ബൊഗൈൻവില്ല- സിനിമയിൽ മാത്രമല്ല പൂന്തോട്ടത്തിലും താരം
Mail This Article
ബൊഗൈൻവില്ല എന്ന സിനിമ ഇപ്പോൾ ഹിറ്റായി ഓടുകയാണല്ലോ. കൊടും വേനലിൽ ക്ഷീണിക്കാതെ നിറയെ പൂക്കളുമായി പുഞ്ചിരി തൂവിനിൽക്കുന്ന ബൊഗൈൻവില്ല മലയാളിയുടെ ഉദ്യാനത്തിലെ കിരീടമണിയാത്ത രാജ്ഞിയാണ്. ഇന്ന് ബൊഗൈൻവില്ല വെറുമൊരു അലങ്കാരച്ചെടിയല്ല, ബോൺസായ് തയാറാക്കാനും, ഗ്രാഫ്റ്റുചെയ്തു ഒരുചെടിയിൽ പലതരം പൂക്കൾ ഒരുമിച്ചു പൂവിടീക്കാനും, ആകർഷകമായ ആകൃതിയിൽ രൂപപെടുത്തിയെടുക്കുവാനും എല്ലാം ഈ പൂച്ചെടിക്ക് നല്ല ഡിമാൻഡാണ്.
കണ്ടു മടുത്ത പിങ്ക്, വെള്ള പൂക്കളുടെ സ്ഥാനത്ത്, ഇളം നീല, മഞ്ഞ, ഓറഞ്ച്, ചുവപ്പ്, വയലറ്റ് തുടങ്ങിയ നിറങ്ങളിലും വർണ്ണക്കൂട്ടുകളിലുമായി എത്രയോ തരം ചെടികൾ ഇന്ന് നട്ടു പരിപാലിക്കുവാനായി ഉണ്ട്. ലൈലാക് നിറത്തിൽ നാണംകുണുങ്ങി പൂക്കളുമായി 'ലോല' ഇനം ആരുടെയാണ് മനം കവരാത്തത്. മഴക്കാലത്തും പൂവിടുന്ന പ്രകൃതമുള്ള ഇനമാണ് ലോല.
ബൊഗൈൻവില്ലയുടെ നാടൻ ഇനങ്ങളും പുതിയ ഇനങ്ങളും തമ്മിൽ എന്താണ് വ്യത്യാസമെന്നു പറയാം. നാടൻ ബൊഗൈൻവില്ല വർഷത്തിൽ 2 - 3 തവണ പൂവിടുമ്പോൾ, നൂതന ഇനങ്ങൾ കുറഞ്ഞത് 6 -7 തവണയെങ്കിലും പൂക്കും. കൂടാതെ പല പുതിയ ഇനങ്ങൾക്കും മുള്ളുകൾ കാണാറില്ല. ബലം കുറഞ്ഞു വള്ളി പോലുള്ള കമ്പുകളാണ് ഇവയ്ക്കുള്ളത്. ഇവ അനായാസം വള്ളിചെടിയായി പടർത്തി കയറ്റാം, അല്ലെങ്കിൽ കൊമ്പു കോതി കുറ്റിച്ചെടിയായി പരിപാലിക്കുകയുമാകാം. മഴക്കാലം കഴിഞ്ഞു ഒക്ടോബർ മുതൽ മെയ് വരെ ബൊഗൈൻവില്ലയിൽ പൂക്കൾ പല തവണയായി കാണുവാൻ സാധിക്കും. ചുട്ടു പൊള്ളും വെയിലുള്ള ടെറസിനു വർണ്ണചാർത്തു നൽകുവാൻ ബൊഗൈൻവില്ലയ്ക്ക് പകരക്കാരനില്ല.
5 -6 മണിക്കൂർ നല്ല വെയിൽ കിട്ടുന്നിടത്താണ് ഈ പൂച്ചെടി നട്ടു പരിപാലിക്കേണ്ടത്. മറ്റു പൂച്ചെടികളിലെന്ന പോലെ നന്നായി പൂവിടുവാൻ കമ്പു കോതൽ ബൊഗൈൻവില്ലയിലും പ്രധാനപ്പെട്ടതാണ്. ചട്ടിയിൽ കുറ്റിച്ചെടിയായി പരിപാലിക്കുവാനും ഇത് സഹായിക്കും. മെയ് മാസം അവസാനം, മഴയ്ക്ക് മുൻപായി ചെടിയുടെ കമ്പുകൾ താഴ്ത്തി മുറിച്ചു കളയണം. മഴക്കാലത്ത് പുതിയതായി ഉണ്ടായി വരുന്ന കമ്പുകളാണ് സമൃദ്ധമായി പൂവിടുക.
ബൊഗൈൻവില്ലയുടെ ശേഖരം ഹോബി ആക്കി മാറ്റിയ പലരും നമ്മുടെ നാട്ടിൽ ഉണ്ട്. ലളിതമായ പരിചരണം, പൂക്കൾ ചെടിയിൽ ദീർഘനാൾ കൊഴിയാതെനിൽക്കുന്ന പ്രകൃതം, വിപണിയിലുള്ള ലഭ്യത എല്ലാമാണ് ഇവരെ ഈ പൂച്ചെടിയുടെ കലക്‌ഷൻ ഹോബിയാക്കുവാൻ പ്രേരിപ്പിക്കുന്ന മുഖ്യ ഘടകങ്ങൾ. 100 രൂപ മുതൽ ലഭ്യമായ നാടൻ ഇനങ്ങൾ കൂടാതെ 2000 രൂപ വരെ വിലയുള്ള നൂതന ഇനങ്ങളും ഇന്ന് വിപണയിലുണ്ട്.
വിവരങ്ങൾക്ക് കടപ്പാട്
പ്രഫ. ജേക്കബ് വർഗീസ് കുന്തറ,
റിട്ട. അസോഷ്യേറ്റ് പ്രഫസർ, ബോട്ടണി, ഭാരതമാതാ കോളജ്, തൃക്കാക്കര.