പെരുന്നാൾ ഒരുക്കം: ഷാർജ വിമാനത്താവളത്തിൽ ഈദ് അവധിക്ക് എത്തുക 5 ലക്ഷം യാത്രക്കാർ

Mail This Article
ഷാർജ ∙ ഈദുൽ ഫിത്ർ അവധിക്കാലത്ത് 5 ലക്ഷത്തിലേറെ യാത്രക്കാരെ സ്വാഗതം ചെയ്യാൻ ഒരുങ്ങി ഷാർജ രാജ്യാന്തര വിമാനത്താവളം. നാളെ മുതൽ ഏപ്രിൽ 6 വരെയുള്ള കാലയളവിൽ 3,344 വിമാനങ്ങൾ സർവീസ് നടത്തുമെന്നും ഇതിലൂടെ 5 ലക്ഷത്തിലേറെ യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നതെന്നും വിമാനത്താവള അധികൃതർ വ്യക്തമാക്കി.
തിരക്ക് നേരിടാനും എയർപോർട്ട് സജ്ജമാണെന്നും ബന്ധപ്പെട്ട സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവർത്തിച്ച് യാത്രാനടപടികൾ സുഗമമാക്കുമെന്നും ഷാർജ എയർപോർട്ട് അതോറിറ്റി (എസ്എഎ) അറിയിച്ചു. തിരക്കേറിയ സമയങ്ങളിൽ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന് ഷാർജ എയർപോർട്ട് അതോറിറ്റി സമഗ്ര പദ്ധതി വികസിപ്പിച്ചു.
യാത്രക്കാർക്ക് വേഗത്തിൽ സഹായം ലഭ്യമാക്കുന്നതിന് ഉപഭോക്തൃ സേവന ടീമുകളെ ഊർജിതമാക്കും.വിവിധ വകുപ്പുകളിൽ കൂടുതൽ ജീവനക്കാരെയും വിന്യസിച്ചു. മുതിർന്ന പൗരന്മാർ, കുട്ടികൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് പ്രത്യേക സേവനം ലഭ്യമാക്കും. നിമിഷ നേരം കൊണ്ട് ചെക്ക്-ഇൻ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്ന സ്മാർട്ട് സാങ്കേതികവിദ്യകൾ ഉപയോഗിക്കാൻ യാത്രക്കാർ മുന്നോട്ടുവരണമെന്നും വിമാനത്താവള അധികൃതർ ആവശ്യപ്പെട്ടു.
ഡിജിറ്റൽ സംവിധാനം ഉപയോഗപ്പെടുത്തിയാൽ തടസ്സമില്ലാതെ വേഗത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാം. വിമാനം പുറപ്പെടുന്നതിന് 3 മണിക്കൂർ മുൻപെങ്കിലും യാത്രക്കാർ വിമാനത്താവളത്തിൽ എത്തിയാൽ യാത്രാ നടപടിക്രമങ്ങൾ എളുപ്പത്തിൽ പൂർത്തിയാക്കാൻ സാധിക്കുമെന്നും ഷാർജ എയർപോർട്ട് അതോറിറ്റി അറിയിച്ചു.