കണ്ണിൽ ചുവപ്പ്, വെള്ളം വരിക, പഴുപ്പ് അടിയുക; ചെങ്കണ്ണ് പകരാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
Mail This Article
കണ്ണിനേയും കൺപോളയെയും യോജിപ്പിക്കുന്ന ചർമപാളിയാണു കൺജങ്ടീവ്. ഇവയെ ബാധിക്കുന്ന നീരിനെയും ചുവപ്പുനിറത്തെയുമാണ് ചെങ്കണ്ണ് അഥവാ കൺജങ്ടിവൈറ്റിസ് (Conjunctivitis) എന്നു പറയുന്നത്. ഈ നേത്രരോഗം പെട്ടെന്ന് ഉണ്ടാവുകയും ദിവസങ്ങൾ കൊണ്ടു സുഖപ്പെടുകയും ചെയ്യുന്നു. എന്നാൽ അണുബാധയുടെ സ്വഭാവമനുസരിച്ചാണ് ചികിത്സ. അതിനാൽ എല്ലാവർക്കും ഒരേ മരുന്ന് ഫലം നൽകില്ല.
ചെങ്കണ്ണ് സാധാരണഗതിയിൽ രണ്ടു കണ്ണുകളെയും ബാധിക്കുമെങ്കിലും അസുഖം ആദ്യം ഒരു കണ്ണിൽ വരുകയും പിന്നെ അടുത്ത കണ്ണിലേക്കു പകരുകയും ചെയ്യുന്നത് സാധാരണമാണ്. കണ്ണിൽ ചുവപ്പുനിറം പ്രത്യക്ഷപ്പെടുന്നതാണു പ്രധാന ലക്ഷണം. എന്നാൽ മറ്റു നേത്രരോഗങ്ങളായ ഗ്ലോക്കോമ, യൂവിഐറ്റിസ്, ഐറൈറ്റിസ് എന്നിവയിലും ചുവപ്പുനിറം പ്രത്യക്ഷപ്പെടാറുണ്ട്.
ലക്ഷണങ്ങൾ
∙കണ്ണിൽ ചുവപ്പ്
∙വെള്ളം വരിക
∙പഴുപ്പടിയുക
ചെങ്കണ്ണു വരുമ്പോൾ കണ്ണിന്റെ വെളുത്ത ഭാഗത്തെയും അകത്തെ പോളയിലെയും രക്തക്കുഴലുകൾ വികസിക്കുന്നതു മൂലമാണു കണ്ണുകളിൽ ചുവപ്പുനിറം പ്രത്യക്ഷപ്പെടുന്നത്.
മൂന്നു തരം
സൂക്ഷ്മാണുക്കളാണു ചെങ്കണ്ണിനു പ്രധാന കാരണം. ഇവയെ ബാക്ടീരിയ, വൈറസ് എന്നിങ്ങനെ തരം തിരിക്കാം. മൂന്നാമതായി അലർജിയും ചെങ്കണ്ണിനു കാരണമായി കണ്ടുവരാറുണ്ട്.
∙ബാക്ടീരിയ : സൂക്ഷ്മാണുവായ വിവിധതരം ബാക്ടീരിയകൾ ചെങ്കണ്ണു സൃഷ്ടിക്കുന്നു. ഇതു മൂലമുള്ള ചെങ്കണ്ണിൽ മഞ്ഞനിറത്തിലുള്ള പഴുപ്പു ധാരാളമായി കണ്ണിൽ അടിയുന്നു. കൂടാതെ കണ്ണിൽ ചുവപ്പ്, പ്രകാശത്തിലേക്ക് നോക്കാനുള്ള അസ്വസ്ഥത, കണ്ണിൽ മണൽവാരിയിട്ടതുപോലുള്ള തോന്നൽ എന്നിവയും കാണും.
∙വൈറസ്: വെള്ളം പോലെയുള്ള സ്രവമാണു വൈറസ് മൂലമുള്ള ചെങ്കണ്ണിന്റെ സവിശേഷത. കൺജങ്ടീവയുടെ ഉള്ളിൽ രക്തസ്രാവം ഉണ്ടാകുന്നതു കൊണ്ടു കടുത്ത ചുവപ്പുനിറം കണ്ണിൽ ഉണ്ടാകാം.
∙അലർജി: ചില വസ്തുക്കളോടു ശരീരത്തിനുള്ള തീവ്രമായ പ്രതികരണമാണ് അലർജി. പൂമ്പൊടി, ചെറുപ്രാണികൾ, പൊടിപോലുള്ള വസ്തുക്കൾ എന്നിവ കണ്ണിൽ വീണാൽ അലർജികൊണ്ടുള്ള ചെങ്കണ്ണുണ്ടാകാം. കഠിനമായ ചൊറിച്ചിലാണ് ഇതിന്റെ പ്രധാന ലക്ഷണം.
ഗുരുതരമായാൽ
കണ്ണിൽ ചുവപ്പുമായി വരുന്ന രോഗിയെ നേത്രരോഗ വിദഗ്ധൻ പരിശോധിച്ച് അവ അപകടകാരിയല്ലാത്ത തരത്തിലുള്ള ചെങ്കണ്ണാണോ, അതോ ഗുരുതരമായ അവസ്ഥയുണ്ടാക്കുന്നതാണോ എന്ന് ഉറപ്പു വരുത്തും.
∙കാഴ്ചപരിശോധനയും ടോർച്ചുപയോഗിച്ചുള്ള പരിശോധനയും നടത്തുന്നു. ആവശ്യമെങ്കിൽ മൈക്രോസ്കോപ്, ഒപ്താൽമാസ്കോപ്, ടോണോമീറ്റർ തുടങ്ങിയ ഉപകരണങ്ങളുടെ സഹായത്തോടെ പരിശോധിക്കുകയോ ചെയ്യും.
