ഉദ്യോഗസ്ഥനുമായി ചേർന്ന് നറുക്കെടുപ്പിൽ തട്ടിപ്പ്; മൂന്ന് പേര് പിടിയില്‍

Mail This Article
കുവൈത്ത് സിറ്റി ∙ യാ ഹാല നറുക്കെടുപ്പുമായി ബന്ധപ്പെട്ട് കൃത്രിമം നടത്തിയ ശൃംഖലയിലെ മൂന്ന് പേർ പിടിയിൽ. വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ റാഫിള്‍ വകുപ്പിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനും ഈജിപ്ഷ്യന്‍ ദമ്പതികളുമാണ് പിടിയിലായത്.
കേസില്‍ ഇനിയും പ്രതികളെ പിടികൂടാന്‍ ഉണ്ട്. വിശദമായ അന്വേഷണം ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വാണിജ്യ വകുപ്പും നടത്തി വരുകയാണ്. സമൂഹ മാധ്യമത്തില്‍ വന്ന വിഡിയോയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഗുരുതരമായ തട്ടിപ്പ് പുറത്തുവന്നത്.
അന്വേഷണത്തില്‍, കഴിഞ്ഞ യാ ഹാല നറുക്കെടുപ്പുകളില്‍ ഒരു ഈജിപ്ഷ്യന്‍ സ്ത്രീയ്ക്ക് അഞ്ച് കാറുകള്‍ ലഭിച്ചതായി കണ്ടെത്തി. അതുപോലെതന്നെ ഇവരുടെ ഭര്‍ത്താവിന് രണ്ടു കാറുകളും.
പല പേരുകളിലായി കൂപ്പണുകള്‍ ഇവര്‍ നറുക്കെടുപ്പിന് ഇട്ടിരുന്നത്. ഫാത്തിമ ഗമാല്‍ സൗദ് ദിയബ് എന്ന ഇവര്‍ ഫാത്തിമ ഗമാല്‍, ഗമാല്‍ സൗദ്, ഫാത്തിമ ദിയാബ് തുടങ്ങിയ പേരുകള്‍ കൂപ്പണില്‍ ഉപയോഗിച്ചിരുന്നത്. സമാന രീതിയിലായിരുന്ന ഇവരുടെ ഭര്‍ത്താവ് മുഹമദ് അബ്ദുള്‍ സലാം മുഹമദ് അല്‍ ഗറബിലിയും. വാണിജ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി ഒത്തുചേര്‍ന്നുള്ള തട്ടിപ്പാണ് അരങ്ങേറിയത്.
പ്രമുഖ ചാരിറ്റി സംഘടനയില്‍ പ്രവര്‍ത്തിച്ച് വരുകയായിരുന്നു ഈജിപ്ഷ്യന്‍ സ്ത്രീ രാജ്യം വിടാന്‍ ശ്രമിക്കുന്നതിന് ഇടയില്‍ വിമാനത്താവളത്തില്‍ വച്ചാണ് പിടിയിലായത്.
ഇവരുടെ ഭര്‍ത്താവ് ഒരു പ്രസ് കമ്പിനിയിലെ ജീവനക്കാരനാണ്. ഭര്‍ത്താവിന്റെ നിര്‍ദ്ദേശപ്രകാരമാണ് തട്ടിപ്പിന് കൂട്ട് നിന്നതെന്ന് സ്ത്രീ ചോദ്യംചെയ്യലില്‍ വ്യക്തമാക്കി. അധികൃതര്‍ വിശദമായ അന്വേഷണം നടത്തി വരുകയാണ്. 2023-മുതല്‍ ഇത്തര കൃത്രിമങ്ങള്‍ നടത്തി വരുന്നതായും റിപ്പോര്‍ട്ടുണ്ട്.
ശൃംഖലയെ സംബന്ധിച്ച് കൂടുതല്‍ അന്വേഷിച്ചുവരികയാണ് ആഭ്യന്തര മന്ത്രാലയം അധികൃതര്‍ വ്യക്തമാക്കി. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകാനാണ് സാധ്യത.