റെക്കോർഡിട്ട് ഇത്തിഹാദ്; അറ്റാദായത്തിൽ 21% വളർച്ച
Mail This Article
അബുദാബി ∙ ലാഭത്തിൽ റെക്കോർഡിട്ട് ഇത്തിഹാദ് എയർവേയ്സ്. ഇക്കൊല്ലം ആദ്യ 9 മാസക്കാലം 140 കോടി ദിർഹത്തിന്റെ അറ്റാദായമാണ് നേടിയത്– 21% വളർച്ച. നികുതിക്കു മുൻപുള്ള കണക്കാണിത്.
വിമാന സർവീസുകളുടെ കൃത്യതയും മികച്ച ഉപഭോക്തൃ സേവനവുമാണ് കാരണം. ലാഭകരമായ സെക്ടറുകളിലേക്ക് വിമാന സർവീസ് വ്യാപിപ്പിച്ചതും നേട്ടമായി. ഇക്കൊല്ലം ആദ്യ 9 മാസത്തിനിടെ 1.4 കോടി യാത്രക്കാർ ഇത്തിഹാദ് സേവനം ഉപയോഗിച്ചു– 35% വർധന. പ്രതിമാസം ശരാശരി 87% യാത്രക്കാരുണ്ടായിരുന്നു. 2023ൽ ഇത് 86% ആയിരുന്നു.
ചരക്കുനീക്കത്തിലും കാര്യമായ വർധനയുണ്ട്. കാർഗോ വരുമാനം 300 കോടി ദിർഹമായി, വർധന 21%. പ്രവർത്തന ചെലവ് 8% കുറയ്ക്കാനും സാധിച്ചു. മെച്ചപ്പെട്ട സേവനവും സൗകര്യപ്രദമായ വിമാന സമയവും ഉപഭോക്തൃ സന്തോഷ സൂചിക മെച്ചപ്പെട്ടതും യാത്രക്കാരെ ആകർഷിച്ചതായി ഇത്തിഹാദ് ഏവിയേഷൻ ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ അന്റോനോഡൊ നെവ്സ് പറഞ്ഞു.