ഇപ്പോഴും മുഴങ്ങുന്ന റമസാനിലെ പീരങ്കി വെടികൾ, ചരിത്രത്തിന്റെ തുടർച്ച

Mail This Article
ജിദ്ദ ∙ ഈ റമദാനിലും സൗദി അടക്കം അറബ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കതിനാ വെടി മുഴങ്ങുന്നുണ്ട്. വ്രതം അവസാനിപ്പിക്കാൻ നേരമായി എന്നറിയിക്കുന്നതിന് പുരാതന കാലം മുൻപ് പ്രയോഗിച്ചിരുന്ന പീരങ്കി മുഴക്കമാണ് ഇപ്പോഴും സൗദിയുടെ ചില ഭാഗങ്ങളിൽ മുറ തെറ്റാതെ നടക്കുന്നത്. സൗദിയിലെ തുറൈഫിൽ റമദാൻ പീരങ്കി പരമ്പരാഗത ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും പ്രതീകമായാണ് കണക്കാക്കുന്നത്. റമദാൻ മാസത്തിന്റെ വരവുമായി ബന്ധപ്പെട്ടതിനാൽ തുറൈഫിലെ ജനങ്ങൾക്ക് ഇത് പരിചിതവും മനോഹരവുമാണ്. ഒരു ജനത മനസ്സിൽ സൂക്ഷിക്കുന്ന പ്രിയപ്പെട്ട ഓർമകളുടെ ഭാഗം കൂടിയാണിത്.
വിശുദ്ധ മാസം ഒന്നാകെ പീരങ്കി പരിപാലിക്കാനും വൃത്തിയാക്കാനും സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കാറുണ്ടെന്ന് ചരിത്രകാരനായ മംദൂഹ് അൽ-ഖംസാൻ പറയുന്നു. പീരങ്കി വെടിയുടെ തുടിക്കുന്ന ഓര്‍മകള്‍ അറബ്, ഇസ്‌ലാമിക് ലോകത്ത് ഇന്നും മായാതെ കിടക്കുന്നുണ്ട്. സമ്പന്നമായ പുരാതന കാലത്തെ കുറിച്ച് ഓര്‍മിപ്പിക്കുന്ന സാമൂഹിക പാരമ്പര്യവും പൈതൃകമായും ആണ് ഇത് കണക്കാക്കുന്നത്. ഒരു കാലത്ത് സജീവമായിരുന്ന പീരങ്കി വെടി കാലക്രമേണ പല അറബ്, ഇസ്‌ലാമിക് രാജ്യങ്ങളിലും ചരിത്രത്തിന്റെ ഭാഗമായി.
നമസ്കാര സമയം അറിയിക്കുന്നതിന് ആധുനിക സൗകര്യങ്ങള്‍ സര്‍വസാധാരണമല്ലാത്ത കാലത്താണ് നോമ്പുതുറ സമയം പൊതുജനങ്ങളെ അറിയിക്കുന്ന പീരങ്കി വെടി സമ്പ്രദായം പഴയ കാലത്ത് പല രാജ്യങ്ങളിലും ആരംഭിച്ചത്. സൂര്യാസ്തമന സമയത്ത് പീരങ്കി വെടി പൊട്ടിച്ച് നോമ്പുതുറ സമയം അറിയിക്കും. ഇസ്‌ലാമിന്റെ ആദ്യ കാലത്ത് നോമ്പുതുറ, അത്താഴ സമയം അറിയിക്കുന്നതിനുള്ള ഏക മാര്‍ഗം ബാങ്ക് മാത്രമായിരുന്നു. പ്രവാചകന്റെ കാലത്ത് പ്രഭാതത്തിനു മുൻപ് രണ്ടു ബാങ്കുകളുണ്ടായിരുന്നു.