∙കൂടാതെ കൾചർ– സെൻസിറ്റിവിറ്റി പരിശോധനയും നടത്തും. നേത്രപടലത്തെ ചെങ്കണ്ണു ബാധിച്ചിട്ടുണ്ടോ എന്നറിയാനുള്ള പരിശോധനയും നടത്തുന്നു.
ചികിത്സിച്ചു മാറ്റാം
∙ബാക്ടീരിയ മൂലമുള്ള ചെങ്കണ്ണ് ആന്റിബയോട്ടിക് തുള്ളിമരുന്നുകൾ ഉപയോഗിച്ചു ചികിത്സിക്കാം.
∙വൈറസ് കൊണ്ടുണ്ടാകുന്ന ചെങ്കണ്ണിന് മരുന്ന് ഫലപ്രദമല്ല. നമ്മുടെ ശരീരത്തിലെ ജന്മസിദ്ധമായ പ്രതിരോധശേഷി മൂലമാണ് ഇതു മാറുന്നത്.
∙അലർജി മൂലമുള്ള ചെങ്കണ്ണിന് ആന്റിഹിസ്റ്റമിൻ തുള്ളിമരുന്നുകൾ ഉപയോഗിച്ചു ചികിത്സിക്കുന്നു. അലർജി ഉണ്ടാകുന്ന വസ്തുവിൽ നിന്നും മാറിനിൽക്കാൻ രോഗികൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
∙ ചെങ്കണ്ണ് ശക്തമായാൽ ചിലപ്പോൾ സ്റ്റിറോയ്ഡുകൾ ചേർന്ന തുള്ളിമരുന്നുകൾ വരെ ഉപയോഗിക്കേണ്ടിവരുന്നു.
∙ഇത്തരം മരുന്നുകൾ ബാക്ടീരിയ മൂലമുള്ള ചെങ്കണ്ണിനുപയോഗിച്ചാൽ അസുഖം വഷളാകാൻ സാധ്യതയുണ്ട്.
∙വൈറസ്, ബാക്ടീരിയ തുടങ്ങിയവ മൂലമുള്ള ചെങ്കണ്ണ് പകരും. എന്നാൽ അലർജി മൂലമുള്ളവ മറ്റൊരാൾക്കു പകരില്ല.
പ്രതിരോധിക്കാം
∙അണുബാധ പടരാതിരിക്കാൻ രോഗിയും അവരെ പരിചരിക്കുന്നവരും ഇടയ്ക്കിടെ കൈകൾ കഴുകി ശുദ്ധമാക്കണം.
∙കണ്ണുനീരോ സ്രവമോ തുടയ്ക്കാനുപയോഗിക്കുന്ന പഞ്ഞി, തുണി മുതലായവ ഉടൻ നശിപ്പിക്കുകയും മറ്റു തുണികളിൽ നിന്നു മാറ്റി ചൂടുവെള്ളത്തിൽ കഴുകുകയും വേണം.
∙സ്കൂൾ കുട്ടികളിലും ചെങ്കണ്ണ് കണ്ടേക്കാം. മറ്റു കുട്ടികൾക്ക് അവ പകരാതിരിക്കാൻ ആരംഭത്തിൽത്തന്നെ ചികിത്സ തേടുകയും അണുബാധയെ നിയന്ത്രിക്കുകയും ചെയ്യുക.
∙സ്വയംചികിത്സ അരുത്.
പകരാതിരിക്കാൻ
1. വൈദ്യസഹായം തേടണം.
2. കറുത്ത കണ്ണട ധരിക്കുക.
3. ആദ്യ രണ്ടു ദിവസം മറ്റുള്ളവരുമായുള്ള സമ്പർക്കം കുറയ്ക്കുക.
4. കണ്ണിൽ തൊടാതിരിക്കുക. കണ്ണുനീരിൽ നിന്നും കൈകൾ വഴിയാണ് രോഗം പകരുക. അതിനാൽ തൊട്ടാൽ കൈകൾ കഴുകുക.
5. ഡോക്ടറുടെ നിർദേശപ്രകാരം മരുന്നു കൃത്യമായി ഉപയോഗിക്കുക.
6. ടിവി കാണുന്നതിലും വായിക്കുന്നതിലും തകരാറില്ല.
ബന്ധുക്കൾ ശ്രദ്ധിക്കേണ്ടത് :
1. രോഗിയുടെ സോപ്പ്, ചീപ്പ്, തോർത്ത്, തലയണ, ബെഡ്ഷീറ്റ്, കണ്ണട എന്നിവ ഉപയോഗിക്കരുത്.
2. രോഗിക്കു മരുന്ന് ഒഴിച്ചാൽ ഉടനെ തന്നെ കൈ കഴുകുക.
3. ഒരു കുപ്പിയിലെ മരുന്നു പലർക്കും ഉപയോഗിക്കരുത്. അണുബാധ വരാം.
4. കണ്ണിൽ തൊടാതിരിക്കുക.
5. രോഗം വരും മുമ്പ് ആന്റിബയോട്ടിക് തുള്ളിമരുന്നുകൾ ഉപയോഗിക്കരുത്.
വിവരങ്ങൾക്കു കടപ്പാട് – ഡോ. ദേവിൻ പ്രഭാകർ, ഡയറക്ടർ, ദിവ്യപ്രഭ ഐ ഹോസ്പിറ്റൽ. തിരുവനന്തപുരം
കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കാം: വിഡിയോ