സമൂഹ പിന്തുണയോടെ എയ്‌ഡ്‌സിനെ ഇല്ലാതാക്കാം; രോഗസാധ്യത കുറയ്‌ക്കാന്‍ 10 കാര്യങ്ങള്‍
Mail This Article
ലോകത്ത് 3.9 കോടി പേര്‍ എയ്‌ഡ് രോഗബാധയുമായി ജീവിക്കുന്നതായാണ് കണക്ക്. ഇതില്‍ 2.8 കോടി പേര്‍ ആഫ്രിക്കയുടെ കിഴക്ക്, തെക്ക് പ്രദേശങ്ങളില്‍ ഉള്ളവരും 65 ലക്ഷം പേര്‍ ഏഷ്യ, പസഫിക് പ്രദേശങ്ങളില്‍ ജീവിക്കുന്നവരുമാണ്. ഹ്യൂമന്‍ ഇമ്മ്യൂണോ ഡെഫിഷ്യന്‍സി വൈറസ് (എച്ച്‌ഐവി) പരത്തുന്ന എയ്‌ഡ്‌സ് രോഗത്തെ കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ വേണ്ടി ലോകമെങ്ങും ഡിസംബര്‍ ഒന്നാം തീയതി എയ്‌ഡ്‌സ് ദിനമായി ആചരിക്കുന്നു.
1988 മുതലാണ് ലോകാരോഗ്യ സംഘടനയുടെ ആഭിമുഖ്യത്തില്‍ എയ്‌ഡ്‌സ് ദിനാചരണം നടത്താന്‍ ആരംഭിക്കുന്നത്. ഗവണ്‍മെന്റുകള്‍ക്കും സംഘടനകള്‍ക്കും വ്യക്തികള്‍ക്കും എയ്‌ഡ്‌സ് ബോധവത്‌ക്കരണത്തിനൊരു പ്ലാറ്റ്‌ഫോം ഒരുക്കി വൈറസിനെതിരെയുള്ള നടപടികള്‍ ത്വരിതപ്പെടുത്തുകയായിരുന്നു ലക്ഷ്യം.
2030 ഓടെ എയ്‌ഡ് രോഗാണുവിനെ നിര്‍മ്മാര്‍ജ്ജനം ചെയ്യണമെന്നുള്ള ലക്ഷ്യം 2015ലാണ് ഐരാഷ്ട്രസഭ മുന്നോട്ട് വയ്‌ക്കുന്നത്. ഈ ലക്ഷ്യത്തോടെ ഐക്യരാഷ്ട്രസഭയുടെ യുഎന്‍എയ്‌ഡ്‌സ് അടക്കമുള്ള സംഘടനകള്‍ പ്രവര്‍ത്തിച്ചു വരുന്നു. ഈ ലക്ഷ്യത്തില്‍ നിന്ന് അല്‍പം വ്യതിചലിച്ചെങ്കിലും സമൂഹങ്ങളുടെ പിന്തുണയോടെ ലക്ഷ്യം ഇനിയും നേടാനാകുമെന്ന പ്രതീക്ഷ കഴിഞ്ഞ ദിവസം യുഎന്‍എയ്‌ഡ്‌സ് പുറത്ത് വിട്ട വാര്‍ഷിക ലോക എയ്‌ഡ്‌സ് ദിന റിപ്പോര്‍ട്ട് പങ്കുവയ്‌ക്കുന്നു.
'സമൂഹങ്ങള്‍ നയിക്കട്ടെ' എന്നതാണ് ഇത്തവണത്തെ എയ്‌ഡ്‌സ് ദിനത്തിന്റെ പ്രമേയം. എയ്‌ഡ്‌സ് രോഗവുമായി ജീവിക്കുന്ന സമൂഹങ്ങളുടെ കൂട്ടായ്‌മകള്‍ക്കും സംഘടനകള്‍ക്കും വ്യക്തിഗത ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കാനും വിശ്വാസം വളര്‍ത്താനും എയ്‌ഡ്‌സ് നിര്‍മ്മാര്‍ജ്ജന പദ്ധതികള്‍ക്കു മേല്‍നോട്ടം വഹിക്കാനും കഴിയുമെന്ന് യുഎന്‍എയ്‌ഡ്‌സ് പറയുന്നു. ഈ സമൂഹങ്ങള്‍ക്ക് നേതൃത്വ പദവികളും ആവശ്യമായ ധനസഹായവും നിയമപരമായ പിന്തുണയും ഉറപ്പാക്കണമെന്നും യുഎന്‍എയ്‌ഡ്‌സ് നിര്‍ദ്ദേശിക്കുന്നു.