ഇതില്‍ ഒന്ന് അത്താഴത്തിന് ഒരുങ്ങുന്നതിനുള്ളതായിരുന്നു. പാതിരാ നമസ്കാരത്തിന് സമയമായതും അറിയിക്കുന്നതാണ് രണ്ടാമത്തേത്. നഗരങ്ങളുടെ വലിപ്പക്കുറവും എണ്ണക്കുറവും കാരണം അക്കാലത്ത് മറ്റു മാര്‍ഗങ്ങള്‍ അവലംബിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. നഗരങ്ങളുടെ വികാസവും പള്ളികൾ തമ്മിലെ അകലവും മൂലം എല്ലാവര്‍ക്കും ബാങ്ക് വിളി കേള്‍ക്കാന്‍ സാധിക്കാത്ത പ്രശ്നത്തിന് പരിഹാരമെന്നോണമാണ് പീരങ്കി വെടി മുഴക്കുന്ന രീതി പില്‍കാലത്ത് ആരംഭിച്ചത്.
പീരങ്കിവെടിയുടെ ചരിത്രം
നോമ്പുതുറ, വ്രതാനുഷ്ഠാന സമയം അറിയിച്ച് ലോകത്ത് ആദ്യമായി പീരങ്കി വെടി മുഴക്കുന്നതിന് തുടങ്ങിയ നഗരം കയ്റോ ആണ്. എന്നാല്‍ ഏതു കാലം മുതലാണ് കയ്റോയില്‍ പീരങ്കി വെടി ഉപയോഗിക്കുന്നതിന് ആരംഭിച്ചത് എന്ന കാര്യത്തിലും ആദ്യമായി ഇത് ഉപയോഗിച്ച ഭരണാധികാരി ആരാണ് എന്ന കാര്യത്തിലും ചരിത്രകാരന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. നോമ്പുതുറ, വ്രതാനുഷ്ഠാന സമയം അറിയിച്ച് ആദ്യമായി ഈജിപ്തില്‍ ആരംഭിച്ച പീരങ്കി വെടി അല്‍പ കാലത്തിനു ശേഷം നിലച്ചു.
അക്കാലത്ത് റേഡിയോയിലൂടെ സംപ്രേക്ഷണം ചെയ്യുന്ന പീരങ്കി വെടിയുടെ ശബ്ദം കേട്ടാണ് ആളുകള്‍ നോമ്പു തുറന്നിരുന്നത്. ആഭ്യന്തര മന്ത്രിയായിരുന്ന അഹ്മദ് റുശ്ദിയുടെ നിര്‍ദേശാനുസരണം വീണ്ടും കയ്റോയില്‍ പീരങ്കി വെടി മുഴക്കുന്നതിന് ആരംഭിച്ചു. ഏറ്റവും ആദ്യം കയ്റോയില്‍ കോട്ടയുടെ ടെറസ്സില്‍ വെച്ചാണ് പീരങ്കി വെടി പൊട്ടിച്ചിരുന്നത്. പീരങ്കി വെടി പുനരാരംഭിച്ചതും ഇവിടെ തന്നെയായിരുന്നു. റമദാനില്‍ എല്ലാ ദിവസങ്ങളിലും പെരുന്നാള്‍ ദിവസങ്ങളിലും കയ്റോയില്‍ പീരങ്കി വെടി മുഴക്കിയിരുന്നു.
പീരങ്കി വെടി മുഴക്കുന്നതിന് കോട്ടയുടെ ടെറസ്സ് ഉപയോഗിക്കുന്നതില്‍ എതിര്‍പ്പുമായി ഈജിപ്ഷ്യന്‍ പുരാവസ്തു വകുപ്പ് രംഗത്തെത്തിയിരുന്നു. പീരങ്കി വെടി മുഴക്കുന്നതു മൂലം കോട്ടയുടെയും പ്രദേശത്തെ മസ്ജിദിന്റെയും മ്യൂസിയങ്ങളുടെയും ഭിത്തികള്‍ കുലുങ്ങിത്തരിക്കുകയാണെന്ന കാരണം പറഞ്ഞാണ് പുരാവസ്തു വകുപ്പ് എതിര്‍പ്പ് പ്രകടിപ്പിച്ചത്. ഇതേ തുടര്‍ന്ന് കോട്ടക്കു മുകളില്‍ നിന്ന് പീരങ്കി കയ്റോക്ക് സമീപമുള്ള അല്‍മുഖതം പര്‍വതത്തിലേക്ക് നീക്കുന്നതിന് ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കി.
