തന്റെ കൈയിൽ കിടന്നുള്ള പ്രിയകൂട്ടുകാരിയുടെ മരണം നഴ്സിങ്ങിലെത്തിച്ചു; ഇന്ന് ഗ്ലോബൽ നഴ്സിങ് അവാർഡ് അന്തിമപട്ടികയിലെത്തിയ മലയാളി
Mail This Article
ലോകം മുഴുവൻ ഉറ്റുനോക്കുന്ന ഒരു പുരസ്കാരം, പ്രത്യേകിച്ച് രാജ്യാന്തര നഴ്സസസ് ദിനമായ മെയ് 12ന് നഴ്സുമാർ കാത്തിരിക്കുന്ന ഒന്ന്, ആസ്റ്റർ ഗ്വാഡിയൻ ഗ്ലോബൽ നഴ്സിങ് അവാർഡ്. ഈ വർഷത്തെ അവാർഡ് ചടങ്ങിൽ നമ്മൾ ഇന്ത്യക്കാർക്ക് അഭിമാനമായി രണ്ടു പേരുണ്ട്, അതിൽ ഒരാളാകട്ടെ നമ്മുടെ കൊച്ചു കേരളത്തിൽ നിന്നാണ് ലോകത്തിന്റെ നെറുകയിലുള്ള ആ പുരസ്കാരത്തിന്റെ അന്തിമ ലിസ്റ്റിൽ സ്ഥാനം പിടിച്ചിരിക്കുന്നത്. ഇടുക്കി ജില്ലയിലെ തൊടുപുഴ സ്വദേശിയും ഡബ്ലിൻ മെറ്റർ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ അസിസ്റ്റന്റ് ഡയറക്ടർ ഓഫ് നഴ്സിങ് ആൻഡ് ഇൻഫെക്‌ഷൻ കൺട്രോളറുമായ ജിൻസി ജെറി. ലണ്ടനിലെ ക്വീന്‍ എലിസബത്ത് സെന്ററില്‍ ഇന്നു നടക്കുന്ന ചടങ്ങിലാണ് വിജയിയെ പ്രഖ്യാപിക്കുന്നത്. ആ ധന്യനിമിഷത്തിനു സാക്ഷിയാകാൻ ലണ്ടനിലെത്തിയ ജിൻസി മനോരമ ഓൺലൈനൊപ്പം ചേരുന്നു.
ഗ്ലോബൽ നഴ്സിങ് പുരസ്കാര വേദി വരെ എത്തി നിൽക്കുകയാണ് ജിൻസി, ഈ ധന്യനിമിഷത്തിൽ വിജയകിരീടം ചൂടാനുള്ള തയാറെടുപ്പിലാണോ? എന്താണ് ഗ്ലോബൽ നഴ്സിങ് പുരസ്കാരം
തൊടുപുഴയിലെ ഒരു സാധാരണ കുടുംബത്തിൽ നിന്ന് ഇന്ന് ലണ്ടനിലെ ഈ പുരസ്കാര വേദി വരെ എത്താൻ കഴിഞ്ഞതിൽ ഏറെ സന്തോഷവും അഭിമാനവുമുണ്ട്. ഇപ്പോൾ ആകാംക്ഷയുടെ മുൾമുനയിലാണ് ഞാനും. 202 ലേറെ രാജ്യങ്ങളില്‍ നിന്നായി റജിസ്റ്റര്‍ ചെയ്ത 52,000 നഴ്സുമാരില്‍ നിന്ന് അവസാന 10 പേരിൽ എത്താൻ കഴിഞ്ഞതുതന്നെ ഒരു വലിയ ഭാഗ്യം.
ലോകമെമ്പാടുമുള്ള നഴ്സുമാരുടെ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കുന്നതിനായി ആസ്റ്റര്‍ ഏര്‍പ്പെടുത്തിയതാണ് ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ്ങ് പുരസ്‌കാരം. വിവിധ രാജ്യങ്ങളിൽ നിന്നായി 10 പേരാണ് അവസാന പട്ടികയിൽ സ്ഥാനം പിടിച്ചിരിക്കുന്നത്. വിജയിക്ക് 250,000 യു.എസ് ഡോളര്‍ അതായത് രണ്ടു കോടി രൂപയാണ് സമ്മാനമായി ലഭിക്കുക. അന്തിമ പട്ടികയിൽ എത്തിയതുതന്നെ എന്റെ ഒരു വിജയമായാണ് ഞാൻ കാണുന്നത്.
