ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

നഗരത്തിലെ ഒരു പ്രമുഖ വനിതാ ഡെന്റിസ്റ്റ്ന് അപ്രതീക്ഷിതമായാണ് സംസാര ശേഷി നഷ്ടമാവുകയും വലതു കൈയും കാലും പൂര്‍ണമായി തളര്‍ന്നു പോവുകയും ചെയ്തത്. മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. എന്താണ് അവൾക്ക് സംഭവിക്കുന്നതെന്നറിയാതെ ഭർത്താവും കുടുംബാംഗങ്ങളും കുഴങ്ങി. ഫിസിയോതെറാപ്പിസ്റ്റ് കൂടിയായ ഭർത്താവ് മുൻകൈയെടുത്താണ് എത്രയും വേഗം ആശുപത്രിയിലെത്തിച്ചത്. ലക്ഷണങ്ങൾ പരിശോധിച്ച ഡോക്ടർക്കു പെട്ടെന്നുതന്നെ കാര്യം പിടികിട്ടി: സ്ട്രോക്ക് ആണ്. അതും വെറും 27 വയസ്സുള്ളപ്പോൾ!  സ്കാനിങ്ങിൽ തലച്ചോറിലെ രക്തക്കുഴലിൽ ഉണ്ടായ ഒരു രക്തക്കട്ടയാണ് സ്‌ട്രോക്കിലേക്ക് നയിച്ചതെന്ന് കണ്ടെത്തി. 

 

തലച്ചോറിലേക്ക് രക്തമെത്തിക്കുന്ന ഞരമ്പുകളിൽ രക്തം കട്ടപിടിക്കുന്നത് കാരണമാണ് 85% പേരിലും സ്ട്രോക്ക് അഥവാ മസ്തിഷ്കാഘാതം ഉണ്ടാകുന്നത്. ബാക്കി 15 ശതമാനം പേരിൽ തലച്ചോറിലെ രക്തക്കുഴലുകൾ പൊട്ടി ഉണ്ടാകുന്ന ആന്തരിക രക്തസ്രാവമാണ് സ്‌ട്രോക്കിന് കാരണമാകുന്നത്. പണ്ടൊക്കെ പ്രായമായവരില്‍ കണ്ടുവന്നിരുന്ന സ്ട്രോക്ക്, ഇന്ന് ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ കാരണം ചെറുപ്പക്കാരെ പോലും ബാധിക്കുന്നു. 

 

ഏതെങ്കിലും ആശുപത്രിയിൽ എത്തിച്ചാൽ പോര 

ലക്ഷണങ്ങൾ തുടങ്ങിക്കഴിഞ്ഞാൽ എത്ര വേഗം ആശുപത്രിയിൽ എത്തിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് രോഗിയുടെ അതിജീവന സാധ്യത നിലനിൽക്കുന്നത്. അതും സ്‌ട്രോക്കിന് ചികിത്സ ലഭ്യമായ, സി ടി സ്കാൻ  മുതലായ സൗകര്യങ്ങളുള്ള ഒരു ആശുപത്രിയിൽ തന്നെ എത്തിക്കണം.

 

സ്ട്രോക്ക് ലക്ഷണങ്ങൾ കാണിക്കുന്ന രോഗിയെ നാലരമണിക്കൂറിനുള്ളില്‍ ആശുപത്രിയില്‍ എത്തിക്കാനായാൽ, ഒരു ഇൻജെക്‌ഷൻ നൽകി രോഗിയെ രക്ഷിക്കാം. ഐ വി ത്രോംബോളിസിസ് (IV Thrombolysis) എന്നറിയപ്പെടുന്ന ഈ ചികിത്സാ രീതിയിൽ ഞരമ്പിലെ രക്തക്കട്ട അലിയിച്ചു കളയുകയാണ് ചെയ്യുന്നത്. 

 

കൈകാലുകൾ രണ്ടും കുഴഞ്ഞ്, സംസാര ശേഷിയും നഷ്ടപ്പെട്ട് കോഴിക്കോട് നഗരത്തിലെ ഒരു ആശുപത്രിയിലെത്തിയ 40 വയസ്സുള്ള ഒരു പുരുഷൻ, ഈ ഇൻജെക്‌ഷൻ എടുത്തതോടെ 24 മണിക്കൂറിനുള്ളിൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവന്നത് അടുത്തിടെയാണ്.

