ബയോമെട്രിക് നടപടിക്രമങ്ങൾ പൂർത്തിയാക്കാത്ത വിദേശികൾക്ക് യാത്രാ വിലക്ക് ഏർപ്പെടുത്താൻ കുവൈത്ത്

Mail This Article
കുവൈത്ത് സിറ്റി ∙ ബയോമെട്രിക് വിരലടയാള പ്രക്രിയ പൂർത്തിയാക്കാത്ത വിദേശികൾക്ക് യാത്ര ചെയ്യുന്നതിൽ നിന്ന് വിലക്ക് ഏർപ്പെടുത്താൻ ആഭ്യന്തര മന്ത്രാലയം നീക്കം തുടങ്ങി. സർക്കാർ, ബാങ്കിങ് ഇടപാടുകളിലും നിയന്ത്രണങ്ങൾ നേരിടേണ്ടിവരും. ബയോമെട്രിക് വിരലടയാളം പൂർത്തിയാകുന്നതുവരെ ഈ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ തുടരും.
സ്വദേശികളും വിദേശികളും ഉൾപ്പെടെ 35 ലക്ഷത്തിലധികം പേർ ഇതിനകം ബയോമെട്രിക് വിരലടയാള പ്രക്രിയ പൂർത്തിയാക്കായിയെന്ന് ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ക്രിമിനൽ എവിഡൻസിലെ ഫസ്റ്റ് ലെഫ്റ്റനന്‍റ് തലാൽ അൽ ഖാലിദി ഒരു റേഡിയോ അഭിമുഖത്തിൽ വെളിപ്പെടുത്തി.
സ്വദേശികളായ 9,72,253 പേരിൽ 956,000 പേർ നടപടിക്രമങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. വിദേശികളിൽ 2,685,000 പേരിൽ 2,504,000 പേർ ബയോമെട്രിക് എടുത്തു. 181,000 പേർ ഇതുവരെ വിരലടയാളം പൂർത്തിയാക്കിയിട്ടില്ല. കൂടാതെ, രാജ്യത്തുള്ള പൗരത്വരഹിതർ (ബഡൂനുകൾ) വിഭാഗത്തിലുള്ള 148,000 പേരിൽ 66,000 പേർ മാത്രമാണ് ഈ പ്രക്രിയയ്ക്ക് വിധേയമായിരിക്കുന്നത്. 82,000 പേർ ഇപ്പോഴും ബയോമെട്രിക് നടപടി ക്രമങ്ങൾ പൂർത്തിയാക്കാനുണ്ട് .
നിലവിൽ, പ്രതിദിനം 10,000 അപ്പോയിന്‍റ്മെന്‍റുകൾ വരെ കൈകാര്യം ചെയ്യാൻ കഴിവുള്ള എട്ട് കേന്ദ്രങ്ങളാണ് ക്രിമിനൽ എവിഡൻസ് ജനറൽ ഡിപ്പാർട്ട്മെന്‍റിന്‍റെ വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്നത്. കഴിഞ്ഞ മാസം 31നാണ് വിദേശികൾക്ക് മന്ത്രാലയം അനുവദിച്ചിരുന്ന സമയം അവസാനിച്ചത്.