സ്‌ത്രീകളിലെ ഹെപ്പറ്റൈറ്റിസ്: ഈ അഞ്ച് ലക്ഷണങ്ങള്‍ അവഗണിക്കരുത്
Mail This Article
കരളിലെ അണുബാധ മൂലം സംഭവിക്കുന്ന രോഗങ്ങളിലൊന്നാണ് ഹെപ്പറ്റൈറ്റിസ്. മദ്യപാനവും ഓട്ടോഇമ്മ്യൂണ്‍ രോഗങ്ങളും ഹെപ്പറ്റൈറ്റിസിലേക്ക് നയിക്കാം. കരള്‍ ശരിയായി പ്രവര്‍ത്തിക്കാതാകുന്നതോടെ വിഷാംശങ്ങള്‍ നീക്കം ചെയ്യാനും ദഹനം ഊര്‍ജ്ജിതമാക്കി നടത്താനും പ്രോട്ടീന്‍ ചയാപചയം കാര്യക്ഷമമാക്കാനും ശരീരത്തിന് സാധിക്കാതെ വരും.
ഹെപ്പറ്റൈറ്റിസ് രോഗം സ്‌ത്രീകളില്‍ ഇനി പറയുന്ന അഞ്ച് ലക്ഷണങ്ങള്‍ക്ക് കാരണമാകും.
1. ക്ഷീണം
അത്യധികമായ ക്ഷീണം, ഊര്‍ജ്ജക്കുറവ് എന്നിവ ഹെപ്പറ്റൈറ്റിസ് ബാധിച്ച സ്‌ത്രീകളില്‍ കാണപ്പെടാം. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് പോലും ഒരു ഊര്‍ജ്ജം തോന്നാത്ത അവസ്ഥയുണ്ടാകാം.
2. മഞ്ഞപിത്തം
മഞ്ഞ നിറത്തിലുള്ള കണ്ണുകള്‍, ചര്‍മ്മം എന്നിവയെല്ലാം ഹെപ്പറ്റൈറ്റിസ് ലക്ഷണങ്ങളാണ്. കരളിന് ബിലിറൂബിനെ സംസ്‌കരിക്കാന്‍ കഴിയാതെ വരുമ്പോഴാണ് ഇത് സംഭവിക്കുന്നത്. കടുത്ത കരള്‍ തകരാറിന്റെ ലക്ഷണമാണ് മഞ്ഞപിത്തം.
3. വയര്‍ വേദന
അടിവയറിന് മുകളില്‍ വലത് വശത്തായി ഉണ്ടാകുന്ന വേദനയും അസ്വസ്ഥതയും സ്‌ത്രീകളിലെ ഹെപ്പറ്റൈറ്റിസ് ലക്ഷണമാണ്. കരളിന്റെ നീര്‍ക്കെട്ട് മൂലമാണ് ഇത് സംഭവിക്കുന്നത്. കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ കഴിച്ച ശേഷം ഈ വേദന അധികരിക്കുന്നതും ശ്രദ്ധയില്‍പ്പെടാം.
4. കടുത്ത നിറത്തിലുള്ള മൂത്രം
തവിട്ട് നിറമോ ചായയുടെ നിറമോ ഉള്ള മൂത്രവും ഹെപ്പറ്റൈറ്റിസ് ലക്ഷണമാണ്. അമിതമായ ബിലിറൂബിന്‍ അളവാണ് മൂത്രത്തിനും കടുത്ത നിറം നല്‍കുന്നത്.
5. വിശപ്പില്ലായ്‌മ, ഓക്കാനം
ഹെപ്പറ്റൈറ്റിസ് ബാധിതരായ സ്‌ത്രീകളില്‍ വിശപ്പില്ലായ്‌മ, ഓക്കാനം തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം. ദഹനത്തിന് ആവശ്യമായ ബൈല്‍ ഉണ്ടാക്കാനുള്ള കരളിന്റെ ശേഷിയില്ലായ്‌മയാണ് ഈ ലക്ഷണങ്ങളിലേക്ക് നയിക്കുന്നത്.
ഈ ലക്ഷണങ്ങള്‍ കാണുന്ന പക്ഷം ഡോക്ടറെ കണ്ട് ചികിത്സ തേടാന്‍ വൈകരുത്.