ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ഷിക്കാഗോ/തിരുവനന്തപുരം ∙ പ്രവാസ സാഹിത്യത്തിൽ വേണ്ടത് ഗൃഹാതുരത്വമല്ല, ജീവിതാനുഭവങ്ങളാണെന്ന് വിഖ്യാത സാഹിത്യകാരൻ സക്കറിയ. എഴുത്തുകാരനും ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാനാ) സെക്രട്ടറിയുമായ എസ്. അനിലാലിന്റെ ‘സബ്രീന’ എന്ന കഥാസമാഹാരം പ്രകാശനം ചെയ്യുകയായിരുന്നു സക്കറിയ. പ്രശസ്ത പ്രഭാഷകനും അർബുദരോഗ ചികിത്സാവിദഗ്ദ്ധനുമായ ഡോ. എം വി. പിള്ളയ്ക്ക്, കഥാസമാഹാരത്തിന്റെ പ്രതി, ‘സൂം’ സങ്കേതത്തിലൂടെ പകർന്നാണ് പ്രകാശനം നിർവഹിച്ചത്. ഷിജി അലക്സ് ഷിക്കാഗോ, പുസ്തക പരിചയം നടത്തി. 

പുതിയ കഥകളുടെ ഭൂപടത്തിൽ അനിലാലിന് വ്യക്തമായ സ്ഥാനമുണ്ടെന്ന് സക്കറിയ അഭിപ്രായപ്പെട്ടു. ‘സബ്രീന’യിലെ ഓരോ കഥയും മലയാളികളുടെ സമകാലീന ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന പുതിയ സമീപനങ്ങളാണ്. പുതിയ വഴികളാണ് ഓരോ കഥയും തുറക്കുന്നത്. വളരെ ഊർജ്ജസ്വലമായ ഭാഷ. കഥാപാത്രങ്ങളായി വരുന്ന മനുഷ്യരുടെ ആത്മാവിലേയ്ക്കും അവരുടെ ചിന്തകളിലേയ്ക്കും പ്രത്യേകതകളിലേയ്ക്കുമുള്ള ഉൾക്കാഴ്ചകൾ ആ ഭാഷ കൊണ്ടു വരുന്നുണ്ട്.  

അനിലാലിന്റെ എഴുത്തും കഥകളും ഉദാഹരിക്കുന്നത്, പ്രവാസികളുടെ എഴുത്തിനോട് മലയാളസാഹിത്യത്തിൽ വന്ന സമീപനത്തിലുള്ള മാറ്റം കൂടിയാണെന്ന് സക്കറിയ ചൂണ്ടിക്കാട്ടി.  പ്രവാസികളുടെ ജീവിത അനുഭവങ്ങൾ പ്രവാസി എഴുത്തുകാരുടെ എഴുത്തിൽ വളരെ കാലങ്ങളായിട്ട് ഉണ്ടായിരുന്നില്ല. അമേരിക്കയിലെയോ യൂറോപ്പിലെയോ ഓസ്ട്രേലിയയിലെയോ മലയാളിയുടെ ജീവിതാനുഭവങ്ങൾ പ്രവാസികളുടെ എഴുത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല. പകരം ഗൃഹാതുരത്വം ആയിരുന്നു അടിസ്ഥാന വിഷയം. അക്കാലത്ത് വന്ന മലയാളികൾ, അമേരിക്കയിൽ ഇരുന്ന് കേരളത്തെ, അവർ ഉപേക്ഷിച്ചു പോന്ന സ്വർഗ്ഗീയ നാടിനെ, വീണ്ടും വീണ്ടും സ്വപ്നം കണ്ടുകൊണ്ട് എഴുതുകയാണ് ചെയ്തത്. അവരുടെ കണ്ണീരും കിനാവും എല്ലാം അതിനകത്ത് ഉണ്ടായിരുന്നു. എന്നാൽ ആ അവസ്ഥയ്ക്കാണ് അനിലാലിന്റെ കഥകളും, നിർമ്മലയുടെ നോവലുകളും, കെ.വി. പ്രവീൺ, തമ്പി ആന്റണി, രാജേഷ് വർമ എന്നിവരെ പോലുള്ള കഥാകൃത്തുക്കളുടെ കഥകളും വ്യത്യാസം ഉണ്ടാക്കിയത്. ഡോക്ടർ എം.വി. പിള്ളയും എതിരൻ കതിരവനും ഉൾപ്പെടെഉള്ള വൈജ്ഞാനിക ലേഖകർ, മീനു എലിസബത്തിനെ പോലുള്ള സാമൂഹിക വിമർശകർ ആ രംഗങ്ങളിൽ ഇതിനകം മാറ്റം ഉണ്ടാക്കിയിട്ടുണ്ട്.

