കേരളത്തിൽ ഹിറ്റായി ഓട്ടമാറ്റിക് ഗേറ്റുകൾ; മികച്ച സുരക്ഷ

Mail This Article
യാത്ര കഴിഞ്ഞു വാഹനത്തിൽ വീട്ടിൽ തിരിച്ചെത്തുമ്പോൾ എല്ലാവർക്കും ഏറ്റവും മടിയുള്ള കാര്യമാണ് ഗേറ്റ് തുറക്കുക എന്നത്. ചെറിയ കാര്യമാണെങ്കിലും ആ സമയത്ത് വലിയ അധ്വാനമുള്ള ഏതോ പണിയാണെന്ന് നമ്മുടെ മനസ്സ് പറയുംപോലെ തോന്നും. തനിയെ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന ഓട്ടമാറ്റിക് ഗേറ്റുകൾ ഇപ്പോൾ കേരളത്തിലും പ്രചാരം നേടിക്കഴിഞ്ഞു. എന്നാൽ നിലവിലുള്ള ഗേറ്റുകളിൽ തന്നെ ഓട്ടമേഷൻ നടത്താമെന്നതാണ് തിരിച്ചറിയേണ്ട കാര്യം. ഗേറ്റ് ഓട്ടോമേഷനെക്കുറിച്ച് കൂടുതൽ അറിയാം.
നിലവിലുള്ള ഗേറ്റുകളിലെ ഓട്ടമേഷൻ
ഓട്ടമാറ്റിക് ഗേറ്റുകൾ ഒരുക്കാൻ നിലവിലുള്ള ഗേറ്റുകൾ മാറ്റി സ്ഥാപിക്കേണ്ട കാര്യമില്ല. പുതിയ ഓട്ടമാറ്റിക് ഗേറ്റ് വാങ്ങി സ്ഥാപിക്കുന്നതിന്റെ മൂന്നിലൊന്ന് ചെലവിൽ പഴയ ഗേറ്റിൽ ഓട്ടമേഷൻ നടത്താനാവും. ഗേറ്റ് ഓപ്പണറുകൾ ഉപയോഗിച്ച് മോട്ടോർ ഘടിപ്പിച്ചാണ് പരിഷ്കരിക്കുന്നത്. അധികം കാലപ്പഴക്കമില്ലാത്തവയും ബലം ഉള്ളതുമായ ഗേറ്റുകളിലാണ് ഇത്തരത്തിൽ ഓട്ടമേഷൻ ചെയ്യാൻ സാധിക്കുന്നത്. ബലം കുറഞ്ഞ ഗേറ്റുകളിൽ ഓട്ടമേഷൻ നടത്തിയാൽ അധികകാലം നീണ്ടുനിൽക്കില്ല. സോഫ്റ്റ് വുഡിൽ നിർമ്മിച്ച ഗേറ്റാണെങ്കിൽ ഓട്ടമേഷനെക്കുറിച്ച് ആലോചിക്കാതിരിക്കുന്നതാവും ഉചിതം. സ്ലൈഡിങ് ഗേറ്റാണെങ്കിൽ ഗേറ്റ് നീക്കുന്നതിനുള്ള കൃത്യമായ കേബിളും മോട്ടോറും തിരഞ്ഞെടുക്കേണ്ടതും പ്രധാനമാണ്.
സ്വിങ് ഗേറ്റുകളിലെ ഓട്ടമേഷൻ
സ്വിങ് ഗേറ്റുകളിൽ ഓട്ടമേഷൻ നടത്താൻ രണ്ടു വഴികളാണുള്ളത്. ഭൂമിക്കടിയിൽ സ്ഥാപിക്കാവുന്ന മോട്ടോറുകൾ ഉപയോഗിച്ചുള്ള ഓട്ടമേഷനാണ് ആദ്യവഴി. എന്നാൽ വെള്ളം തങ്ങിനിൽക്കാത്ത പ്രദേശമാണെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രമേ ഈ രീതി അവലംബിക്കാൻ പാടുള്ളു. ഗേറ്റിന്റെ ഇരുവശത്തുനിന്നും തുറക്കാൻ സാധിക്കുമെന്നതാണ് ഭൂഗർഭ മോട്ടോർ ഉപയോഗിച്ചുള്ള ഓട്ടമേഷന്റെ പ്രധാന പ്രത്യേകത. എന്നാൽ ഭൂഗർഭ മോട്ടോർ സ്ഥാപിക്കുന്നതിന് പണവും അധ്വാനവും താരതമ്യേന കൂടുതലാണ്.
ഗേറ്റ് പോസ്റ്റിൽ ഉയരത്തിൽ സ്ഥാപിക്കാവുന്ന മോട്ടോറുകൾ വയ്ക്കുന്നതാണ് രണ്ടാമത്തെ മാർഗം. റാം ഗേറ്റ് മോട്ടോറുകൾ എന്നാണ് ഇവയുടെ പേര്. വെള്ളപ്പൊക്കം മൂലം ഭീഷണി ഉണ്ടാകുന്നില്ല എന്നതിനുപുറമേ ഓട്ടമേഷൻ സംവിധാനത്തിലെ കേടുപാടുകൾ പരിഹരിക്കുന്നതും ഇത് എളുപ്പമാക്കുന്നു.

ഓട്ടമേഷൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഗേറ്റുകളിൽ ഓട്ടമേഷൻ നൽകുന്നതിനായി പവർ കേബിളുകളും ഡക്ടുകളും സ്ഥാപിക്കുന്നതിനു മുൻപ് സമീപത്തുള്ള അഴുക്കുചാലുകൾ, ഭൂഗർഭ കേബിൾ ലൈനുകൾ, ജല പൈപ്പുകൾ തുടങ്ങിയവയുടെ സ്ഥാനം മുൻകൂട്ടി മനസ്സിലാക്കേണ്ടതുണ്ട്. ഇവയ്ക്കൊന്നും കേടുപാടുകൾ ഉണ്ടാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.ഇലക്ട്രിക് ഷോക്കുകൾ ഒഴിവാക്കാൻ ഗേറ്റുകൾക്ക് റെസീഡ്വൽ കറന്റ് ഡിവൈസ് (ആർസിഡി) പരിരക്ഷയും ഉറപ്പാക്കുക.
ഓട്ടമാറ്റിക് ഗേറ്റിന്റെ ഗുണങ്ങൾ
20 മുതൽ 30 മീറ്റർ അകലത്തിൽ നിന്നുവരെ പ്രവർത്തിപ്പിക്കാം എന്നതിനാൽ ഓട്ടോമാറ്റിക് ഗേറ്റുകൾ ഉടമസ്ഥർക്ക് ആവശ്യാനുസരണം ഉപയോഗിക്കാൻ സൗകര്യപ്രദമാണ്. അധിക സുരക്ഷ ഉറപ്പാക്കുന്നു എന്നതാണ് മറ്റൊരു ഗുണം. പുറത്തുനിന്നുള്ളവർക്ക് ഗേറ്റ് തുറന്നു അകത്തേക്ക് പ്രവേശിക്കുക എന്നത് അത്ര എളുപ്പമാവില്ല. കുട്ടികളുള്ള വീടാണെങ്കിൽ അവർ വീട്ടുമുറ്റത്ത് കളിക്കുമ്പോൾപോലും സുരക്ഷ ഉറപ്പാക്കാൻ ഓട്ടമാറ്റിക് ഗേറ്റുകൾ സഹായിക്കും.
English Summary- Gate Automation Trend in Kerala