വാടക ഒരുലക്ഷം; പക്ഷേ വീടിന്റെ സ്ഥിതി ശോചനീയം; ലണ്ടനിലെ ദുരവസ്ഥ വിവരിച്ച് യുവാവ്

Mail This Article
മെച്ചപ്പെട്ട ജോലിയും ജീവിതസൗകര്യങ്ങളും തേടി യുകെയിലേക്ക് കുടിയേറിയ ഇന്ത്യക്കാർ ലക്ഷക്കണക്കിനാണ്. എന്നാൽ താമസത്തിന് അനുയോജ്യമായ ഒരു സ്ഥലം കണ്ടെത്താനാവാതെ വിഷമിക്കുന്നവർ ഇക്കൂട്ടത്തിൽ ഏറെയാണ്. സമ്പാദിക്കുന്ന തുകയുടെ നല്ലൊരു ഭാഗം വാടകയായി നൽകിയിട്ടും പരിമിതമായ സൗകര്യങ്ങൾകൊണ്ട് തൃപ്തിപ്പെടേണ്ടി വരുന്നവരുണ്ട്. അത്തരത്തിൽ ദുരനുഭവം വിവരിച്ചുകൊണ്ട് ഇന്ത്യക്കാരനായ ആര്യൻ എന്ന യുവാവ് പങ്കുവച്ച വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.
ഒരുലക്ഷം രൂപ വാടക നൽകുന്ന തന്റെ വാടകവീട്ടിലെ അസൗകര്യങ്ങളാണ് ആര്യൻ എടുത്തുകാട്ടുന്നത്. ആളുകൾ തിങ്ങിപ്പാർക്കുന്ന കുടുസ്സുവീടുകൾക്ക് സമാനമാണ് തന്റെ വീട്ടിലെ അവസ്ഥയെന്ന് ആര്യൻ വിവരിക്കുന്നു. സൗകര്യപ്രദമായി ജീവിക്കാനാകുമെന്ന പ്രതീക്ഷയിലാണ് വാടക ഒരുലക്ഷം ആകുമെന്ന് അറിഞ്ഞിട്ടും വീട് എടുക്കാൻ തീരുമാനിച്ചത്.
ഓപ്പൺ പ്ലാനിൽ ഒരുക്കിയിരിക്കുന്ന അടുക്കളയാണ് യുവാവിന് തലവേദനയായിരിക്കുന്നത്. അടുക്കളയിലെ സീലിങ്ങിൽ നിന്നും വെള്ളം തുടർച്ചയായി ഒഴുകിക്കൊണ്ടിരിക്കുകയാണ്. ഒന്നും രണ്ടുമല്ല, പല ഇടങ്ങളിലായി ചെറുതും വലുതുമായ നിരവധി പാത്രങ്ങൾ നിരത്തി വച്ച് ചോർന്നു വരുന്ന വെള്ളം ശേഖരിച്ച് കളയുകയല്ലാതെ മറ്റു നിവൃത്തിയില്ല. ഇത്രയും ശോചനീയമായ അവസ്ഥയിലുള്ള വീടിന് ഒരു ലക്ഷം രൂപ വാടക നൽകേണ്ടി വരുന്നതിലെ വിഷമമാണ് ആര്യൻ പങ്കുവയ്ക്കുന്നത്.
വിഡിയോ വൈറലായതോടെ ധാരാളം ആളുകൾ പ്രതികരണങ്ങളുമായി രംഗത്തെത്തി. ആര്യന്റെ അവസ്ഥ മനസ്സിലാക്കാൻ പറ്റുന്നുണ്ടെന്നും ഇത്തരത്തിൽ അഡ്ജസ്റ്റ് ചെയ്താണ് യുകെ പോലെയുള്ള സ്ഥലങ്ങളിലേക്ക് കുടിയേറി എത്തുന്ന ആളുകൾ ദിനവും ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതെന്നും പ്രതികരണങ്ങളുണ്ട്.
ഇത്രയും മോശപ്പെട്ട അവസ്ഥ അനുഭവിച്ചുകൊണ്ട് ജീവിക്കേണ്ട അവസ്ഥയില്ലെന്നും പ്രാദേശിക കൗൺസിലിനെ വിവരം അറിയിക്കുകയോ എത്രയും വേഗം പ്രശ്നം പരിഹരിക്കാൻ ഉടമയോട് ആവശ്യപ്പെടുകയോ ചെയ്യണമെന്നും അഭിപ്രായപ്പെടുന്നവരും കുറവല്ല. സമാനമായ സാഹചര്യങ്ങളിൽ കൂടി കടന്നു പോകുന്നവർ തങ്ങളുടെ അനുഭവങ്ങളും കമന്റ് ബോക്സിൽ വിവരിക്കുന്നുണ്ട്.
എന്നാൽ ചുരുക്കം ചിലരാകട്ടെ ഇത്രയും ബുദ്ധിമുട്ടുകൾ സഹിച്ച് അന്യനാട്ടിൽ കഴിയാതെ ഇന്ത്യയിലേക്ക് മടങ്ങി മിതമായ വാടകയിൽ ലഭിക്കുന്ന വീട്ടിൽ സന്തോഷമായി കഴിഞ്ഞുകൂടെ എന്ന് ചോദിക്കുന്നു. ഏത് രാജ്യത്താണെങ്കിലും പുതിയ ഒരു ഇടം തിരഞ്ഞെടുക്കുന്നതിന് മുൻപ് അടിസ്ഥാനപരമായ ഇത്തരം പ്രശ്നങ്ങൾ തിരിച്ചറിയണമെന്ന് മറ്റു ചിലർ ഓർമിപ്പിക്കുന്നു.