പ്രവാസി എഴുത്തുകാരെ മുഖ്യധാരാ പ്രസിദ്ധീകരണങ്ങൾ പ്രോത്സാഹിപ്പിക്കുന്നില്ല എന്നൊരു പരാതി ഉണ്ടായിരുന്നു. ഗ്രഹാതുരത്വം മാത്രം വിഷയമായിത്തുടർന്നപ്പോൾ, കുഞ്ഞാറ്റക്കിളിയുടെ കാര്യവും കൊതുമ്പു വള്ളത്തിന്റെ കാര്യവും എഴുതാൻ കേരളത്തിൽ തന്നെ ആയിരക്കണക്കിന് ആളുകൾ ഉണ്ടായിരുന്നപ്പോൾ, അമേരിക്കയിലിരുന്നുള്ള അത്തരം എഴുത്ത് പ്രതീക്ഷിക്കുന്നില്ല. പ്രതീക്ഷിക്കുന്നത്, ഫീഡ്ബാക്ക് ആണ്. മലയാളികൾ അമേരിക്കയിൽ ജീവിക്കുമ്പോഴുണ്ടാകുന്ന, അഭിമുഖീകരിക്കുന്ന കാര്യങ്ങളുടെ ഫീഡ്ബാക്ക് ആണ് കേരളത്തിലെ മലയാളി പ്രതീക്ഷിക്കുന്നത്. അത്തരത്തിലൊരു എഴുത്തിന്  കേരളത്തിൽ അംഗീകാരം ലഭിക്കുവാൻ യാതൊരു തടസ്സവും ഉണ്ടാവില്ല. അമേരിക്കൻ പ്രവാസിയുടെ എഴുത്ത് നേരത്തെ സൂചിപ്പിച്ച എഴുത്തുകാരുടെ രചനകളിലൂടെ മുഖ്യധാരയിലേക്ക് പ്രവേശിച്ചിട്ടുണ്ട് എന്നതാണ് സത്യം. അതിനിനിയും മുന്നോട്ടുപോകാൻ കഴിയും. ട്രംപ് പോയതോടുകൂടി, അമേരിക്ക അവസാനിച്ചു എന്നുള്ള തോന്നലിൽ നിന്ന്, നമ്മൾ വിമുക്തരായ സ്ഥിതിക്ക്, ഇനിയും ഒരു അമേരിക്ക ഉണ്ടാകും. ഏതെല്ലാമോ രീതികളിൽ ഇതിന്റെയൊക്കെ കഥകൾ ഇനി അമേരിക്കൻ എഴുത്തുകാരിൽ നിന്ന് ഉണ്ടാകാൻ ഇരിക്കുന്നതേയുള്ളു എന്ന് സക്കറിയ പ്രത്യാശ പ്രകടിപ്പിച്ചു. 

പ്രശസ്ത സാഹിത്യകാരനും സാഹിത്യ അക്കാദമി പ്രസിഡന്റുമായ വൈശാഖൻ അവതരികയെഴുതിയ ‘സബ്രീന’ തൃശൂരിലെ ഐവറി ബുക്ക്സ് ആണ് പ്രസാധനം ചെയ്തിട്ടുള്ളത്. 