പര്‍വത്തില്‍ സ്ഥാപിച്ച പീരങ്കിയില്‍ നിന്നുള്ള വെടി തലസ്ഥാന നഗരിയിലെ എല്ലാവര്‍ക്കും കേള്‍ക്കുന്നതിനും അവസരമൊരുങ്ങി. പുണ്യമാസത്തിന്റെ ആഹ്ലാദം വിശ്വാസികളുടെ മനസ്സുകളില്‍ നിറക്കുന്ന റമദാന്‍ പീരങ്കി ആചാരം പിന്നീട് ഈജിപ്തിലെ മറ്റു നഗരങ്ങളിലും ആരംഭിച്ചു. സുരക്ഷാ വകുപ്പുകളുടെ മേല്‍നോട്ടത്തില്‍ കൃത്യസമയത്ത് വെടി മുഴക്കുന്നതിന് ഏറ്റവും യോഗ്യരായ ഒരു കൂട്ടം ഉദ്യോഗസ്ഥരെയാണ് ഓരോ പീരങ്കിയും പൊട്ടിക്കുന്നതിന് നിയോഗിച്ചിരുന്നത്.
ഈജിപ്തില്‍ നിന്നാണ് മറ്റു അറബ്, ഇസ്‌ലാമിക് രാജ്യങ്ങളിലേക്ക് റമദാന്‍ പീരങ്കി വെടി പ്രചരിക്കുന്നതിന് തുടങ്ങിയത്. ഈജിപ്തിനു ശേഷം ജറൂസലം, ദമാസ്കസ്, സിറിയയിലെ മറ്റു നഗരങ്ങള്‍ എന്നിവിടങ്ങളിലാണ് പീരങ്കി വെടി നിലവില്‍വന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ബഗ്ദാദിലും റമദാന്‍ പീരങ്കി ഗര്‍ജനം ആരംഭിച്ചു. ബഗ്ദാദിനു പിന്നാലെയാണ് കുവൈത്തില്‍ ഈ രീതി നിലവില്‍വന്നത്. 1907 ല്‍ ശൈഖ് മുബാറക് അല്‍സ്വബാഹിന്റെ കാലത്തായിരുന്നു കുവൈത്തില്‍ ആദ്യമായി റമദാന്‍ പീരങ്കി വെടി മുഴങ്ങിയത്. വൈകാതെ ഗള്‍ഫിന്റെ എല്ലാ ഭാഗങ്ങളിലും സുഡാനിലും യെമനിലും ഛാഢ്, നൈജര്‍, മാലി പോലുള്ള പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങളിലും മധ്യ, കിഴക്കനേഷ്യന്‍ രാജ്യങ്ങളിലും റമദാന്‍ പീരങ്കിയുടെ ഇടിമുഴക്കം വിശ്വാസികളുടെ കാതുകളെ പുളകം കൊള്ളിച്ചു. ഇന്തൊനീഷ്യയില്‍ 1944 ലാണ് റമദാന്‍ പീരങ്കി പ്രവര്‍ത്തനം ആരംഭിച്ചത്.