 

നാലരമണിക്കൂര്‍ കഴിഞ്ഞാണ് രോഗി ആശുപത്രിയിൽ എത്തുന്നതെങ്കിൽ ഞരമ്പിലൂടെ വളരെ നേര്‍ത്ത വയറുകളും ,ട്യൂബുകളും അഥവ കത്തീറ്റര്‍ കടത്തിവിട്ട്, രക്തക്കട്ടയെ ആ ഭാഗത്ത് നിന്ന് വലിച്ച് പുറത്തേക്കെടുക്കുന്ന ചികിത്സയാണ് നൽകാറുള്ളത്. ഇതിനെ മെക്കാനിക്കല്‍ ത്രോംബെക്ടമി (Mechanical Thrombectomy) എന്നാണ് വിളിക്കുന്നത്. തലച്ചോറിൽ സ്ട്രോക്ക് മൂലം കാര്യമായ തകരാറുകൾ ഉണ്ടായിട്ടില്ലെന്ന് സ്കാനിൽ തെളിഞ്ഞാൽ, 24 മണിക്കൂർ വരെ കഴിഞ്ഞെത്തുന്ന രോഗികൾക്കും ഈ ചികിത്സ നൽകാറുണ്ട്.

 

വൈകി വരുന്ന രോഗികൾക്ക് ആദ്യം രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകളാണ് നൽകുന്നത്. കൊളസ്‌ട്രോൾ കുറയ്ക്കാനുള്ള മരുന്നുകളും നല്‍കും. തുടര്‍പരിശോധനകളില്‍ ചില രോഗികളില്‍ രക്തകുഴലില്‍ 50 ശതമാനത്തിലധികം ബ്ലോക്ക് കാണപ്പെടുകയാണെങ്കില്‍ സ്റ്റെന്റ് ഇടുകയോ അല്ലെങ്കില്‍ സര്‍ജറി (Endarterectomy)യോ ആണ് ചെയ്യുന്നത്. ഭാവിയില്‍ വീണ്ടും സ്‌ട്രോക്ക് വരുന്നത്  തടയാന്‍ ഇത്തരം ചികിത്സ രീതികള്‍ സഹായിക്കും.

 

മെക്കാനിക്കല്‍ ത്രോംബെക്ടമി (Mechanical Thrombectomy) എന്ന ചികിത്സയിലൂടെയാണ് നമ്മൾ ആദ്യം പറഞ്ഞ ഇരുപത്തിയേഴുകാരിയായ ഡെന്റിസ്റ്റിനെ ഡോക്ടർമാർ തിരികെ ജീവിതത്തിലേക്ക് കൊണ്ട് വന്നത്. കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കിയ  ഭർത്താവ് കൃത്യസമയത്ത് തന്നെ ആശുപത്രിയിൽ എത്തിക്കുകയും ഉടനെ തന്നെ അടിയന്തര ചികിത്സ നടത്താൻ ഡോക്ടർമാർക്ക് അനുമതി നൽകി. വെറും മൂന്ന് മാസത്തിനുള്ളിൽ ആ രോഗി സാധാരണ ജീവിതത്തിലേക്ക് മടങ്ങിപ്പോവുകയും ഡെന്റൽ പ്രാക്റ്റീസ് തുടരുകയും ചെയ്തു.

 

സ്‌ട്രോക്കിന് ശേഷം 

സ്ട്രോക്ക് വന്നവരിൽ 40 മുതൽ 60 ശതമാനം പേരിലും എന്തെങ്കിലും തരത്തിലുള്ള ശാരീരിക വൈകല്യങ്ങളോ ശക്തിക്കുറവോ കാണാറുണ്ട്. ഇവർക്ക് ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി, ഒക്യുപേഷണൽ തെറാപ്പി (Occupational Therapy), എന്നിവ ആവശ്യമാണ്. പലപ്പോഴും ഇതെല്ലാം കൂടിച്ചേർന്ന ഒരു സമഗ്ര ചികിത്സയാണ് വേണ്ടത്.

 

പാർക്കിൻസൺസ് രോഗവും സ്‌ട്രോക്കും 

പാർക്കിൻസൺസ് രോഗവും സ്ട്രോക്കും തമ്മിൽ നേരിട്ട് ബന്ധമൊന്നുമില്ല. പക്ഷേ സ്ട്രോക്ക് വന്ന രോഗികളിൽ പാർക്കിൻസൺസ്  രോഗത്തിന്റെ ചില ലക്ഷണങ്ങൾ കാണാറുണ്ട്. തലച്ചോറിന്റെ ചില പ്രത്യേക ഭാഗങ്ങളിൽ സ്ട്രോക്ക് സംഭവിച്ച് കഴിഞ്ഞാലാണ് ഇത്തരം ലക്ഷണങ്ങൾ കാണാറുള്ളത്, ഇതിനെ വസ്ക്യൂലർ പാർക്കിൻസോണിസം (vascular Parkinsonism) എന്ന് പറയുന്നു.

