റിയാദിൽ സയാമീസ് ഇരട്ടകളുടെ വേർപെടുത്തൽ ശസ്ത്രക്രിയ വിജയകരം; ആരോഗ്യനില തൃപ്തികരം

Mail This Article
റിയാദ് ∙ സയാമീസ് ഇരട്ടകളായ ഹവ്വയുടെയും ഖദീജയുടെയും വേർപെടുത്തൽ ശസ്ത്രക്രിയ പൂർത്തിയായി. ശസ്ത്രക്രിയ വിജയകരമെന്ന് മെഡിക്കല്‍ സംഘം തലവൻ ഡോ. അബ്ദുല്ല അല്‍റബീഅ ആണ് അറിയിച്ചത്. നാഷനല്‍ ഗാര്‍ഡ് മന്ത്രാലയത്തിനു കീഴിലെ കിങ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയിലെ കിങ് അബ്ദുല്ല ചില്‍ഡ്രന്‍സ് സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലാണ് സർജറി നടന്നത്. മൂന്നാം ഘട്ട ശസ്ത്രക്രിയയോടെയാണ് വേർപിരിക്കൽ വിജയകരമായി പൂർത്തിയായത്.
പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ ബുര്‍കിനാഫാസോയില്‍ നിന്നുള്ളവരാണ് കുട്ടികൾ. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും നിർദ്ദേശം അനുസരിച്ചാണ് ശസ്ത്രക്രിയ. സൗദിയില്‍ സയാമിസ് ഇരട്ടകള്‍ക്ക് വേര്‍പെടുത്തല്‍ ശസ്ത്രിയകള്‍ നടത്തുന്ന മെഡിക്കല്‍ സംഘം തലവൻ ഡോ. അബ്ദുല്ല അല്‍റബീഅയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെയാണ് 17 മാസം പ്രായമുള്ള കുട്ടികള്‍ക്ക് ഓപ്പറേഷന്‍ ആരംഭിച്ചത്. കഴിഞ്ഞ ജൂലൈ ആദ്യത്തിലാണ് ഇരുവരെയും വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയക്കുള്ള സാധ്യതകള്‍ പഠിക്കാനും പരിശോധനകള്‍ക്കും ചികിത്സക്കുമായി റിയാദിലെത്തിച്ചത്.
നെഞ്ചിന്റെ അടിഭാഗവും വയറും ഒട്ടിപ്പിടിച്ച നിലയിലുള്ള കുട്ടികള്‍ ഹൃദയഭിത്തിയും കരളും കുടലും പങ്കിടുന്നതായി സൂക്ഷ്മ പരിശോധനകളില്‍ വ്യക്തമായതായി ഡോ. അബ്ദുല്ല അല്‍റബീഅ പറഞ്ഞു. ഒട്ടിപ്പിടിക്കലിന്റെ വലുപ്പം കാരണം, വേര്‍പ്പെടുത്തലിനു ശേഷമുള്ള വിടവ് അടക്കുന്ന പ്രക്രിയ സുഗമമാക്കുന്നതിന്, ചര്‍മം വികസിപ്പിക്കാനായി ബലൂണുകള്‍ തിരുകിക്കൊണ്ട് പ്ലാസ്റ്റിക് സര്‍ജറി വിദഗ്ധരുടെ സഹായത്തോടെയാണ് കുട്ടികളെ ഒരുക്കിയത്. അഞ്ചു ഘട്ടങ്ങളായി നടത്തുന്ന ഓപ്പറേഷന്‍ എട്ടു മണിക്കൂര്‍ നീണ്ടുനില്‍ക്കും. കണ്‍സള്‍റ്റന്റുമാരും സ്‌പെഷ്യലിസ്റ്റുകളും നഴ്‌സുമാരും ടെക്‌നീഷ്യന്മാരും അടക്കം 26 അംഗ മെഡിക്കല്‍ സംഘമാണ് സർജറിയിൽ പങ്കെടുക്കുന്നത്. ശസ്ത്രക്രിയയുടെ വിജയസാധ്യത 80 ശതമാനത്തില്‍ കൂടുതലാണ്. മുപ്പത്തിയഞ്ചു വര്‍ഷത്തിനിടെ സൗദിയില്‍ സയാമിസ് ഇരട്ടകള്‍ക്ക് നടത്തുന്ന 62-ാമത്തെ വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയയാണിത്.