കാഴ്ചയില്ലാത്തവർക്ക് പ്രത്യേക പാത; ജിദ്ദയിലെ ഹിറ പാർക്കും നടപ്പാതയും തുറന്നു

Mail This Article
ജിദ്ദ∙ ഹിറ പാർക്കും പുതിയ നടപ്പാതകളും അൽ ഷാതിയ ജില്ലയിലെ രണ്ട് പാർക്കുകളും പൊതുജനങ്ങൾക്കായി തുറന്നു. ജിദ്ദ ഗവർണർ സൗദ് ബിൻ അബ്ദുല്ലയാണ് ഉദ്ഘാടനം ചെയ്തത്. 70,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ഹിറാ പാർക്കും നടപ്പാതയും. നഗരത്തിലെ സസ്യജാലങ്ങളെ പിന്തുണയ്ക്കുന്നതിനായി 26,000 ചതുരശ്ര മീറ്ററിലുള്ള കാർഷിക നഴ്‌സറിയുമായി ഇതിനെ ബന്ധിപ്പിക്കും.
1,227 മീറ്റർ നീളമുള്ള നടപ്പാതയോടു ചേർന്ന് സൈക്കിൾ പാതയും കാഴ്ചയില്ലാത്തവർക്കായി 900 മീറ്റർ നീളമുള്ള പ്രത്യേക പാതയും നിർമിച്ചിട്ടുണ്ട്. 24,550 മരങ്ങളും കുറ്റിച്ചെടികളും നട്ടുപിടിപ്പിച്ച് പാരിസ്ഥിതിക ഭൂപ്രകൃതി വർധിപ്പിക്കുന്നതാണ് പദ്ധതി. 4,770 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഹരിത ഇടങ്ങൾ ഉൾപ്പെടെയാണ് പുതിയവ നിർമിച്ചത്. വലിയ ഇവന്റുകൾ, കുട്ടികൾക്കായുള്ള ഗെയിമുകൾ, കായിക പരിപാടികൾ എന്നിവക്കായും പ്രത്യേക സ്ഥലം സജ്ജമാണ്. ആരോഗ്യകരമായ ജീവിതശൈലിയെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുളള സൗകര്യങ്ങളാണ് ഇവിടെയുള്ളത്.
ഹിറ പാർക്കിൽ 536 പാർക്കിങ് സ്ഥലങ്ങൾ, 91 ഇരിപ്പിടങ്ങൾ എന്നിവയുമുണ്ട്. പൊതു ഇടങ്ങൾ മികച്ച രീതിയിൽ ഉപയോഗിക്കുന്നതിനും അവയെ ഊർജസ്വലമായ നഗര ലക്ഷ്യസ്ഥാനങ്ങളാക്കി മാറ്റുന്നതിനുമുള്ള ഒരു മാതൃകയാണ് ഹിറാ പാർക്ക് –വാക്ക്‌വേ പദ്ധതി. ഫോർമുല 1 റേസ് ഏരിയ - ഡിസ്ട്രിക്റ്റ് 7 ലേക്ക് നയിക്കുന്ന തെരുവുകളുടെ നഗര ഭൂപ്രകൃതി മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതിയുടെ ഭാഗമാണ് ഷാതിയ ഡിസ്ട്രിക്റ്റ് 1, 2 പാർക്കുകൾ. അവയുടെ ആകെ വിസ്തീർണ്ണം 28,000 ചതുരശ്ര മീറ്ററിൽ കൂടുതലാണ്. കുട്ടികളുടെ ഗെയിമുകൾ, ഇവന്റുകൾ,ബഹു ഉപയോഗ സ്ക്വയർ, സൈക്കിൾ പാത, ഹരിത ഇടങ്ങൾ, നിക്ഷേപ മേഖലകൾ എന്നിവയെല്ലാമാണ് ഇവിടെയുള്ളത്.

സൗദി വിഷൻ 2030ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി ജീവിത നിലവാരം മെച്ചപ്പെടുത്താനും ഉയർന്ന ഡിസൈൻ മാനദണ്ഡങ്ങൾക്കനുസൃതമായി സുസ്ഥിര നഗര അന്തരീക്ഷം സൃഷ്ടിക്കാനും ലക്ഷ്യമിട്ടുള്ള ശ്രമങ്ങളുടെ ഭാഗമാണിത്.