 

ഈ ലക്ഷണങ്ങൾ കണ്ടാൽ പിന്നെ ചികിത്സ വൈകരുത്

●   മുഖം ഒരു ഭാഗത്തേക്ക് കോടിപ്പോവുക

●   കൈകാലുകളില്‍ പെട്ടെന്നുണ്ടാകുന്ന തളർച്ച

●   അപ്രതീക്ഷിതമായി സംസാരശേഷി നഷ്ടമാകുക (സംസാരിക്കുമ്പോൾ വാക്കുകൾ കിട്ടാതിരിക്കുക, പ്രയാസം അനുഭവപ്പെടുക, മറ്റൊരാൾ പറയുന്നത് മനസ്സിലാക്കാൻ കഴിയാതെ വരിക എന്നിവയും സ്‌ട്രോക്കിന്റെ ലക്ഷണമാകാം)

●   നടക്കുമ്പോൾ ബാലൻസ് തെറ്റുക 

●   കാഴ്ചയോ കേൾവിയോ നഷ്ടമാകുക 

●   പെട്ടെന്ന് മറവി ഉണ്ടാകുക.

 

ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഉടനെ രോഗിയെ സ്ട്രോക്ക് ചികിത്സ ലഭ്യമായ ആശുപത്രിയിൽ എത്തിക്കുക. പ്രായമേറുന്തോറും സ്ട്രോക്കിന്റെ റിസ്കും കൂടിക്കൂടി വരുന്നു. പുരുഷന്മാരിൽ 45 വയസ്സിന് ശേഷവും സ്ത്രീകളിൽ 55 വയസ്സിന് ശേഷവും സ്ട്രോക്ക് വരാനുള്ള സാധ്യത കൂടുതലാണ്.

 

കോവിഡിനു ശേഷം

കോവിഡ് വന്നുപോയവരുടെ ശരീരത്തിൽ പലഭാഗത്തും രക്തം കട്ടപിടിക്കുന്ന സാഹചര്യം ഇപ്പോൾ കൂടുതലായി കാണുന്നുണ്ട്. ഇത്തരക്കാരും സ്ട്രോക്ക് വരാൻ സാധ്യതയുള്ളവരുടെ ലിസ്റ്റിലാണ്. തലച്ചോറിലേക്കുള്ള വലിയ രക്തക്കുഴലുകളിൽ പോലും കോവിഡിന് ശേഷം ബ്ലോക്ക് ഉണ്ടാകാറുണ്ട്. പ്രായം കുറഞ്ഞവരിൽ ഇപ്പോൾ സ്ട്രോക്ക് ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന് കോവിഡ് ആണ്. 

 

 

സ്ട്രോക്ക് ഒരു ജീവിതശൈലി രോഗമാണോ?

അതെ എന്നാണ് ആ ചോദ്യത്തിനുള്ള ഉത്തരം. രക്തസമ്മർദം, പ്രമേഹം, കൊളസ്‌ട്രോൾ എന്നിവ നിയന്ത്രണത്തിലാണ് എന്നുറപ്പ് വരുത്തണം. അവയ്ക്ക് മരുന്നുകൾ കഴിക്കുന്നവരാണെങ്കിൽ ഡോക്ടറുടെ അനുമതിയില്ലാതെ അവ നിർത്തരുത്. ഹൃദയത്തിന്റെ താളമിടിപ്പിൽ വരുന്ന വൃതിയാനങ്ങളും സ്‌ട്രോക്കിന് കാരണമാകാം.

 

സ്‌ട്രോക്കിനെ പ്രതിരോധിക്കാൻ

●   അമിതമായ ഉപ്പിന്റെ ഉപയോഗം ഒഴിവാക്കുക 

●   അമിതമായി കൊഴുപ്പടങ്ങിയ ഭക്ഷണം ഒഴിവാക്കുക 

●   മദ്യം, പുകവലി എന്നിവ ഉപേക്ഷിക്കുക 

●   അന്നജം കുറവുള്ള ഭക്ഷണം കഴിക്കുക 

●   മുടങ്ങാതെ വ്യയാമം ചെയ്യുക (ആഴ്ചയിൽ 2.5 മണിക്കൂർ എങ്കിലും)

   

( കോഴിക്കോട്  ആസ്റ്റർ മിംസ് ന്യൂറോളജി സീനിയർ കൺസൽറ്റന്റാണ് ലേഖകൻ)

Content Summary: Stroke: Causes, Treatment, Symptoms and Prevention

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com