്‍ 195 പേര്‍ക്ക് പരുക്കേറ്റിട്ടുള്ളതായും അധികൃതര്‍ വ്യക്തമാക്കി.
സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍, വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കല്‍ മുതലായ ഗതാഗത നിയമലംഘനങ്ങള്‍ നിരീക്ഷിക്കുന്നതിനു രാജ്യത്തുടനീളം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന 252 ക്യാമറകള്‍ സ്ഥാപിച്ച് വരുകയാണെന്ന് ട്രാഫിക് ബോധവല്‍ക്കരണ വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ ലഫ്റ്റനന്റ് കേണല്‍ അബ്ദുല്ല ബു ഹസ്സന്‍.
പുതിയ ക്യാമറകള്‍ അമിത വേഗത പിടികൂടുന്നതിനെപ്പം, രണ്ട് ക്യാമറ പോയിന്റുകള്‍ക്കിടയിലുള്ള യാത്രയിലെ സമയവും നിരീക്ഷിക്കും. അതായത്, ഒരു ക്യാമറയില്‍ നിന്ന് മറ്റെരു ക്യാമറ വരെയുള്ള സമയത്ത് വേഗത കൂട്ടി, അടുത്ത ക്യാമറയുടെ അടുത്ത് എത്തുമ്പോള്‍ വേഗത കുറച്ച് കടന്ന് പോകുന്നവ കണ്ടെത്തും. ഇവരെ പിടികൂടാന്‍ ഇരു ക്യാമറയുടെ ഇടയിലുള്ള സമയം വിലയിരുത്തി അമിത വേഗതക്കാര്‍ക്ക് 'പിഴ' ചുമത്തും. വാഹനം ഓടിക്കുമ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ മുന്‍ സീറ്റില്‍ ഇരുത്തിയാല്‍ പുതിയ ട്രാഫിക് നിയമ പ്രകാരം 50 ദിനാറായിരിക്കും പിഴയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.