വിദേശജോലി സ്വപ്നം കണ്ട് നഴ്സിങ് മേഖല തിരഞ്ഞെടുത്തതായിരുന്നോ?
ഞാൻ നഴ്സ് ആയതിനു പിന്നിൽ അമ്മയുടെ പ്രചോദനം ആണെന്നു പറയാം. ടീച്ചറായിരുന്നു അമ്മ. എന്നെ ചെറുപ്പം മുതൽ പൊതുജന സേവനവുമായി ബന്ധപ്പെട്ട പരിപാടികളിലൊക്കെ പങ്കെടുപ്പിക്കുമായിരുന്നു. അതുപോലെ സ്കൂളിലെ എല്ലാ പരിപാടികളിലും ഞാനൊരു ഭാഗമായിരുന്നു. സ്കൂളിൽ കുട്ടികളൊക്കെ ഓടിക്കളിക്കുമ്പോഴോ വീഴുമ്പോഴോ ഒക്കെ അപകടം ഉണ്ടായാൽ പ്രാഥമിക ശുശ്രൂഷ നൽകാൻ എനിക്ക് ഇഷ്ടമായിരുന്നു. അന്നേ അമ്മ പറയുമായിരുന്നു നിന്നെ ഒരു നഴ്സ് ആക്കണമെന്ന്. അപ്പോഴും എന്റെ മനസ്സിൽ നഴ്സ് എന്നതിന് അത്ര വലിയ സ്ഥാനം ഞാൻ നൽകിയിരുന്നില്ല. പക്ഷേ അടുത്ത കൂട്ടുകാരിക്ക് സംഭവിച്ച മരണം, അതും എന്റെ കൈകളിൽ കിടന്ന്, അതെന്നെ ഏറെ വിഷമത്തിലാക്കിയിരുന്നു. അപസ്മാര ബാധിതയായിരുന്നു അവൾ. ഒരു ദിവസം സ്കൂളിലേക്കു പോകുമ്പോൾ രോഗം പെട്ടെന്നു വരുകയും മരണത്തിനു കീഴ്പ്പെടുകയുമായിരുന്നു. അന്നെനിക്ക് മനസ്സിലായി സഹാനുഭൂതിയോ സേവന മനോഭാവമോ മാത്രം പോരാ, അറിവു കൂടി ഉണ്ടെങ്കിലേ ജീവൻ രക്ഷിക്കാൻ സാധിക്കൂവെന്ന്. അന്നു മുതലാണ് ഞാൻ ശരിക്കും നഴ്സിങ്ങിനെ സ്നേഹിച്ചു തുടങ്ങിയത്.
പിന്നെ വിദേശജോലി, അത് വളരെ യാദൃച്ഛികമായി എന്നിലേക്ക് വന്നു ചേർന്നതാണെന്നു പറയാം. പ്രീഡിഗ്രി പഠനശേഷം ഡൽഹി ഹംദാദ് യൂണിവേഴ്സിറ്റി ജാമിയ ഹംദാദിൽ നിന്ന് ബിഎസ്‍സി നഴ്സിങ് നേടി. ശേഷം നാലുവർഷം നഴ്സിങ് ട്യൂട്ടറായി ഡൽഹിയിലും പഞ്ചാബിലും ജോലി ചെയ്തു. 2004–ൽ ഞാൻ ഡൽഹിയിൽ ജോലി ചെയ്യുന്ന സമയത്ത് അയർലൻഡിൽ നിന്നുള്ള ഒരുകൂട്ടം ഡയറക്ടേഴ്സ് ഓഫ് നഴ്സിങ് ഡൽഹിയിലെത്തുകയും അവർ എന്റെ ആശുപത്രി സന്ദർശിക്കുകയും ചെയ്തു. അന്ന് ഇവരുടെ ഓറിയന്റേഷൻ ഇൻചാർജ് എനിക്കായിരുന്നു. ഓറിയന്റേഷൻ കഴിഞ്ഞപ്പോൾ അയർലൻഡിലേക്ക് വരുന്നുണ്ടോ എന്നു ചോദിക്കുകയും ജോലിയും ഉപരി പഠനവും അവർ വാഗ്ദാനം നൽകുകയും ചെയ്തു. അങ്ങനെ 2005–ൽ ഡബ്ലിൻ നാഷനൽ മെറ്റേണിറ്റി ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്സായി ജോലിയിൽ പ്രവേശിച്ചു. ഇതിനിടയിൽ യൂണിവേഴ്സിറ്റി ഓഫ് മദ്രാസിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി. ബാക്കി പഠനമൊക്കെ ഡബ്ലിനിൽ എത്തിയശേഷമായിരുന്നു.
