ADVERTISEMENT

സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതിനായി ഒരു അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയും 5 സീനിയര്‍ റെസിഡന്റ് തസ്തികകളും സൃഷ്ടിച്ചു. അതിസങ്കീര്‍ണമായ രോഗാവസ്ഥകളില്‍ നിന്ന് രോഗികളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ സഹായിക്കുന്ന ഒരു മികച്ച ചികിത്സാ സംവിധാനമാണ് ക്രിട്ടിക്കല്‍ കെയര്‍. ഗുരുതര രോഗബാധ കാരണം അവയവങ്ങളുടെ പരാജയം നേരിടുന്ന രോഗികള്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കി അതിജീവനം സാധ്യമാക്കുകയാണ് ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം ചെയ്യുന്നത്. ഭാവിയില്‍ ക്രിട്ടിക്കല്‍ കെയര്‍ മെഡിസിനില്‍ ഡി.എം. കോഴ്‌സ് ആരംഭിക്കാനും ഈ രംഗത്ത് കൂടുതല്‍ വിദഗ്ധരെ സൃഷ്ടിക്കാനും ഇതിലൂടെ സാധ്യമാകുന്നതായും മന്ത്രി വ്യക്തമാക്കി.

ഹൃദയാഘാതം, സ്‌ട്രോക്ക്, ശ്വാസകോശ അണുബാധ, അവയവ പരാജയം, മസ്തിഷ്‌ക രോഗങ്ങള്‍, ക്യാന്‍സര്‍, ട്രോമകെയര്‍, ഗുരുതരാവസ്ഥയിലുള്ള ഗര്‍ഭിണികള്‍ തുടങ്ങിയ തീവ്രപരിചരണത്തിനായി ഐസിയുവില്‍ എത്തുന്ന പലതരം രോഗികള്‍ക്ക് അത്യാധുനിക തീവ്രപരിചരണം ലഭ്യമാക്കി ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ ക്രിട്ടിക്കല്‍ കെയര്‍ വിഭാഗത്തിന് കഴിയുന്നു. അഡ്വാന്‍സ്ഡ് ഹീമോ ഡൈനാമിക് മോണിറ്ററിംഗ്, ജീവന്‍ നിലനിര്‍ത്താനായി അത്യാധുനിക വെന്റിലേറ്റര്‍ മാനേജ്‌മെന്റ്, ഹൃദയമിടിപ്പ് നിലനിര്‍ത്തല്‍, രക്തസമ്മര്‍ദ നിയന്ത്രണം, അവയവ സംരക്ഷണം, കരളിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തല്‍, അണുബാധയ്ക്കുള്ള ചികിത്സ എന്നിവയും ക്രിട്ടിക്കല്‍ കെയറില്‍പ്പെടുന്നു.

ഗുരുതര രോഗികള്‍, ശസ്ത്രക്രിയ കഴിഞ്ഞവര്‍, വൃക്ക രോഗികള്‍, ഹൃദ്രോഗികള്‍ തുടങ്ങിയവര്‍, പല അവയവങ്ങള്‍ക്ക് (മള്‍ട്ടി ഓര്‍ഗന്‍) ഗുരുതര പ്രശ്‌നമുള്ളവര്‍, എ.ആര്‍.ഡി.എസ്., രക്താതിമര്‍ദം, വിഷാംശം ഉള്ളില്‍ ചെല്ലുക എന്നിവയെല്ലാം സൂക്ഷ്മമായി നിരീക്ഷിച്ച് ചികിത്സ നല്‍കാന്‍ പ്രത്യേക പരിശീലനം ലഭിച്ച ക്രിട്ടിക്കല്‍ കെയര്‍ ടീമിന് കഴിയുന്നു. ക്രിട്ടിക്കല്‍ കെയര്‍ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് മെഡിക്കല്‍ പ്രൊഫഷണലുകള്‍ എന്നിവര്‍ ചേര്‍ന്ന ടീമാണ് രോഗിയെ പരിചരിക്കുന്നത്. ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം ആരംഭിക്കുന്നത് ഡോക്ടര്‍മാരുടെ പരിശീലനത്തിനും ഏറെ സഹായിക്കുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മള്‍ട്ടി ഡിസിപ്ലിനറി ഐസിയുവിലാണ് ക്രിട്ടിക്കല്‍ കെയര്‍ ചികിത്സ ലഭ്യമാക്കി വരുന്നത്. അഡ്വാന്‍സ്ഡ് വെന്റിലേറ്റര്‍ മാനേജ്‌മെന്റ്, ക്രിട്ടിക്കല്‍ കെയര്‍ രംഗം എന്നിവയില്‍ പ്രത്യേകം പരിശീലനം സിദ്ധിച്ചവരേയാണ് ക്രിട്ടിക്കല്‍ കെയര്‍ വിഭാഗത്തില്‍ നിയമിക്കുന്നത്. രക്തത്തില്‍ ഓക്‌സിജന്റെ അളവ് കുറഞ്ഞാല്‍ പരിഹരിക്കുന്ന എക്‌മോ മെഷീന്‍ ഉള്‍പ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്. ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം യാഥാര്‍ത്ഥ്യമാകുന്നതോടെ ഈ രംഗത്ത് വലിയ മാറ്റമുണ്ടാക്കാനാകും.

English Summary:

First-ever critical care department in government hospitals to start at Thiruvananthapuram MCH

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com