ADVERTISEMENT

ന്യൂജേഴ്സി ∙ അമേരിക്കയുടെ ചരിത്രത്തിൽ തന്നെ ഒരു പക്ഷെ ആദ്യമായി ന്യൂജേഴ്സിയിലെ ഒരു ക്രൈസ്തവ സഹോദരന്റെ ഭവനത്തിൽ ഇവിടുത്തെ മുസ്‍ലിം കുടംബങ്ങളെ ആദരിച്ച് പരിശുദ്ധ റംസാൻ മാസത്തിൽ ഹൈന്ദവ - ക്രിസ്തീയ സഹോദരങ്ങൾ ഒത്തു ചേർന്നു സംഘടിപ്പിച്ച സമൂഹ നോമ്പ് തുറയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത് അത്യന്തം ഹൃദ്യവും ആനന്ദകരവുമായ അനുഭവമായി.

നമ്മുടെ നാട്ടിൽ അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും കൂട്ടിയുള്ള നോമ്പുതുറകൾക്ക് പുറമെ പള്ളികളിലും പൊതു സ്ഥലങ്ങളിലും നടക്കുന്ന നോമ്പ് തുറകൾ സർവ്വ സാധാരണമാണ്. എന്നാൽ, ഒരു അമേരിക്കൻ മലയാളി സുഹൃത്ത് മറ്റു അമുസ്‍ലിം കുടുംബങ്ങളെ കൂടി ചേർത്ത് നാട്ടിലെ പരമ്പരാഗത രീതിയിൽ ഇഫ്താർ നടത്തിയത് ഒരനുഭവമാണ്. 

കഴിഞ്ഞ വർഷത്തെ ഇഫ്താർ സംഗമത്തിൽ വച്ചാണ് അമേരിക്കയിൽ സ്ഥിര താമസമാക്കിയ തൃശൂർ സ്വദേശിയും മലയാളി വ്യവസായിയുമായ സുഹൃത്ത് അനിൽ പുത്തഞ്ചിറ ഒരു ആശയം പരസ്യമായി പ്രകടിപ്പിച്ചത്. അടുത്ത വർഷത്തെ നോമ്പുതുറ എന്റെ വീട്ടിൽ വച്ചായിരിക്കും എന്ന ആ പ്രഖ്യാപനം അന്ന് അത്ര കാര്യമായി എടുത്തിരുന്നില്ല.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

എന്നാൽ, ഞാൻ നാട്ടിൽ നിന്നും വന്ന് ഒരാഴ്ച പോലും കഴിഞ്ഞിട്ടില്ലാത്ത സമയത്ത് മാർച്ച് 9ന് ന്യൂജേഴ്സിയിൽ തന്റെ വീട്ടിൽ വച്ച് നടക്കുന്ന ഇഫ്താറിന് ക്ഷണിച്ചുകൊണ്ട് അനിൽ പുത്തഞ്ചിറയുടെ സന്ദേശം എത്തി. യാത്രാദൂരവും നാട്ടിൽ നിന്നും വന്ന ശാരീരിക ക്ഷീണവും കണക്കിലെടുത്ത് പോകാൻ മടിച്ചെങ്കിലും ന്യൂജേഴ്സിയിൽ തന്നെയുള്ള സുഹൃത്തും വ്യവസായിയും സഹ പ്രവർത്തകനുമായ കുണ്ടോട്ടി സ്വദേശി ഹനീഫ എരഞ്ഞിക്കലിന്റെ നിർബന്ധവും ന്യൂയോർക്കിലെ എന്റെ അയൽവാസി അബ്ദുക്ക (അബ്ദു വെട്ടിക്കാട്, ആലുവ)  സഹയാത്രികനായി കൂടെ വരാം എന്ന വാഗ്ദാനവും കൂടി ആയപ്പോഴും അനിലിന്റെ സ്നേഹപൂർവമുള്ള നിർബന്ധവും കാരണം പോകാൻ തന്നെ തീരുമാനിക്കുകയായിരുന്നു.

ഒന്നര മണിക്കൂർ യാത്ര ചെയ്തു നേരത്തെ തന്നെ ന്യൂജേഴ്സിയിലെ സുഹൃത്ത് സമദ്ക്ക നിർദ്ദേശിച്ച പ്രകാരം സൂര്യാസ്തമയത്തിന് ഒരു മണിക്കൂർ മുമ്പ് തന്നെ അനിലിന്റെ വിശാലമായ വീട്ടുമുറ്റത്ത് എത്തി. അപ്പോൾ തന്നെ ഇഫ്താർ ചടങ്ങിന്റെ വലിപ്പവും പൊലിമയും ബോധ്യപ്പെട്ടു. റംസാനോടനുബന്ധിച്ച് അനിലിന്റെ മനോഹരമായ മാൻഷൻ മുഴുവൻ ദീപാലകൃതമാക്കിയിരുന്നു, അകത്തെ ചുമരുകൾ റംസാൻ സന്ദേശങ്ങളും വിളക്കുകളും കൊണ്ട് അലങ്കരിച്ചിരിക്കുകയാണ്. നൂറുക്കണക്കിന് മുസ്‍ലിം കുടുംബങ്ങൾക്ക് പുറമെ ധാരാളം അമുസ്‍ലിം കുടുംബങ്ങളും അമേരിക്കയിലെ ഫോ , ഫൊക്കാന, ഡബ്ലിയു .എംഎഫ് , വേൾഡ് മലയാളി കൗൺസിൽ, കാഞ്ച്, മഞ്ച്, കെഎംസിസി, നന്മ, ഇന്ത്യാ പ്രസ് ക്ലബ്, എംഎംഎൻ ജെ , എംഎംപിഎ തുടങ്ങി എല്ലാ പ്രമുഖ സംഘടനകളുടെയും മുതിർന്ന നേതാക്കളും മാധ്യമ പ്രവർത്തകരും അടങ്ങിയ മനോഹരമായ ആൾക്കൂട്ടം. എല്ലാവരും ഒത്തുചേർന്നപ്പോൾ അമേരിക്കയിലെ മലയാളികൾക്കിടയിൽ സമൂഹ നോമ്പ് തുറ ഒരു മഹാസംഭവമായി മാറി. 

