സ്മാർട്ടായി ജിദ്ദ വിമാനത്താവളം; ഇ-ഗെയ്റ്റുകൾ തുറന്നു, പ്രതിദിനം ഒന്നേമുക്കാൽ ലക്ഷം യാത്രക്കാർക്ക് പ്രയോജനം

Mail This Article
ജിദ്ദ ∙ ജിദ്ദ കിങ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് കൂടുതൽ സ്മാർട്ടായി. ജവാസാത്ത് (പാസ്പോർട്ട് വിഭാഗം) കൗണ്ടറുകളിൽ കാത്തുനിൽക്കാതെ യാത്രക്കാർക്ക് ഇ-ഗെയ്റ്റ് വഴി പുറത്തുകടക്കാം. എഴുപത് ഗെയ്റ്റുകളാണ് ഇന്നലെ മുതൽ ആരംഭിച്ചത്. മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ സൗദ് ബിന്‍ മിശ്അല്‍ രാജകുമാരന്‍ വിമാനത്താവളത്തിലെ ഇ-ഗെയ്റ്റ് സേവനം ഉദ്ഘാടനം ചെയ്തു. ജവാസാത്ത് ഡയറക്ടറേറ്റ്, മാതാറാത്ത് ഹോള്‍ഡിങ് കമ്പനി, സൗദി ഡേറ്റ ആൻഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് പുതിയ സംവിധാനം.
ഒന്നാം നമ്പര്‍ ടെര്‍മിനലിനും എക്‌സിക്യൂട്ടീവ് ഓഫിസുകള്‍ക്കുമിടയിലാണ് ഗെയ്റ്റുകൾ. ഓരോ ഗെയ്റ്റിലും പ്രതിദിനം 2,500 യാത്രക്കാരുടെ വരെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. ദിവസേന ഒന്നേമുക്കാല്‍ ലക്ഷം യാത്രക്കാര്‍ക്ക് സേവനം നല്‍കാന്‍ ഇ-ഗെയ്റ്റുകളിലൂടെ ജിദ്ദ എയര്‍പോര്‍ട്ടിന് കഴിയും. പാസ്പോര്‍ട്ടും യാത്രക്കാരന്റെ മുഖവും സ്കാൻ ചെയ്ത് ഐഡന്റിറ്റി പരിശോധിക്കാനുള്ള കഴിവുകളാണ് ഇ-ഗെയ്റ്റിനുള്ളത്.
സൗദിയില്‍ ഇ-ഗെയ്റ്റ് സേവനം നിലവില്‍വരുന്ന മൂന്നാമത്തെ വിമാനത്താവളമാണ് ജിദ്ദ എയര്‍പോര്‍ട്ട്. റിയാദ് കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിലും നിയോം ബേ എയര്‍പോര്‍ട്ടിലുമാണ് ഇ-ഗെയ്റ്റ് സേവനം നിലവിലുള്ളത്.
ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് അല്‍ദുഅയ്‌ലിജ്, സൗദി ഡേറ്റ ആൻഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റിക്കു കീഴിലെ നാഷനല്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. ഉസാം അല്‍വഖീത്ത്, സൗദി ജവാസാത്ത് മേധാവി മേജര്‍ ജനറല്‍ ഡോ. സ്വാലിഹ് അല്‍മുറബ്ബ, മതാറാത്ത് ഹോള്‍ഡിങ് കമ്പനി സിഇഒ റാഇദ് അല്‍ഇദ്‌രീസി, ജിദ്ദ എയര്‍പോര്‍ട്ട്‌സ് കമ്പനി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ എന്‍ജിനീയര്‍ റാഇദ് അല്‍മുദൈഹിം, ജിദ്ദ എയര്‍പോര്‍ട്ട്‌സ് കമ്പനി സിഇഒ എന്‍ജിനീയര്‍ മാസിന്‍ ജൗഹര്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങിനെത്തിയിരുന്നു. സേവനം അടുത്ത ദിവസം കൂടുതൽ വിപുലമാക്കും.