മക്ക
മറ്റു സൗദി നഗരങ്ങളിലേതു പോലെ മക്കയിലും റമദാന്‍ പീരങ്കിയുടെ വെടി മുഴക്കം നോമ്പ് തുറക്കുന്നതിനും വ്രതാനുഷ്ഠാനം ആരംഭിക്കുന്നതിനും ബാങ്ക് വിളിക്കൊപ്പം തന്നെ വിശ്വാസികള്‍ അവലംബിച്ചു പോന്നു. മക്കയിലെ പീരങ്കി വെടി സൗദി ടി.വി തത്സമയം സംപ്രേക്ഷണം ചെയ്തിരുന്നു. റമദാന്‍ മാസപ്പിറവി അറിയിച്ചും പെരുന്നാള്‍ സ്ഥിരീകരിച്ചത് അറിയിച്ചും മക്കയിലെ പീരങ്കി ഇടിമുഴക്കത്തോടെ ഗര്‍ജിച്ചിരുന്നു.
50 വര്‍ഷത്തോളം നിലക്കാതെ പ്രവര്‍ത്തിച്ച മക്കയിലെ പീരങ്കി ഏതാനും വര്‍ഷം മുൻപാണ് നിശ്ചലമായത്. നോമ്പുതുറ സമയം അറിയിച്ച് ഒരു തവണയാണ് പീരങ്കി വെടി മുഴക്കിയിരുന്നത്. എന്നാല്‍ റമദാന്‍ മാസപ്പിറവി സ്ഥിരീകരിച്ച് പീരങ്കി ഏഴു തവണ വെടി മുഴക്കും. പീരങ്കിയുടെ വായ്ഭാഗത്ത് വെടിമരുന്ന് പൊട്ടി കത്തുന്നതിന്‍റെ ഫലമായി ശക്തമായ ശബ്ദം പുറപ്പെടുവിക്കുന്ന പീരങ്കിയാണ് മക്കയില്‍ ഉപയോഗിച്ചിരുന്നത്. അടുത്ത കാലത്തായി മക്കയില്‍ സെമി ഓട്ടോമാറ്റിക് പീരങ്കിയാണ് ഉപയോഗിച്ചിരുന്നത്.
ഉച്ച ഭാഷിണികള്‍ വഴിയുള്ള ബാങ്കു വിളി ആരംഭിക്കുന്നതിനു മുൻപ് മക്ക നിവാസികള്‍ നോമ്പ് തുറക്കുന്നതിനും വ്രതാനുഷ്ഠാനം ആരംഭിക്കുന്നതിനും പീരങ്കി വെടി ശബ്ദമാണ് ആശ്രയിച്ചിരുന്നത്. കുട്ടികളും മുതിര്‍ന്നവരുമെല്ലാം പീരങ്കി വെടിക്ക് പ്രത്യേക പ്രാധാന്യമാണ് നല്‍കിയിരുന്നത്. സമീപത്തെ മസ്ജിദുകളില്‍ നിന്ന് ബാങ്ക് വിളി കേട്ടാലും പീരങ്കി വെടി കേള്‍ക്കാതെ നോമ്പ് തുറക്കുന്നതിന് അധിക പേരും കൂട്ടാക്കിയിരുന്നില്ല.
അഞ്ചു ദശകത്തിലേറെ കാലം മക്കയിലെ റമദാന്‍ പാരമ്പര്യവുമായി വേര്‍പ്പെടാനാകാത്ത വിധം ഇഴുകിച്ചേര്‍ന്നുനിന്ന പീരങ്കി വെടി ശബ്ദം രണ്ടു വര്‍ഷം മുൻപാണ് നിലച്ചത്. സൗദിയിലെ മറ്റു നഗരങ്ങളിലും ഈ ആചാരം നിലച്ചിട്ടുണ്ട്. ഇപ്പോള്‍ മദീനയില്‍ മാത്രമാണ് റമദാന്‍ പീരങ്കി വെടി അവശേഷിക്കുന്നത്. ഇടക്കാലത്ത് മദീനയില്‍ നിര്‍ത്തിവച്ച പീരങ്കി വെടി 2015 റമദാനില്‍ പുനരാരംഭിക്കുന്നതിന് രാജാവ് അനുമതി നല്‍കുകയായിരുന്നു.