‘ദുബായ് ടു അബുദാബി’ യാത്ര 10 മിനിറ്റ് മാത്രം; വരുന്നത് ‘പറക്കും ടാക്സി’ യുഗം

Mail This Article
അബുദാബി ∙ ദുബായിൽനിന്ന് എയർ ടാക്സിയിൽ 10-20 മിനിറ്റുകൊണ്ട് അബുദാബിയിലേക്കു പറക്കാവുന്ന എയർ ടാക്സി സേവനം വർഷാവസാനത്തോടെ ആരംഭിക്കും.നിലവിൽ 60-90 മിനിറ്റാണ് യാത്രയ്ക്ക് വേണ്ടിവരുന്നത്.വർഷാവസാനത്തോടെ യുഎഇയിലെത്തുന്ന ‘മിഡ്നൈറ്റ്’ എയർടാക്സികൾ ഈ വർഷം സർവീസ് ആരംഭിക്കാനുള്ള ഒരുക്കത്തിലാണെന്ന് ആർച്ചർ ഏവിയേഷൻ അധികൃതർ അറിയിച്ചു. ഇതോടെ മധ്യപൂർവദേശത്ത് ഈ സേവനം ആരംഭിക്കുന്ന ആദ്യ നഗരമാകും അബുദാബി. ടിക്കറ്റ് നിരക്ക് 800 മുതൽ 1500 ദിർഹം വരെ.
ദുബായ്ക്കകത്തുള്ള എയർ ടാക്സി യാത്രയ്ക്ക് ഏകദേശം 300–350 ദിർഹമാകും. യാത്ര മറ്റു എമിറേറ്റിലേക്കാണെങ്കിൽ നിരക്ക് 800 ദിർഹത്തിന് മുകളിലും. ദൂരം അനുസരിച്ചാണ് നിരക്ക്. നിലവിൽ കാറിൽ ഒന്നര മണിക്കൂർ എടുക്കുന്ന ദൂരമാണ് ഫ്ലൈയിങ് ടാക്സി 10–20 മിനിറ്റിൽ പിന്നിടുക. വർഷാവസാനത്തോടെ പരിശീലന പറക്കൽ പൂർത്തിയാക്കി ഹ്രസ്വദൂര സർവീസ് ആരംഭിക്കാനാണ് നീക്കം. 2026ഓടെ എല്ലാ പ്രധാന എമിറേറ്റുകളിലേക്കും സേവനം തുടങ്ങും. പൈലറ്റും നാല് യാത്രക്കാരും ഉൾപ്പെടെ 5 പേർക്കു സഞ്ചരിക്കാവുന്ന എയർ ടാക്സിയാണ് ആർച്ചർ മിഡ്നൈറ്റ്.ഭൂമിയിൽനിന്നും 500–3000 മീറ്റർ ഉയരത്തിലാണ് പറക്കുക. വ്യോമയാന വകുപ്പിന്റെ അന്തിമ അനുമതിക്കു ശേഷമാകും റൂട്ട് തീരുമാനിക്കുക.
ഫ്ലൈയിങ് ടാക്സി കൂടി വരുന്നതോടെ യുഎഇയിലെ ടൂറിസം കൂടുതൽ ശക്തമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. രാജ്യത്തിനകത്തും പുറത്തും ഇ– എയർ ടാക്സി സേവനം ആരംഭിക്കുന്നതിനുള്ള കരാറിൽ അബുദാബി ഏവിയേഷൻ ഗ്രൂപ്പും ആർച്ചർ ഏവിയേഷനും കരാർ ഒപ്പിട്ടു.