ലതീഫ ആശുപത്രിക്ക് ‘ബേബി ഫ്രണ്ട്ലി ഹോസ്പിറ്റൽ ഇൻഷിയേറ്റീവ്’ അംഗീകാരം

Mail This Article
അബുദാബി ∙ ദുബായ് ഹെൽത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ലതീഫ ആശുപത്രിക്ക് ലോകാരോഗ്യ സംഘടനയുടെയും (ഡബ്ലൂഎച്ച്ഒ), യുഎൻ ചിൽഡ്രൻസ് ഫണ്ടിന്റെയും (യുണിസെഫ്) ‘ബേബി ഫ്രണ്ട്ലി ഹോസ്പിറ്റൽ ഇൻഷിയേറ്റീവ്’അംഗീകാരം.
സുരക്ഷിതവും ഉയർന്ന നിലവാരമുള്ളതുമായ പ്രസവ സേവനങ്ങൾ, മുലയൂട്ടൽ സൗഹൃദ അന്തരീക്ഷം, ബോധവൽക്കരണ പരിപാടികളിലൂടെയും പ്രത്യേക ആരോഗ്യ സേവനങ്ങളിലൂടെയും മാതൃ-ശിശു ആരോഗ്യത്തെ പിന്തുണയ്ക്കൽ തുടങ്ങി രാജ്യാന്തര മാനദണ്ഡങ്ങൾ പാലിക്കുന്ന സേവനങ്ങളാണ് ഈ അംഗീകാരം ആശുപത്രിക്ക് നേടിക്കൊടുത്തത്.
ബേബി-ഫ്രണ്ട്ലി ഹോസ്പിറ്റൽ ഇനിഷ്യേറ്റീവിന് കീഴിലുള്ള ലത്തീഫ ഹോസ്പിറ്റലിന്റെ അംഗീകാരം ദുബായ് ഹെൽത്തിൽ, പ്രത്യേകിച്ച് അമ്മമാർക്കും നവജാത ശിശുക്കൾക്കും നൽകുന്ന പരിചരണത്തിന്റെ നിലവാരത്തിന്റെ തെളിവാണ്. മികച്ച രീതികൾ നടപ്പിലാക്കുന്നതിലൂടെ അമ്മമാർക്ക് സുഖകരവും സുരക്ഷിതവുമായ അനുഭവവും ക്ഷേമം വർധിപ്പിക്കുകയും സമൂഹാരോഗ്യം ശക്തിപ്പെടുത്തുകയും ചെയ്യുന്ന പിന്തുണയുള്ള കുടുംബാന്തരീക്ഷവും ഉറപ്പാക്കുന്നുവെന്ന് എന്ന് ദുബായ് ഹെൽത്ത് ചീഫ് മെഡിക്കൽ ഓഫിസർ ഡോ. മുന തഹ്‌ലക് പറഞ്ഞു.
ലോകാരോഗ്യ സംഘടനയുടെയും യൂനിസെഫിന്റെയും അംഗീകാരമുള്ള ലത്തീഫ ഹോസ്പിറ്റൽ അമ്മമാർക്കും നവജാത ശിശുക്കൾക്കും സമഗ്രമായ ആരോഗ്യ സേവനങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. പ്രസവപൂർവ പരിചരണം, മാനസിക പിന്തുണ, പോഷകാഹാര മാർഗനിർദ്ദേശം എന്നിവയും നൽകുന്നു. ആശുപത്രിയിലെ സുസജ്ജമായ പ്രസവ യൂണിറ്റുകൾ സുരക്ഷിതമായ പ്രസവാനുഭവം ഉറപ്പാക്കുന്നു. കൂടാതെ, ആശുപത്രി വിദ്യാഭ്യാസ ശിൽപശാലകളിലൂടെയും മുലയൂട്ടൽ പരിപാടികളിലൂടെയും അമ്മമാരെ പിന്തുണയ്ക്കുകയും ചെയ്യുന്നു.