റൈഡുകൾ, സംഗീത ഷോകൾ, സാഹസികത; സന്ദർശകരെ ആകർഷിച്ച് അൽ ഐനിലെ ഡാസ് ഫെസ്റ്റിവൽ

Mail This Article
അൽഐൻ ∙ പ്രകൃതിയുടെ മനോഹാരിതയിൽ സാഹസികതയും വിനോദവും വിജ്ഞാനവും സമ്മേളിക്കുന്ന ഡാസ് ഫെസ്റ്റിവലിലേക്ക് ജനപ്രവാഹം. അൽഐൻ ജാഹിലി പാർക്കിൽ ഒരാഴ്ചയായി നടന്നുവരുന്ന ഉത്സവം 23ന് സമാപിക്കും.
വാരാന്ത്യങ്ങളിൽ കൂടുതൽ സന്ദർശകർ എത്തുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടൽ . എല്ലാ പ്രായക്കാർക്കും ആസ്വദിക്കാവുന്ന തരത്തിലാണ് പരിപാടി. വിവിധ ഇനം റൈഡുകളും ഭക്ഷണ സ്റ്റാളുകളും സംഗീത, നൃത്ത പരിപാടികളും കായികവിനോദങ്ങളുമാണ് ഉത്സവത്തിന്റെ ആകർഷണം.
10 മീറ്റർ ഉയരത്തുനിന്ന് എയർബാഗിലേക്ക് ചാടാനും സിപ് ലൈനിലൂടെ പറക്കാനുമാണ് സന്ദർശകരുടെ തിരക്ക്. ചുമരുകളിൽ അള്ളിപ്പിടിച്ചു കയറാനും വന്യമൃഗങ്ങൾ വിഹരിക്കുന്ന കാട്ടിലൂടെ സാഹസിക യാത്ര ചെയ്യാനും മലമ്പാമ്പിനെ തൊട്ടുതലോടാനും ആട്, ആമ, മുയൽ, പൂച്ച, നായക്കുട്ടികൾ, കുതിര, ഒട്ടകം തുടങ്ങി അരുമ മൃഗങ്ങൾക്ക് തീറ്റ കൊടുക്കാനും കുട്ടികളാണ് മത്സരിക്കുന്നത്.

ഫുട്ബോൾ, ബാസ്കറ്റ് ബോൾ, വോളി ബോൾ, ബാഡ്മിന്റൺ തുടങ്ങി കായിക വിനോദങ്ങളിലും ഏർപ്പെടാം. കളിച്ചു ക്ഷീണിച്ചവർക്ക് മുഖ്യവേദിയിൽ കൊക്കോമെലൺ, ദി അഡ്വഞ്ചേഴ്സ് ഓഫ് മൻസൂർ തുടങ്ങിയ ജനപ്രിയ സീരീസുകളുടെ പ്രദർശനവും മറ്റു കലാപരിപാടികളും ആസ്വദിക്കാം. ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് സോണിൽ കമ്മൽ, മാല, ബ്രേസ്ലെറ്റ്, നെക്ലേസ് എന്നിവ ഉണ്ടാക്കാനും പഠിക്കാം. മണലിൽ ഖനനം നടത്തി വിലകൂടിയ കല്ലുകൾ സ്വന്തമാക്കാനും അവസരമുണ്ട്.

ലോകോത്തര രുചിവൈവിധ്യങ്ങളും ആസ്വദിക്കാം. കുട്ടികൾ കളിച്ചുല്ലസിക്കുമ്പോൾ മുതിർന്നവർക്കായും പ്രത്യേക കളികളുണ്ട്. കുടുംബ കൂട്ടായ്മകളും സൗഹൃദ സമാഗമത്തിനുമെല്ലാം പറ്റിയ ഇടംകൂടിയാണ് ജാഹിലി പാർക്ക്. ഓൺലൈനിൽ ബുക്ക് ചെയ്യുന്നവർക്ക് 30 ദിർഹവും നേരിട്ടെത്തുന്നവർക്ക് 35 ദിർഹവുമാണ് നിരക്ക്. Ticketmaster.ae എന്ന വെബ്സൈറ്റിൽ നിന്ന് ടിക്കറ്റ് ലഭിക്കും.
