മകന്റെ ജനനം തിരിച്ചറിവായി; ജീവിതം അനുകരണീയ മാതൃകയാക്കി ഈ അമ്മ
Mail This Article
കുട്ടികളുടെ വളര്‍ച്ചാഘട്ടത്തില്‍ മാതാപിതാക്കള്‍ വഹിക്കുന്ന പങ്കു ഏറെ വലുതാണ്. ഇന്ന് നമ്മള്‍ കാട്ടി കൊടുക്കുന്നതാണ് നാളെ നമ്മുടെ മക്കള്‍ പിന്തുടരുക എന്ന ചിന്തയില്‍ നിന്നാണ് അനാമിക എന്ന അമ്മ വര്‍ഷങ്ങളായി പ്ലാസ്റ്റിക് ഉപയോഗം ഉപേക്ഷിച്ചത്. അവർ ഇത്തരമൊരു തീരുമാനം എടുത്തതിനു പിന്നില്‍ മകന്‍ നിയോയുടെ ജനനമാണ്.
നിയോയുടെ ജനനത്തോടെയാണ് ജീവിതത്തെ തന്നെ അനാമിക മറ്റൊരു തരത്തില്‍ നോക്കികാണാന്‍ തുടങ്ങിയത്. നിയോയ്ക്ക് വേണ്ടി പ്രകൃതിയോട് ചേര്‍ന്ന് ജീവിക്കണം എന്നും മകനെ ' നാച്ചുറല്‍' ആയി തന്നെ വളര്‍ത്തണം എന്നും അനാമികയ്ക്ക് നിര്‍ബന്ധം ഉണ്ടായിരുന്നു.
നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിയോ ജനിച്ച ശേഷം അനാമിക പൂര്‍ണ്ണമായും പ്ലാസ്റ്റിക് ഉപേക്ഷിച്ചാണ് ജീവിക്കുന്നത്. അതിന്റെ ആദ്യ പടിയായി ചെയ്തത് നിയോയ്ക്ക് തുണി കൊണ്ടുള്ള ഡയപ്പറുകള്‍ ഉപയോഗിച്ച് തുടങ്ങി കൊണ്ടാണ്. തുണി ഡയപ്പറുകള്‍ നിര്‍മ്മിക്കുന്ന ആളുകളെ ഇതിനായി അനാമിക പരിചയപ്പെടുക വരെ ചെയ്തു. പിന്നീട് വീട്ടില്‍ അനാമിക ആദ്യം മാറ്റിയത് ടൂത്ത് ബ്രഷ് ആയിരുന്നു. പ്ലാസ്റ്റിക് ബ്രഷ് ഉപേക്ഷിച്ചു ഇതിനായി അവര്‍ മുള കൊണ്ടുള്ള ബ്രഷ് വാങ്ങി.
പത്തിരുപതു മിനിറ്റ് നേരത്തെ ഉപയോഗത്തിനായി നമ്മള്‍ കരുതുന്ന പ്ലാസ്റ്റിക് ബാഗുകള്‍ മണ്ണോടു ചേരാന്‍ എടുക്കുന്ന സമയം ആയിരക്കണക്കിന് വര്‍ഷങ്ങളാണ്. ഇത്ര കുറഞ്ഞ സമയത്തെ ആവശ്യത്തിനു നമ്മള്‍ ഉപയോഗിക്കുന്ന ഈ വസ്തു നമ്മുടെ ഭൂമിക്ക് ചെയ്യുന്ന ദോഷം ഇതില്‍ നിന്നും മനസിലാക്കാം. ഇത്തരത്തില്‍ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാന്‍ കൂടിയാണ് അല്‍മിത്ര സസ്റ്റെയിനബിള്‍സ് അനാമിക ആരംഭിക്കുന്നത്.
നമ്മള്‍ വെള്ളം കുടിക്കാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കുപ്പികള്‍ , സ്ട്രോ എന്നിവ പ്രകൃതിക്ക് വരുത്തുന്ന ദോഷങ്ങളെ കുറിച്ച് അനാമിക നല്ല ബോധവതിയാണ്. നമ്മള്‍ ഉപയോഗിക്കുന്ന ബ്രഷ് ഓരോ മൂന്നു മാസവും മാറ്റണം എന്ന് ഡോക്ടര്‍മാർ പറയുന്നു. അപ്പോള്‍ ഓര്‍ത്ത് നോക്കൂ എത്രത്തോളം ബ്രഷുകള്‍ ആണ് ഇത്തരത്തില്‍ വേസ്റ്റ് ആയി മാറുന്നത്. അതുകൊണ്ട് തന്നെ ബാംബൂ ബ്രഷുകള്‍ കൂടുതലായി ഉപയോഗിക്കാന്‍ അനാമിക പറയുന്നു.
English Summary- Young Mother follows Green Lifestyle