രാജ്യാന്തര സന്ദർശകരുടെ ഒഴുക്ക് തുടരുന്നു; ആവശ്യങ്ങൾ നിറവേറ്റാൻ ദുബായ് സജ്ജമാണ്

Mail This Article
ദുബായ് ∙ ദുബായിലേക്ക് രാജ്യാന്തര സന്ദർശകരുടെ ഒഴുക്ക് തുടരുന്നു. 2024ൽ ദുബായിലെത്തിയത് 1.87 കോടി സന്ദർശകർ. 2023നെക്കാൾ 9% വർധനയെന്ന് ദുബായ് സാമ്പത്തിക ടൂറിസം വിഭാഗം അറിയിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാഴ്ചപ്പാടാണ് ടൂറിസം വളർച്ചയിൽ പ്രതിഫലിക്കുന്നതെന്ന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.
ദുബായ് സാമ്പത്തിക അജൻഡ (ഡി33) പ്രകാരം വിനോദത്തിനും ജീവിക്കാനും ജോലി ചെയ്യാനും ബിസിനസിനും അനുയോജ്യമായ ആഗോള കേന്ദ്രമാക്കി ദുബായിയെ മാറ്റുകയാണ് ലക്ഷ്യമെന്നും പറഞ്ഞു. തന്ത്രപരമായ നവീകരണം, അടിസ്ഥാന സൗകര്യ വികസനം, വിദഗ്ധരെ ആകർഷിക്കൽ, വിപണി വൈവിധ്യവൽക്കരണം എന്നിവയിലൂടെ ദുബായിയുടെ മത്സരക്ഷമത വർധിപ്പിക്കാനും കൂടുതൽ രാജ്യാന്തര സന്ദർശകരെ ആകർഷിക്കാനും സാമ്പത്തിക വളർച്ചയുടെ പ്രധാന ചാലകശക്തിയായി ടൂറിസത്തിന്റെ പങ്ക് വർധിപ്പിക്കാനുമുള്ള ശ്രമം തുടരുമെന്നും ഷെയ്ഖ് ഹംദാൻ പറഞ്ഞു. ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ള സഞ്ചാരികളാണ് ദുബായിൽ കൂടുതലായി (24%) എത്തിയത്.
ആഫ്രിക്ക (20%), കിഴക്കൻ യൂറോപ്പ് (16%), പടിഞ്ഞാറൻ യൂറോപ്പ് (14%) എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിൽനിന്നുള്ള സന്ദർശകരുടെ ഒഴുക്കിലുണ്ടായ വർധനയെന്ന് ദുബായ് ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസം (ഡിഇടി) ഡയറക്ടർ ജനറൽ ഹിലാൽ സഈദ് അൽമർറി പറഞ്ഞു. ആഗോള കണക്റ്റിവിറ്റി, മികച്ച ബിസിനസ്സ് സൗഹൃദ അന്തരീക്ഷം, ലോകോത്തര അടിസ്ഥാന സൗകര്യ വികസനം, ലോകം ഉറ്റുനോക്കുന്ന പുതിയ പദ്ധതികൾ എന്നിവയെല്ലാം ദുബായുടെ അനുകൂല ഘടകങ്ങളാണ്. ദുബായിലെ 832 സ്ഥാപനങ്ങളിലായി മൊത്തം 1,54,016 ഹോട്ടൽ മുറികളുണ്ട്. വർധിച്ച ആവശ്യം നിറവേറ്റാൻ ദുബായ് സജ്ജമാണ്. ലോകത്തിലെ ഏറ്റവും മികച്ച 50 ഹോട്ടലുകളുടെ പട്ടികയിൽ ദുബായിലെ ഏതാനും ഹോട്ടലുകളും ഉൾപ്പെടും. ശരാശരി ഹോട്ടൽ ഒക്യുപൻസി 78.2 ശതമാനമായി ഉയർന്നതായും ചൂണ്ടിക്കാട്ടി.