ADVERTISEMENT

ബ്ലാക്ക് ഫംഗസ് എന്നറിയപ്പെടുന്ന മ്യൂക്കര്‍മൈക്കോസിസ് ബാധ മൂലം തലയോട്ടിയുടെ 75 ശതമാനവും കേടുപറ്റി ഗുരുതരാവസ്ഥയിലായ 30 വയസ്സുകാരന് 3-ഡി റീകണ്‍സ്ട്രക്റ്റീവ് സര്‍ജറിയിലൂടെ പുതുജൻമം. ഇതോടെ രാജ്യത്തെയും ഒരു പക്ഷേ ഏഷ്യയിലെതന്നെയും ഏറ്റവും വലിയ തലയോട്ടി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കാണ് കൊച്ചി വിപിഎസ് ലേക്‌ഷോര്‍ ഹോസ്പിറ്റലിലെ ന്യൂറോസര്‍ജിക്കല്‍ ടീം സാക്ഷിയായത്.  കടുത്ത ഫംഗസ് ബാധ മൂലം മറ്റൊരു ആശുപത്രിയില്‍ രണ്ടു വര്‍ഷം മുന്‍പുതന്നെ തലയോട്ടിയില്‍ വലിയൊരു അസ്ഥിമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വന്ന രോഗിയിലാണ് ഇപ്പോള്‍ വീണ്ടും ശസ്ത്രക്രിയ നടന്നത്. ആദ്യശസ്ത്രക്രിയയ്ക്കു ശേഷവും ചികിത്സ തുടരുകയും പിന്നീട് തലയോട്ടിയുടെ 75%വും നീക്കം ചെയ്യേണ്ടി വരികയും ചെയ്തതാണ് വെല്ലുവിളിയായത്. 

 

brain-surgery

ശ്വാസകോശത്തിൽ മലിനജലം എത്തിയതുമൂലമുണ്ടായ അണുബാധ ന്യൂമോണിയ ആകുകയും പിന്നീട് തലയോട്ടിയിൽ ഗുരുതരമായ ബ്ലാക്ക് ഫംഗസ് ബാധിക്കുകയുമായിരുന്നു. ഇതേ തുടർന്നാണ് ഫംഗല്‍ ബാധയേറ്റ തലയോട്ടിയുടെ 75%വും രണ്ട് വർഷം മുൻപ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. ഇത്തരമൊരു വലിയ ശസ്ത്രക്രിയയിലൂടെ രോഗിയുടെ രൂപത്തിലും വ്യത്യാസം സംഭവിക്കുകയും കവചം നഷ്ടപ്പെട്ടതിലൂടെ തലച്ചോറിനുള്ള അതീവ ഗുരുതരമായ അപകടസാധ്യതത തുടരുകയും ചെയ്തു. രൂപമാറ്റം രോഗിയുടെ ആത്മവിശ്വാസത്തെയും സാമൂഹ്യജീവിതത്തെയും തകര്‍ക്കുന്നതുമായിരുന്നു. ഇതു കണക്കിലെടുത്ത് വിശദമായ ഒരു സൗന്ദര്യാത്മക പുനര്‍നിര്‍മാണം ലക്ഷ്യമിട്ടുള്ള ശസ്ത്രക്രിയയ്ക്കാണ് ലേക്‌ഷോറിലെ ന്യൂറോസര്‍ജിക്കല്‍ ടീം തയാറെടുത്തത്. രോഗിക്ക് ഇണങ്ങുന്ന തരം ടൈറ്റാനിയം നിര്‍മിത തലയോട്ടി ഇംപ്ലാന്റ് ഉപയോഗിച്ചുള്ള അതീവസൂക്ഷ്മമായ ഒരു ത്രിഡി ശസ്ത്രക്രിയയാണ് നടന്നത്.

 

മൂന്നു മണിക്കൂറിലേറെ നീണ്ടുനിന്ന ശസ്ത്രക്രിയയ്ക്ക് സീനിയര്‍ കണ്‍സൽറ്റന്റ് ന്യൂറോസര്‍ജന്‍ ഡോ. അരുണ്‍ ഉമ്മന്‍, സീനിയര്‍ കണ്‍സൽറ്റന്റും ന്യൂറോസര്‍ജറി വിഭാഗം തലവനുമായ ഡോ. സുധീഷ് കരുണാകരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. അത്യപൂര്‍വമായ ഈ ശസ്ത്രക്രിയയുടെ തുടക്കത്തില്‍ കേടു വന്ന ഭാഗം പൂര്‍ണമായും തുറന്ന് ബാക്കികിടന്ന അസ്ഥിഖണ്ഡങ്ങള്‍ മുഴുവനായും നീക്കം ചെയ്തു. തുടര്‍ന്നാണ് ടൈറ്റാനിയം ഇംപ്ലാന്റ് വച്ചു പിടിപ്പച്ചത്. അസോഷ്യേറ്റ് കണ്‍സൽറ്റന്റ് ന്യൂറോസര്‍ജന്‍ ഡോ. സി അനില്‍, കണ്‍സൽറ്റന്റ് ന്യൂറോസര്‍ജന്‍ ഡോ അജയ് കുമാര്‍, ചീഫ് ഓഫ് ന്യൂറോഅനസ്‌തീസിയ ഡോ. ഫ്രാന്‍സിസ് മണവാളന്‍, കണ്‍സൽറ്റന്റ് അനസ്‌തീറ്റിസ്റ്റ് ഡോ. അനു തുടങ്ങിയവരുടെ സേവനവും ഈ ഘട്ടത്തിലുണ്ടായി.

 

ആഗോള മെഡിക്കല്‍ ടെക്‌നോളജിക്കല്‍ സ്ഥാപനമായ ലൂസിഡ് ഇംപ്ലാന്റ്‌സാണ് രോഗിക്കിണങ്ങിയ ടൈറ്റാനിയം ഇംപ്ലാന്റ് നിര്‍മിച്ചു നല്‍കിയത്. ഇത്തരത്തില്‍പ്പെട്ട ഏറ്റവും വലിയ ഇംപ്ലാന്റാണ് തങ്ങള്‍ നിര്‍മിച്ചു നല്‍കിയതെന്ന് ലൂസിഡ് ഇംപ്ലാന്റ്‌സ് അധികൃതര്‍ അവകാശപ്പെടുന്നു. തങ്ങളുടെ അറിവില്‍ ഏഷ്യയിലെത്തന്നെ ഇത്തരത്തില്‍പ്പെട്ട ഏറ്റവും വലിയ ഇംപ്ലാന്റാണ് ഇതെന്നും അവര്‍ പറഞ്ഞു. ശസ്ത്രക്രിയയെത്തുടര്‍ന്ന് രോഗി അതിവേഗം സാധാരണ ജീവിതത്തിലേക്ക് ഡോക്ടർമാർ അറിയിച്ചു.

Content Summary : Mucormycosis affected patient's rare surgery

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com