പ്രതിരോധം കടുപ്പിച്ചു; ക്ഷയം പടിക്ക് പുറത്തേക്ക്

Mail This Article
അബുദാബി ∙ ക്ഷയരോഗ നിരക്ക് ഏറ്റവും കുറവുള്ള രാജ്യങ്ങളുടെ പട്ടികയിൽ യുഎഇയും. രാജ്യത്തെ ആരോഗ്യ നയങ്ങളുടെയും കർശന പ്രതിരോധ പരിപാടികളുടെയും തെളിവാണ് ഈ സ്ഥാനം.
ലോക ക്ഷയരോഗ ദിനത്തിന് (മാർച്ച് 24) മുന്നോടിയായി ആരോഗ്യ, രോഗ പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രോഗവ്യാപനം തടയാൻ ദേശീയ ആരോഗ്യ വിഭാഗങ്ങളുമായി സഹകരിച്ചുള്ള പ്രവർത്തനങ്ങളാണ് വിജയത്തിന് കാരണമെന്നും പറഞ്ഞു.
അതിവേഗ പരിശോധനാ ടെസ്റ്റുകൾ, ആധുനിക ചികിത്സ, ഡിജിറ്റൽ സാങ്കേതികവിദ്യ എന്നിവയുടെ ഉപയോഗവും നിരക്ക് കുറയ്ക്കാൻ സഹായകമായി. തന്ത്രപരമായ പങ്കാളികളുമായി സഹകരിച്ച് ക്ഷയരോഗം തടയുന്നതിനും നിയന്ത്രിക്കുന്നതിനും മന്ത്രാലയം സമഗ്ര പ്രതിരോധ സംരംഭങ്ങൾ ആരംഭിച്ചതായി പൊതുജനാരോഗ്യ മേഖല അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. ഹുസൈൻ അബ്ദുൽറഹ്മാൻ അൽ റാൻഡ് പറഞ്ഞു.
ജനങ്ങൾക്കിടയിൽ അവബോധം വളർത്തുന്നതിന് വിപുലമായ ക്യാംപെയ്ൻ നടത്തുന്നു. അറബിക്, ഇംഗ്ലിഷ്, ഉറുദു തുടങ്ങി വിവിധ ഭാഷകളിലാണ് ബോധവൽക്കരണം.