യുവതി 15 ലക്ഷത്തിന് പഴയവീട് വാങ്ങി, ഇപ്പോൾ മൂല്യം കോടികൾ!
Mail This Article
നാളേക്ക് ഒരു മുതൽക്കൂട്ടാവും എന്ന കണക്കുകൂട്ടലിൽ വീടും സ്ഥലവും വാങ്ങുന്നവരുണ്ട്. സ്ഥലത്തിന്റെ വില വർധിക്കുന്നത് അനുസരിച്ച് വാങ്ങുന്ന തുകയേക്കാൾ കൂടുതൽ ലാഭത്തിൽ കൈമാറാം എന്ന പ്രതീക്ഷയാവും ഇവരുടെ മനസ്സിൽ. പക്ഷേ ഇത്തരത്തിൽ വൻതുക ലാഭമായി കിട്ടണമെങ്കിൽ ചിലപ്പോൾ വർഷങ്ങളുടെ കാത്തിരിപ്പ് വേണ്ടിവരും. എന്നാൽ 15 ലക്ഷത്തിന് സ്വന്തമാക്കിയ ഒരു വീട് വെറും മൂന്നു വർഷങ്ങൾകൊണ്ട് കോടികൾ വിലമതിപ്പുള്ളതാക്കി മാറ്റി അമ്പരപ്പിക്കുകയാണ് വിർജീനിയ സ്വദേശിനിയായ ബെറ്റ്സി സ്വീനി എന്ന വനിത.
പഴക്കം ചെന്ന വീടുകൾ കുറഞ്ഞ വിലയ്ക്ക് വാങ്ങി അവ പൊളിച്ചു കളഞ്ഞശേഷം അവിടെ പടുകൂറ്റൻ ബംഗ്ലാവുകൾ നിർമിക്കുന്ന കാലത്താണ് 130 വർഷം പ്രായംചെന്ന ഒരു വീടിന് ബെറ്റ്സി പുതുജീവൻ നൽകിയത്. 2020 ൽ കോവിഡ് രൂക്ഷമായിരിക്കുന്ന സമയത്താണ് 18,000 ഡോളർ (15 ലക്ഷം രൂപ) മാത്രം മുതൽ മുടക്കി 3,025 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീട് ബെറ്റ്സി സ്വന്തമാക്കിയത്.
ജല ശുചീകരണ സംവിധാനങ്ങളടക്കം സർവതും നാശമായ നിലയിൽ തകർച്ചയുടെ ലായിരുന്നു വീട്. ഒരു നൂറ്റാണ്ടിൽപരം വർഷങ്ങളുടെ ചരിത്രമുറങ്ങുന്ന വീടിനെ അതിന്റെ ശോഭ കെടുത്താതെ തന്നെ മോടിപിടിച്ചെടുക്കുക എന്നതായിരുന്നു ബെറ്റ്സിയുടെ ലക്ഷ്യം.
അതിനായി ആദ്യം രണ്ടിടങ്ങളിൽ നിന്നായി 125,000 ഡോളർ (1.04 കോടി രൂപ) വായ്പയിനത്തിൽ നേടി. പഴമയുടെ പ്രൗഢി നിറഞ്ഞുനിൽക്കുന്ന വിക്ടോറിയൻ ശൈലിയിലുള്ള ഫയർ പ്ലേസുകളും ബാത്ടബ്ബുമൊന്നും ഒഴിവാക്കാതെയായിരുന്നു നവീകരണ പ്രവർത്തനം. കേടുപാടുകളെല്ലാം പരിഹരിച്ച് വീട് വൃത്തിയാക്കി ആധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തി. ഒടുവിൽ 35,000 ഡോളർ (29 ലക്ഷം രൂപ) കൂടി വായ്പ എടുത്ത് ഇഷ്ടത്തിനൊത്ത ഒരു അടുക്കളയും ഒരുക്കി.
അറ്റകുറ്റപ്പണികൾ പൂർണ്ണമായും പൂർത്തിയായ ശേഷമാണ് ഇവിടേക്ക് താമസം മാറിയത്. തീരെ ചെറിയ പ്രായം മുതൽ പഴക്കം ചെന്ന ഒരു വലിയ വീട്ടിൽ താമസിക്കുക എന്നത് സ്വപ്നം കണ്ടിരുന്നു എന്ന് ബെറ്റ്സി പറയുന്നു. എന്നാൽ ഇത്രയും കുറഞ്ഞ മുതൽമുടക്കിൽ ചിന്തിച്ചതിനേക്കാൾ വലിയ വീട് സ്വന്തമാക്കാനാകുമെന്ന് ഒരിക്കലും അവർ കരുതിയിരുന്നതുമില്ല.
താമസയോഗ്യമായ വീടായി മാറ്റിയതോടെ വീടിന്റെ വിലമതിപ്പ് ഉയർന്നു. അതിനാൽ നിർമാണത്തിനായി എടുത്ത വായ്പ കുറഞ്ഞ പലിശ നിരക്കുള്ള പണയ വായ്പയായി മാറ്റി. ഈ വീട് വാങ്ങുന്നതിനു മുൻപ് 900 ഡോളർ (75000 രൂപ) മാസ വാടകയുള്ള ഒരു വീട്ടിലായിരുന്നു ബെറ്റ്സിയുടെ താമസം. ഇപ്പോൾ 700 ഡോളർ (58000 രൂപ) പലിശയിനത്തിൽ അടയ്ക്കുന്നത് മാത്രമാണ് ചെലവ്. നിലവിൽ വീട് വിൽക്കാനുള്ള പദ്ധതിയില്ലെന്നും ബെറ്റ്സി പറയുന്നു. എന്നാൽ ഇപ്പോൾ കൈമാറ്റം ചെയ്താൽ ചുരുങ്ങിയത് 240,000 ഡോളർ (2 കോടി രൂപ) എങ്കിലും വീടിന് വിലയായി ലഭിക്കുമെന്നാണ് ബെറ്റ്സിയുടെ പ്രതീക്ഷ.