കുട്ടികളിലെ മോണരോഗം തടയാൻ തേങ്ങയോ? ഇതെന്ത് അത്ഭുതം!
Mail This Article
വായയുടെയും ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെയും ബാധിക്കുന്ന ഒന്നാണ് മോണരോഗം. പെരിഡോന്റൽ പതൊജനുകൾ എന്നറിയപ്പെടുന്ന ബാക്ടീരിയ ആണ് ഇതിനു കാരണം. ഇത് മോണകളിൽ വീക്കം ഉണ്ടാക്കുകയും ചികിത്സിച്ചില്ലെങ്കിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകുകയും ചെയ്യും.
ഈ രോഗം തടയാൻ വായയുടെ ശുചിത്വം പ്രധാനമാണ്. എന്നാൽ വായയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ഇന്ന് ലഭ്യമായ പല ഉൽപന്നങ്ങളും വളരെ പരുക്കനാണ്. ചെറിയ കുട്ടികൾക്കും പ്രായമായവർക്കും അവ ഉപയോഗിക്കാൻ സാധ്യമല്ല. ഈ ഉൽപന്നങ്ങളിൽ അണുനാശിനികൾ ഉണ്ട്. അതിനാൽ ഇവ അസ്വസ്ഥത ഉണ്ടാക്കും. മോണരോഗം വരാൻ സാധ്യതയുള്ളവർക്ക് ഇത് ഒട്ടും യോജിച്ചതുമല്ല.
കുറച്ചു മൃദുവായതും എന്നാൽ ഫലപ്രദമായ ഒരു ആന്റി ബാക്ടീരിയൽ ഏജന്റ് ആവശ്യമാണ് എന്ന് മനസ്സിലാക്കി ഒസാകാ മെട്രോപ്പോലിറ്റൻ സർവകലാശാലയിലെ പ്രഫസർ ഷിഗേകി കാമിറ്റാനിയുടെ നേതൃത്വത്തിൽ ഗവേഷകസംഘം ഇതിനു പരിഹാരം തേടി.
പഠനത്തിൽ, ഏഴു വ്യത്യസ്ത സംയുക്തങ്ങളിൽ അവർ ശ്രദ്ധ കൊടുത്തു. മോണരോഗത്തിനു കാരണമായ പോർഫൈറോമോണാസ് ജിഞ്ചിവാലിസ് എന്ന ബാക്ടീരിയയ്ക്കെതിരെ ഇവ ഫലപ്രദമാണോ എന്ന് പരിശോധിച്ചു.
പ്രൂനിൻ ലോമേറ്റ് (Pru-C 12) എന്ന സംയുക്തത്തിന് ആന്റിമൈക്രോബിയൽ ഗുണങ്ങളുണ്ടെന്ന് പഠനത്തിൽ കണ്ടു. ഇത് നാരക (Citrus plant) ച്ചെടിയിൽ നിന്നും തേങ്ങയിൽ നിന്നും ലഭിക്കുന്ന സംയുക്തമാണ്. മോണരോഗത്തിനുള്ള സുരക്ഷിതവും ഫലപ്രവദവുമായ ഒരു ചികിത്സയാണിത് എന്ന് പഠനത്തിൽ തെളിഞ്ഞു.
പ്രൂനിൻ ലോറേറ്റ് രുചിയില്ലാത്തതും അലർജി ഒട്ടും ഇല്ലാത്തതുമാണ്. അതുകൊണ്ടു തന്നെ എല്ലാ പ്രായക്കാർക്കും ഇതുപയോഗിക്കാവുന്നതാണ്. വളരെ ചെലവു കുറഞ്ഞതും എളുപ്പത്തിൽ ലഭ്യമാകുന്നതുമായ ഒരു ആന്റി മൈക്രോബിയൽ സൊല്യൂഷന്‍ ആകാൻ പ്രൂനിൻ ലോറേറ്റിനു കഴിയും എന്ന് പ്രഫസർ കാമിറ്റാനി പറയുന്നു. കുട്ടികളിലും പ്രായമായവരിലും മോണരോഗങ്ങൾ തടയാൻ ഫലപ്രദമായ ഒരു മാർഗത്തിലേക്ക് ഫുഡ്സ് ജേണലിൽ പ്രസിദ്ധീകരിച്ച ഈ പഠനം ശ്രദ്ധ ക്ഷണിക്കുന്നു.