മലബാറിലെ വിഭവസമൃദ്ധമായ നോമ്പുതുറയെ വെല്ലുന്ന വിധത്തിലുള്ള ഒരുക്കങ്ങളാണ് അവിടെ കാണാൻ കഴിഞ്ഞത്. അനിലിനും ഭാര്യ റീനയ്ക്കും മകൻ അലനും പുറമെ അവിടെ കൂടിയ ഹൈന്ദവ-ക്രിസ്ത്യൻ - സിക്ക് കുടുംബാംഗങ്ങൾ വരെ വളരെ കരുതലോടും സ്നേഹാദരവുകളോടും കൂടിയായിരുന്നു വ്രതം അനുഷ്ടിച്ചു വന്ന അതിഥികളെ സ്വീകരിച്ചിരുത്തിയിരുന്നത്. ഇഷാക് ഷബീറിന്റെ ഖുർആൻ പാരായണത്തോടെ തുടക്കം കുറിച്ച ഇഫ്താർ ചടങ്ങിൽ ആതിഥേയൻ അനിൽ പുത്തഞ്ചിറ അതിഥികൾക്ക് സ്വാഗതമോതി. ഇങ്ങനെ ഒരു വേദിയൊരുക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും ഇത് ദൈവത്തിന്റെ അനുഗ്രഹമാണെന്നും അദ്ദേഹം പറഞ്ഞു. നന്മയും കരുതലും സ്നേഹവും മത സൗഹാർദവും ഊട്ടിയുറപ്പിക്കുന്ന അനിലിന്റെയും കുടുംബത്തിന്റെയും ഈ മാതൃക എല്ലാവരും പിൻ പറ്റണമെന്ന അബ്ദു സമദ് പൊനേരിയുടെ റംസാൻ സന്ദേശം കാലികമായിരുന്നു.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

ഫോമയുടെ മുൻ പ്രസിഡണ്ട് അനിയൻ ജോർജ്, ഫൊക്കാന മുൻ പ്രസിഡണ്ട് പോൾ കറുകപ്പള്ളി, ഡബ്ലിയു എം എഫ് ഗ്ലോബൽ കോ ഓർഡിനേറ്റർ ഡോക്ടർ ആനി ലിബു,  ഫൊക്കാന പ്രസിഡണ്ട് സജിമോൻ ആൻ്റണി, ഫോമ ജനറൽ സെക്രട്ടറി ബൈജു വർഗ്ഗീസ്, ഇ മലയാളി മാനേജിംഗ് ഡയറക്ടർ സുനിൽ ട്രൈസ്റ്റാർ, പ്രമുഖ പൊതു പ്രവർത്തകനും  വ്യവസായികളുമായ ദിലീപ് വർഗ്ഗീസ്, ഹനീഫ് എരഞ്ഞിക്കൽ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങ് കൃത്യവും ഭംഗിയുമാക്കുന്നതിൽ കോഴിക്കോട്ടുകാരി സ്വപ്ന രാജേഷ് മികവ് കാട്ടി. റംസാൻ  കാലത്ത് തങ്ങൾക്ക് ഒരു ദിവസം വിശ്രമം നൽകി ഭംഗിയായി നോമ്പു തുറപ്പിച്ചതിന് ഷാഹിനി ഹനീഫിന്റെ നേതൃത്വത്തിൽ മുസ്‍ലിം സഹോദരിമാർ അനിലിനും ഭാര്യ റീനക്കും ഉപഹാരം സമ്മാനിച്ചു.

ഗായകൻ സിജി ആനന്ദിന്റെ ഗസലും വേറിട്ട അനുഭവം സമ്മാനിച്ചു. കൂടുതൽ ഉണർവും ഐക്യവും സുരക്ഷിത ബോധവും പകർന്ന ഒരു ചടങ്ങായിരുന്നു പ്രിയ സുഹൃത്ത് അനിലിന്റെ ഈ നോമ്പുതുറ സംഗമം. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇത്തരം കൂടിച്ചേരലുകൾ ഉണ്ടാവണമെന്നും എല്ലാവർഷവും നമുക്ക് ഇത് തുടരാൻ കഴിയട്ടെ എന്ന പ്രാർഥനയോടെയുമാണ് അവിടെനിന്ന് എല്ലാവരും പിരിഞ്ഞത്.

English Summary:

Community fasting organized in honor of Muslim families in New Jersey

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com