മക്കയിലെയും മദീനയിലെയും വിശ്വാസികളുടെ തിരക്ക്

Mail This Article
മക്ക ∙ ഇസ്‌ലാം മത വിശ്വാസികളുടെ പുണ്യമാസമായ റമസാൻ മാസത്തിലെ അവസാനത്തെ പത്തിലെ ആദ്യ വെള്ളിയാഴ്ച മക്കയിലെയും മദീനയിലെയും വിശുദ്ധ ഹറമുകളിൽ തിങ്ങിനിറഞ്ഞ് ജനം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ വിശ്വാസികൾ ഇരുഹറമുകളെയും ജനസാഗരമാക്കി. ഇന്ന് രാവിലെ മുതൽ തന്നെ മക്കയിലെ ഹറമിൽ വിശ്വാസികൾ നിറഞ്ഞിരുന്നു.
സൗദിയിൽ സ്കൂളുകൾക്ക് അവധി കൂടി പ്രഖ്യാപിച്ചതോടെ രാജ്യത്തിനകത്തുനിന്നുള്ളവരുടെ എണ്ണവും ഇന്ന് ക്രമാതീതമായി കൂടി. മക്കയിലെ ഹറമില്‍ ശൈഖ് ഡോ. ഫൈസല്‍ അല്‍ഗസ്സാവിയാണ് ജുമുഅ നമസ്‌കാരത്തിന് നേതൃത്വം നല്‍കിയത്. മദീനയിലെ മസ്ജിദുന്നബവിയില്‍ ശൈഖ് ഡോ. അബ്ദുല്‍ബാരി അല്‍സുബൈത്തി ജുമുഅ നമസ്‌കാരത്തിന് നേതൃത്വം നല്‍കി.
അതിനിടെ ഹറമിൽ തിരക്ക് നിയന്ത്രിക്കാൻ ഹജ് ഉംറ മന്ത്രാലയം പ്രവർത്തനം ആരംഭിച്ചു. മക്കയിൽ ഇന്ന് പുതുതായി 167 പള്ളികളിൽ കൂടി ജുമുഅ നമസ്കാരത്തിന് തുടക്കമായി. ഹറം പരിധിയിലെ ഏത് പള്ളിയിൽ നമസ്കരിച്ചാലും ഒരേ പുണ്യമാണ് ലഭിക്കുക എന്നും ഹജ്-ഉംറ മന്ത്രാലയം വിശ്വാസികളെ ഉണർത്തി.
എല്ലാവര്‍ക്കും സുഗമമായ ആത്മീയ അനുഭവം ഉറപ്പാക്കുന്നതിന് ചില നിയന്ത്രണ നടപടികള്‍ എല്ലാവരും പാലിക്കണമെന്ന് ഹജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു. ഉംറക്കുള്ള അനുമതി പത്രം വാങ്ങാതെ ഒരാളും ഉംറക്കായി എത്തരുതെന്നും ഹജ്-ഉംറ മന്ത്രാലയം മുന്നറിയിപ്പ് നൽകി. റമദാനില്‍ ഒറ്റത്തവണ മാത്രം ഉംറ കര്‍മം നിര്‍വഹിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ആവശ്യപ്പെട്ടു.