ഗർഭകാലത്തും ശീലങ്ങൾ മുടക്കില്ല; ദീപികയുടെ യോഗയ്ക്ക് ആരാധകരുടെ കയ്യടി
Mail This Article
ജൂൺ 24 മുതൽ ജൂലൈ 24 വരെയാണ് സ്വയം പരിചരണ മാസമായി ആചരിക്കുന്നത്. എന്നാൽ എന്നും സ്വയം പരിചരിക്കാൻ കഴിയുമ്പോൾ എന്തിനാണ് സ്വയം പരിചരണ മാസം എന്നാണ് ദീപിക പദുക്കോൺ ചോദിക്കുന്നത്. ഗർഭിണിയായ ദീപിക വ്യായാമം ചെയ്യുന്ന ഫോട്ടോ സോഷ്യൽമീഡിയയിൽ പങ്കുവച്ചാണ് ഈ ചോദ്യം ചോദിച്ചിരിക്കുന്നത്.
'നല്ലൊരു വർക്ഔട്ട് എനിക്ക് ഇഷ്ടമാണ്. സുന്ദരിയായി ഇരിക്കാനല്ല, ആരോഗ്യത്തോടെ ഇരിക്കാനാണ് ഞാൻ വ്യായാമം ചെയ്യുന്നത്. ഓർമവച്ച കാലം മുതൽ വ്യായാമം എന്റെ ജീവിതത്തിന്റെ ഭാഗമാണ്. വർക്ഔട്ട് ചെയ്താലും ഇല്ലെങ്കിലും ഈ വ്യായാമം ഞാൻ എന്നും ചെയ്യും.' എന്ന് കുറിച്ചുകൊണ്ടാണ് വിപരീതകരണി ചെയ്യുന്ന ഫോട്ടോ ഷെയർ ചെയ്തത്.
കാലുകൾ ചുമരിനോട് ചേർത്ത് ഉയർത്തി വയ്ക്കുന്ന ഈ യോഗാസനം എങ്ങനെ ചെയ്യണമെന്നും ആരെല്ലാം ചെയ്യരുതെന്നും വിശദമായി ദീപിക കുറിച്ചിട്ടുണ്ട്. ഗർഭിണികൾക്ക് ഇതെങ്ങനെ ഉപയോഗം ചെയ്യുമെന്നും ദീപിക പറയുന്നു. നീണ്ട വിമാനയാത്രയ്ക്ക് ശേഷം ഈ യോഗാസനം ചെയ്യുന്നത് നല്ലതാണെന്നും ദീപിക അഭിപ്രായപ്പെടുന്നുണ്ട്.
ബോളിവുഡിന്റെ രാജ്ഞിക്ക് ആശംസകൾ എന്നും ഗർഭകാലത്ത് എങ്ങനെ ഇത്രയും നന്നായി ചെയ്യാൻ കഴിയുന്നവെന്നുമാണ് കമന്റുകൾ. ഈ യോഗാസനം ഒരു മാജിക് പോലെ പ്രവർത്തിക്കുമെന്ന് പോസ്റ്റിനു താഴെ രൺവീർ സിംഗും കമന്റു ചെയ്തു.
ഇനി എന്താണ് വിപരീതകരണി എന്ന് അറിയണ്ടേ?
മലർന്നു നിവർന്നു കിടക്കുക. കൈ കോര്‍ത്ത് തലയുടെ പുറകിൽ വയ്ക്കുക. അപ്പർ ബോഡി പൂർണമായും വിശ്രമിക്കാന്‍ അനുവദിക്കുക. ഇരു കാലിലെയും പേശികൾ ടൈറ്റ് ചെയ്യാവുന്നതാണ്. കാൽപാദം മുന്നോട്ട് നീട്ടുക. കാൽമുട്ട് മുറുക്കിയ ശേഷം ശ്വാസഗതിക്കനുസരിച്ച് ഇരു കാലുകളും 90 ഡിഗ്രിയിലുയർത്താം. ശ്വാസം വിട്ട് ഈ പോസ്ചറിൽ വിശ്രമിക്കാവുന്നതാണ്. കാൽ ഉയർത്താൻ ബുദ്ധിമുട്ടുള്ളവർക്ക് ചുമരിൽ ചാരാവുന്നതാണ്. കാല് ചുമരിനോട് ചേർത്ത് വച്ച് വിപരീതകരണിയിൽ വിശ്രമിക്കുക. പതിയെ തിരികെ വരിക. 3–5 മിനിട്ട് വരെ ഈ പോസ്ചറിൽ തുടരുന്നത് നിങ്ങളുടെ മാനസികപ്രശ്നങ്ങൾക്കും ഉറക്കമില്ലായ്മയ്ക്കും മാറ്റം കൊണ്ടു വരും.