വിദേശ പഠനവും ജോലിയും ഒരുമിച്ചു കൊണ്ടുപോകാൻ ബുദ്ധിമുട്ടുണ്ടായിരുന്നോ?
ഒരിക്കലുമില്ല. ജോലിക്കൊപ്പം ഇപരിപഠനവും തുടർന്നു. ഡബ്ലിനിൽ നിന്നുതന്നെ കാൻസർ നഴ്സിങ്ങിൽ പോസ്റ്റ്ഗ്രാജുവേറ്റ് ഡിപ്ലോമയും നഴ്സിങ് ഇൻ ക്ലിനിക്കൽ പ്രാക്ടീസിൽ എംഎസ്‌സി ബിരുദവും നേടി. കൂടാതെ ഹെൽത് കെയർ എജ്യുക്കേഷനിൽ ഗ്രാജുവേറ്റ് ഡിപ്ലോമയും ഇൻഫെക്‌ഷൻ പ്രിവൻഷൻ ആൻഡ് കൺട്രോൾ നഴ്സിങ്ങിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും കരസ്ഥമാക്കി. നഴ്സിങ്ങിൽ പിഎച്ച്‍ഡിക്കു വേണ്ടി അയർലൻഡ് റോയൽ കോളജ് ഓഫ് സർജൻസിൽ പ്രപ്പോസൽ സമർപ്പിച്ചിരിക്കുകയാണ് . റോയൽ കോളജ് ഓഫ് സർജൻസിലും ട്രിനിറ്റി കോളജ് ഓഫ് നഴ്സിങ്ങിലും പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാർഥികൾക്ക് ക്ലാസ് എടുക്കുന്നുണ്ട്. രാജ്യാന്തര സമ്മേളനങ്ങളിൽ പ്രസന്റേഷൻ സ്പീക്കറായും ദേശീയ അന്തർദേശീയ കോൺഫറൻസുകളുടെ ഓർഗനൈസിങ് കമ്മിറ്റി മെമ്പറായും പ്രവൃത്തിക്കുന്നുണ്ട്. ഏകദേശം എട്ടോളം ഇന്നവേറ്റീവ് പ്രോജക്ടിന്റെ ഭാഗവുമാണ്.
കോവിഡ് സമയത്തെ പ്രവർത്തനം ഏറെ പ്രശംസ നേടിയതാണെന്നു കേട്ടിരുന്നു. അതിനെക്കുറിച്ച് വിശദീകരിക്കാമോ?
കോവിഡിന്റെ സമയത്ത് ഇൻഫെക്‌ഷൻ കൺട്രോൾ ഡിപ്പാർട്ട്മെന്റിൽ റോബോട്ടിക് പ്രോസസ് ഓട്ടോമേഷൻ എന്നൊരു സംവിധാനം തുടങ്ങി. നമുക്ക് ശ്രദ്ധ നൽകാൻ കഴിയുന്നതിലും അധികം രോഗികൾ ആശുപത്രിയിലെത്തിയപ്പോൾ ഇത് വളരെ ഉപകാരപ്രദമായിരുന്നു. ഈ സംവിധാനത്തിലൂടെ ഇൻഫെക്‌ഷൻ കൺട്രോൾ നഴ്സുമാരുടെ തൊഴിൽ ക്ഷമത വർധിപ്പിക്കാനും ചികിത്സാപിഴവുകൾ കുറയ്ക്കാനും രോഗികളുടെ സുരക്ഷിതത്വം ഉറപ്പാക്കാനും സാധിച്ചു.
കുടുംബം?
അമ്മ ചിന്നമ്മ ജേക്കബ്, അച്ഛൻ പരേതനായ ജേക്കബ്, ഭർത്താവ് ഐടി എൻജിനീയറാണ്, ജെറി സെബാസ്റ്റ്യൻ. മൂന്ന് ആൺമക്കളാണ് ക്രിസ്, ഡാരൻ, ഡാനിയേൽ.
Content Summary: Global Nurses Day Award Finalist Jincy Jerry's Interview