കോവിഡിനെതിരെയുള്ള ആന്‍റിബോഡി കോക്ടെയ്ല്‍ തെറാപ്പിക്ക് ഇന്ത്യയിലും പ്രചാരമേറുന്നു

Mail This Article
കോവിഡ് രോഗികളെ അണുബാധയുടെ സങ്കീര്‍ണതകളില്‍ നിന്ന് രക്ഷിക്കുന്ന ആന്‍റിബോഡി കോക്ടെയ്ല്‍ തെറാപ്പിക്ക് ഇന്ത്യയിലും പ്രചാരമേറുന്നതായി റിപ്പോര്‍ട്ടുകള്‍. മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പെടെയുള്ളവരുടെ കോവിഡ് ചികിത്സയ്ക്ക് ഉപയോഗപ്പെടുത്തിയ ഈ ചികിത്സാ രീതി നാളിതു വരെ ഇന്ത്യയില്‍ 35,000 ലധികം രോഗികള്‍ക്ക് നല്‍കപ്പെട്ടതായി കണക്കുകള്‍ വ്യക്തമാക്കുന്നു. മുംബൈയില്‍ മാത്രം 1100ലധികം രോഗികള്‍ക്ക് ആന്‍റിബോഡി കോക്ടെയ്ല്‍ തെറാപ്പി ലഭിച്ചു.
പൂര്‍ണമായും വാക്സീന്‍ എടുക്കാത്ത, പ്രതിരോധശേഷി കുറഞ്ഞ, ഉയര്‍ന്ന റിസ്കുള്ള 12 വയസ്സിനു മുകളിലുള്ള രോഗികള്‍ക്കാണ് ഈ തെറാപ്പി ശുപാര്‍ശ ചെയ്യപ്പെടുന്നത്. നാലു ദിവസത്തോളം ലക്ഷണങ്ങളുടെ ദൈര്‍ഘ്യം വെട്ടിച്ചുരുക്കാന്‍ ഈ തെറാപ്പിയില്‍ ഉപയോഗിക്കുന്ന ആന്‍റിബോഡികള്‍ക്ക് സാധിക്കും.
കൊറോണ വൈറസിനെതിരെ ആന്‍റിബോഡികള്‍ ഉത്പാദിപ്പിച്ചാണ് നമ്മുടെ ശരീരം കോവിഡിനെതിരെ പൊരുതുന്നത്. പ്രതിരോധശേഷി കുറഞ്ഞവരില്‍ ഈ ആന്‍റിബോഡി ഉത്പാദനം കുറവായിരിക്കും. അത്തരം ഘട്ടങ്ങളില്‍ Casirivimab, Imdevimab എന്നീ രണ്ട് ആന്‍റിബോഡികള്‍ ലാബില്‍ വച്ച് കലര്‍ത്തി രോഗിയിലേക്ക് കുത്തിവയ്ക്കുകയാണ് ആന്‍റിബോഡി കോക്ടെയ്ല്‍ തെറാപ്പിയില്‍ ചെയ്യുക. ഇത് പ്രതിരോധ സംവിധാനത്തെ അനുകരിച്ച് ശരീരത്തെ വൈറസില്‍ നിന്ന് രക്ഷിക്കുന്നു. വൈറസ് മനുഷ്യകോശങ്ങളിലേക്ക് ഒട്ടിപ്പിടിക്കുന്നതിനെ തടയുക വഴി അണുബാധ കുറയ്ക്കാന്‍ ഈ തെറാപ്പിക്ക് സാധിക്കും. കോവിഡ് രോഗികളുടെ ആശുപത്രിവാസ സാധ്യതകളും ഈ തെറാപ്പി വെട്ടിച്ചുരുക്കും.
ലക്ഷണങ്ങളുടെ ദൈര്‍ഘ്യം കുറയ്ക്കുക മാത്രമല്ല കോവിഡ് മൂലമുള്ള മരണങ്ങള്‍ 70 ശതമാനം കുറയ്ക്കാനും ആന്‍റിബോഡി കോക്ടെയ്ല്‍ ചികിത്സയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ദ ഹെല്‍ത്ത്സൈറ്റ്.കോം റിപ്പോര്‍ട്ട് ചെയ്യുന്നു. പെട്ടെന്ന് രോഗമുക്തി നേടാനും ഈ ചികിത്സ സഹായകമാണ്. അടുത്തിടെ മലയാള സാഹിത്യകാരന്‍ എം.കെ. സാനുവിനും ആന്‍റിബോഡി കോക്ടെയ്ല്‍ തെറാപ്പി വിജയകരമായി നല്‍കിയിരുന്നു.
ലഘുവായത് മുതല്‍ മിതമായതു വരെയുള്ള കോവിഡ് ലക്ഷണങ്ങളുള്ളവര്‍ക്ക് മാത്രമേ ഈ തെറാപ്പി നല്‍കാന്‍ സാധിക്കുകയുള്ളൂ. രോഗിയുടെ കോവിഡ് തീവ്രത വിലയിരുത്തിയ ശേഷമാണ് ഡോക്ടര്‍മാര്‍ ഈ തെറാപ്പി അനുയോജ്യമാണോ എന്ന തീരുമാനമെടുക്കുക. 12 വയസ്സില്‍ താഴെയുള്ളവര്‍ക്കും തീവ്രമായ തോതില്‍ കോവിഡ് ബാധിച്ച് ആശുപത്രിയിലായ, ഓക്സിജന്‍ തെറാപ്പി ആവശ്യമുള്ള തരം രോഗികള്‍ക്കും ഇത് അനുയോജ്യമല്ല. കോവിഡ് ബാധിച്ച് 48 മുതല്‍ 72 മണിക്കൂറുകള്‍ക്കകം ആന്‍റിബോഡി ചികിത്സ നല്‍കേണ്ടതാണ്.
English Summary : Antibody Cocktail Therapy is a Boon for COVID-19 Patients