50 വര്‍ഷത്തെ നിഗൂഢതയ്ക്ക് വിരാമം; ശാസ്ത്രജ്ഞര്‍ കണ്ടെത്തി പുതിയ രക്ത ഗ്രൂപ്പ് ഇതാണ്
Mail This Article
അന്‍പത് വര്‍ഷത്തെ നിഗൂഢതയ്ക്ക് വിരാമമിട്ട് 'എംഎഎല്‍'(MAL) എന്നൊരു പുതിയ രക്ത ഗ്രൂപ്പ് സംവിധാനം കണ്ടെത്തി യൂണിവേഴ്‌സിറ്റി ഓഫ് ബ്രിസ്റ്റോളിലെയും എന്‍എച്ച്എസ് ബ്ലഡ് ആന്‍ഡ് ട്രാന്‍സ്പ്ലാന്റിലെയും (എന്‍എച്ച്എസ്ബിടി) ശാസ്ത്രജ്ഞര്‍.1972ല്‍ തിരിച്ചറിഞ്ഞ AnWj ബ്ലഡ് ആന്റിജനുമായി ബന്ധപ്പെട്ട നിഗൂഢതയ്ക്കാണ് ഇതോടെ പരിഹാരമാകുന്നത്.
ലൂയിസ് ടില്ലിയുടെ നേതൃത്വത്തിലുള്ള ഗവേഷണ സംഘം AnWj ആന്റിജന്‍ ഇല്ലാത്ത രക്തമുള്ള രോഗികളെ തിരിച്ചറിയുന്നതിനുള്ള ജനിതക പരിശോധനയും വികസിപ്പിച്ചു. അപൂര്‍വമായ രക്ത ഗ്രൂപ്പുള്ള രോഗികള്‍ക്ക് മെച്ചപ്പെട്ട പരിചരണം ലഭിക്കാനും അനുയോജ്യമായ രക്തദാതാക്കളെ ലഭിക്കാനും കണ്ടെത്തല്‍ സഹായിക്കും. 20 വര്‍ഷമായി ഈ പ്രോജക്ടുമായി ബന്ധപ്പെട്ട് ജോലി ചെയ്തു വരികയാണ് ലൂയിസ് ടില്ലി.
ലോകമെമ്പാടുമുള്ള അപൂര്‍വ രക്ത ഗ്രൂപ്പില്‍പ്പെട്ട നിരവധി രോഗികള്‍ക്ക് പുതിയ കണ്ടെത്തല്‍ സഹായകമാകുമെന്ന് കരുതുന്നു. രക്തഗ്രൂപ്പുകളുടെ കൂട്ടത്തിലെ 47-ാമത് സംവിധാനമാണ് എംഎഎല്‍. AnWj നെഗറ്റീവ് ആയ വ്യക്തികളെ കണ്ടെത്താനുള്ള ജീനോടൈപ്പ് പരിശോധനകള്‍ രോഗിയിലേക്ക് രക്തം കയറ്റുമ്പോഴുള്ള അപകട സാധ്യതകള്‍ കുറയ്ക്കും.