എച്ച്‌ഐവി സാധ്യതയുള്ള ലൈംഗിക തൊഴിലാളികള്‍ക്കും സ്വവര്‍ഗ്ഗരതിക്കാരായ പുരുഷന്മാര്‍ക്കും ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കും ലഹരിമരുന്ന് ഉപയോഗിക്കുന്നവര്‍ക്കും എതിരെയുള്ള നിയമങ്ങളും നയങ്ങളും എയ്‌ഡ്‌സ് നിവാരണ സേവനങ്ങളുമായി ഇവരിലെത്തി ചേരാനുള്ള ശ്രമങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നുണ്ട്.
എയ്‌ഡ്‌സ് രോഗ സാധ്യത കുറയ്‌ക്കാന്‍ ഇനി പറയുന്ന കാര്യങ്ങള്‍ സഹായകമാണ്.
1. കോണ്ടം സ്ഥിരമായും ശരിയായ രീതിയിലും ഉപയോഗിച്ചുള്ള സുരക്ഷിതമായ ലൈംഗിക ബന്ധത്തില്‍ മാത്രം ഏര്‍പ്പെടുക
2. ഒന്നിലധികം പങ്കാളികളും ഉയര്‍ന്ന അപകട സാധ്യതയുള്ള പെരുമാറ്റശീലങ്ങളും ഉള്ളവര്‍ ഇടയ്‌ക്കിടെ എച്ച്‌ഐവി പരിശോധന നടത്തുക
3. ലൈംഗിക പങ്കാളികളുടെ എണ്ണം കുറയ്‌ക്കുകയും എച്ച്‌ഐവി പരിശോധന നടത്തി സുരക്ഷിതമാണെന്നു കണ്ടെത്തിയ പങ്കാളികളെ മാത്രം തിരഞ്ഞെടുക്കുകയും ചെയ്യുക.
4. ഒരാള്‍ ഉപയോഗിച്ച സൂചി ഉപയോഗിക്കാതിരിക്കുക.
5. എച്ച്‌ഐവി പകരാന്‍ ഉയര്‍ന്ന സാധ്യതയുള്ളവര്‍ പ്രീ-എക്‌സ്‌പോഷര്‍ പ്രോഫിലാക്‌സിസ് എന്ന മരുന്ന് ദിവസവും ഉപയോഗിക്കുക.
6. എച്ച്‌ഐവി പോസിറ്റീവ് ആണെന്ന് തെളിഞ്ഞവര്‍ വൈറസ് ലോഡ് കുറയ്‌ക്കാനും അതിന്റെ പകര്‍ച്ച സാധ്യത ഒഴിവാക്കാനും ദിവസവും ആന്റിറെട്രോവൈറല്‍ തെറാപ്പി എടുക്കുക.
7. എയ്‌ഡ്‌സിനെ കുറിച്ചും എച്ച്‌ഐവി വൈറസിനെ കുറിച്ചും നിയന്ത്രണ മാര്‍ഗ്ഗങ്ങളെ കുറിച്ചും ചികിത്സയെ കുറിച്ചുമെല്ലാം ബോധവാന്മാരായിരിക്കുക
8. എച്ച്‌ഐവി പോസിറ്റീവായ നിങ്ങള്‍ ഗര്‍ഭിണിയാകുകയാണെങ്കില്‍ വൈറസ് കുഞ്ഞിലേക്ക് പകരാതിരിക്കാന്‍ ആവശ്യമായ പ്രീനേറ്റല്‍ പരിചരണ മാര്‍ഗ്ഗങ്ങളും മരുന്നുകളും ഉറപ്പാക്കുക.
9. നിങ്ങളുടെ ലൈംഗിക ചരിത്രത്തെ കുറിച്ചും എച്ച്‌ഐവി സ്ഥിതിയെ പറ്റിയും നിയന്ത്രണ മാര്‍ഗ്ഗങ്ങളെ കുറിച്ചും ലൈംഗിക പങ്കാളിയുമായി തുറന്നതും സത്യസന്ധവുമായ ചര്‍ച്ചകളില്‍ ഏര്‍പ്പെടുക.
10. എച്ച്‌ഐവിയെയും എയ്‌ഡ്‌സിനെയും ചുറ്റിപറ്റിയുള്ള സമൂഹത്തിന്റെ മുന്‍വിധികള്‍ കുറയ്‌ക്കാനുള്ള ശ്രമങ്ങളെ പിന്തുണയ്‌ക്കുകയും അവയില്‍ പങ്കാളിയാകുകയും ചെയ്യുക.
നെഞ്ചുവേദന അനുഭവപ്പെട്ടാൽ ആദ്യം ചെയ്യേണ്ടത്: വിഡിയോ