പ്രവാസ ജീവിതത്തിലും, പ്രവാസഗാർഹിക പരിസരങ്ങളിലും കാണുന്ന ഒറ്റപ്പെടലുകൾ, വിഹ്വലതകൾ, വേവലാതികൾ, തിരസ്കാരങ്ങൾ എന്നീ സവിശേഷാനുഭവങ്ങളൊക്കെ, ‘സബ്രീനാകഥകളിൽ’ പുഷ്ടിപ്പെട്ടുനിൽക്കുന്നത് കാണാൻ കഴിയുമെന്ന് വായനാനുഭവം പരിചയപ്പെടുത്തിയ ഷിജി അലക്സ് ചിക്കാഗോ ചൂണ്ടിക്കാണിച്ചു. പലപ്പോഴും നമ്മുടെ ജീവിതം തന്നെയാണോ അവിടെ എന്ന് നമുക്ക് തോന്നും. ജീവിക്കുമ്പോൾ നമ്മൾ കൊടുക്കുന്ന കരുതലുകൾ, ആ ജീവിതങ്ങളോട്, അവർ മരിക്കുമ്പോൾ കാണിക്കാൻ, പലപ്പോഴും പറ്റാതെ പോകുന്നു എന്നുള്ളത്, ‘താങ്ക്സ്ഗിവിംഗ്’ എന്ന കഥയിൽ, ശക്തമായി ആവിഷ്ക്കരിക്കുന്നുണ്ട്. ‘തന്മാത്ര’ എന്ന ആദ്യകഥയിൽ ജന്മത്തിന്റെ  വേര് അന്വേഷിച്ച്, അമ്മയെ തേടിപ്പോകുന്ന, മാലതി എന്ന കഥാപാത്രമുണ്ട്. കഥയിൽ സ്നേഹത്തിന് ഒരു പ്രത്യേക നിർവചനം കൊടുക്കുന്നുണ്ട്: ‘അഭിമാനമെന്ന തുരുമ്പിൽ ഉടക്കി കീറി പോകുന്ന പഴന്തുണി ആവാം ഏതു സ്നേഹവും’ എന്ന് .രണ്ടു താറാവുകളുടെ ജീവിതം പറയുന്ന ‘ഇര’ എന്ന കഥയിൽ, കഥാകാരൻ പറയാൻ ആഗ്രഹിക്കുന്ന കാര്യം, ‘ചിലരുടെ ജീവിതം മറ്റുചിലർക്ക് ഇരകൾ മാത്രമാണ്’ എന്നതാണ്. സബ്രീന എന്ന കഥ,  ആദ്യം വായിച്ചപ്പോൾ, ‘ലോല’യിലെ പോലുള്ള പത്മരാജൻപ്രണയമാണോ പറഞ്ഞു വരുന്നത് എന്ന് തോന്നി.  കുടുംബ ജീവിതത്തിൽ  അത്രമാത്രം ഇഴചേർന്നിരിക്കുന്ന ബന്ധങ്ങളുടെ മൂല്യം പറയുന്നതാണ് ‘സബ്രീന’  എന്ന് രണ്ടാം വായനയിൽ മനസിലായി. പന്ത്രണ്ട് കഥകളിൽ അവസാനം, ‘കിങ് സോളമൻ’, വിവേകിയും രാജാവുമായ  സോളമന്റെ സ്ഥാനത്തു, കഥയിൽ നാം കാണുന്നത്, കള്ളത്തരങ്ങൾ മാത്രം കാട്ടി, ജീവിതമുന്നേറ്റം നടത്തി, പരാജയപ്പെടുന്ന ജ്ഞാനദാസ് സോളമനെയാണ്.  

എഴുത്തിലൂടെ അനിലാൽ നമ്മുടെ ഒറ്റപ്പെടലുകളിൽ ചില പാലങ്ങൾ പണിയാൻ ശ്രമിക്കുന്നുണ്ട്. അമേരിക്ക പോലുള്ള രാജ്യത്ത്, വ്യക്തി ജീവിതത്തിൽ, നമുക്ക് എങ്ങനെയാണ് അക്ഷരങ്ങൾ കൂട്ട് ആകുന്നത് എന്ന് അനിലാലിന്റെ കഥകൾ ഓർമ്മപ്പെടുത്തുന്നു. നമ്മുടെ ജീവിതത്തിലെ ബഹളങ്ങളിൽ നിന്ന് നമ്മളെ ഒന്ന് ‘ഗ്രൗണ്ട്’ ചെയ്യുവാൻ, പുസ്തകങ്ങൾ വളരെയേറെ സഹായിക്കുന്നുണ്ട്. ഈ സന്ദർഭത്തിൽ, നമുക്ക് പ്രത്യേകിച്ചും, ‘സബ്രീന’ എന്ന പുസ്തകം ഒരു നല്ല വായനയാണ്. 

പ്രവീൺ വൈശാഖൻ (ഐവറി ബുക്സ്), ആമി ലക്ഷ്മി, എം. പി. ഷീല, സാമുവേൽ യോഹന്നാൻ, ലാനാ ട്രഷറാർ കെ കെ ജോൺസൺ എന്നിവർ ആശംസകളർപ്പിച്ചു. യോഗത്തിൽ ലാനാ പ്രസിഡൻ്റ് ജോസൻ ജോർജ് അധ്യക്ഷനായിരുന്നു. ശങ്കർ മന, പ്രോഗ്രാം എം. സി. ആയിരുന്നു. വൈസ് പ്രസിഡന്റ്  ജെയിൻ ജോസഫ് സ്വാഗതവും ജോയിന്റ് സെക്രട്ടറി ജോർജ് നടവയൽ നന്ദിയും പ്രകാശിപ്പിച്ചു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com