ഗുണങ്ങൾ നിരവധി; ഉദ്യാനം അലങ്കരിക്കാൻ ഇവൻ മതി! കേരളത്തിൽ പ്രചാരമേറി പേൾ ഗ്രാസ്

Mail This Article
ഉദ്യാനത്തിൽ ആശിച്ചു മോഹിച്ചു തയ്യാറാക്കിയ കാർപെറ്റ് ഗ്രാസ് പുൽത്തകിടിയിൽ ചിതലിന്റെ ശല്യം കൊണ്ട് പൊറുതി മുട്ടി. ലോണിൽ അവിടിവിടെ നട്ടിരുന്ന മരങ്ങൾ വളർന്നു വലുതായി പലേടത്തും നല്ല തണലാണ്. അവിടൊന്നും പുല്ല് നന്നായി വളരുന്നുമില്ല. ചിതലിന്റെയോ കുമിളിന്റെയോ ശല്യമില്ലാത്ത എന്നാൽ, വെയിലത്തും തണലത്തും ഒരുപോലെ പരിപാലിക്കുവാൻ പറ്റിയ അലങ്കാര പുല്ലിനത്തെ കുറിച്ച് പലരും അന്വേഷിക്കാറുണ്ട്. അടുത്തകാലത്തായി നമ്മുടെ നാട്ടിൽ പ്രചാരത്തിലായിവരുന്ന പേൾ ഗ്രാസ്സിനെ പരിചയപ്പെടാം. തണലെന്നോ വെയിലെന്നോ വ്യത്യാസമില്ലാതെ നന്നായി വളരും; രോഗ-കീട ശല്യം ഒട്ടുമേ ഇല്ല. 3 മാസത്തിലൊരിക്കലോ മറ്റോ വെട്ടി കനം കുറച്ചു നിർത്തിയാൽ മതി. ഫലവൃക്ഷതോട്ടത്തിൽ നിലം നിറയ്ക്കുവാൻ ബഫല്ലോ ഗ്രാസിനെക്കാൾ ഏറെ പറ്റിയതാണ് ഈ നൂതന ഇനം പുല്ല്. എല്ലാം കൊണ്ടും പേൾ ഗ്രാസ്സിനെ വെല്ലാൻ നിലവിൽ മറ്റൊരു ഇനം പുല്ല് ഇല്ലെന്നു വേണമെങ്കിൽ പറയാം.
നീളം കുറഞ്ഞു, വീതിയുള്ള, കടും പച്ച ഇലകളുമായി നിലം പറ്റി വളരുന്ന പേൾ ഗ്രാസ് മുകളിലേക്ക് തണ്ടുകളും ഇലകളും ഉത്പാദിപ്പിക്കാറില്ല. മണ്ണിനു സമാന്തരമായി പടർന്നു വളരുന്ന തണ്ടിൽ ഇലകൾ രണ്ടു വശത്തേക്ക് അടുത്തടുത്തായാണ് ഉണ്ടായി വരിക. പേൾ ഗ്രസ്സിന്റെ നടീൽ വസ്തു വളർച്ചയായ പുല്ലു തന്നെയാണ്. പച്ചക്കറി തൈ കിട്ടുന്ന പ്രോട്രേയിൽ നട്ടുവളർത്തിയതോ അല്ലെങ്കിൽ മണ്ണോടുകൂടി ചെത്തിയെടുത്തതോ ആയ നടീൽ വസ്തുവാണ് ലഭിക്കുക.
ബഫല്ലോ ഗ്രാസ് നടുന്നതുപോലെയാണ് പേൾ ഗ്രാസും നടേണ്ടത്. ഇതിനായി നിലം ഒരുക്കിയെടുക്കണം. കട്ടയും കളയും എല്ലാം നീക്കി വൃത്തിയാക്കി വെള്ളം വേഗത്തിൽ വാർന്നു പോകുന്നവിധത്തിൽ ചെരിവ് നൽകി വേണം നിലമൊരുക്കാൻ. നിലവിലുള്ള മണ്ണ് മോശമാണെങ്കിൽ അര അടി കനത്തിൽ നീക്കി നല്ല ചുവന്ന മണ്ണ് നിരത്തണം. ഇതിനു മുകളിൽ നടീൽ മിശ്രിതമായി ഗുണനിലവാരമുള്ള ചകിരിച്ചോറിൽ വേപ്പിൻ പിണ്ണാക്കും എല്ലുപൊടിയും കലർത്തിയതിൽ അൽപ്പം കുമ്മായവും ചേർത്ത് തയ്യാറാക്കിയത് നിരത്തണം.
മുൻപ് പുൽത്തകിടി ഉണ്ടായിരുന്ന സ്ഥലമാണെങ്കിൽ പഴയ പുല്ല് വേരുൾപ്പടെ മുഴുവനായി നീക്കിയ ശേഷം മാത്രം മിശ്രിതം നിരത്തുക. ഇതിൽ 4 ഇഞ്ച് അകലം നൽകി പേൾ ഗ്രാസ് നടാം. ഈ വിധത്തിൽ 99 കള്ളികളുള്ള ഒരു പ്രോട്രേയിലെ പുല്ല് 20 ചതുരശ്ര അടി നടാൻ മതിയാകും. നേർത്ത വാർക്ക കമ്പിക്ക് തയ്യാറാക്കിയ ചെറിയ കുഴിയിൽ വേര് മാത്രം ഇറക്കിവെച്ചാണ് നടേണ്ടത്.

പുല്ല് നട്ടിരിക്കുന്നിടത്ത് കിട്ടുന്ന പ്രകാശത്തിന്റെ ലഭ്യത അനുസരിച്ചാണ് പേൾ ഗ്രാസ് വളരുക. 4 - 5 മണിക്കൂർ വെയിൽ കിട്ടുന്നിടത്തു ഈ വിധത്തിൽ നട്ട പുല്ല് ഒരു മാസം കൊണ്ട് പുൽത്തകിടിയായി മാറും. എന്നാൽ ചാഞ്ഞു വെയിൽ കിട്ടുന്നിടത്തു രണ്ടു മാസമെങ്കിലും വേണ്ടിവരും. നട്ട ശേഷം പുല്ലുകൾക്കിടയിൽ കുതിർത്തെടുത്ത ചകിരിച്ചോറ് വിതറിയാൽ വേഗത്തിൽ വളർന്നു തകിടിയായി മാറും. നല്ല വേനൽക്കാലത്താണ് പുൽത്തകിടി തയ്യാറാക്കുന്നതെങ്കിൽ 3 നേരം നനക്കണം.
പുല്ല് വളർന്നു തുടങ്ങിയാൽ പ്രാരംഭദശയിൽ പുല്ലില്ലാത്ത ഇടങ്ങളിൽ കളച്ചെടികൾ വളർന്നു വരും. അവ കാണുമ്പോൾ തന്നെ വേരുൾപ്പടെ പിഴുതെടുത്തു നീക്കം ചെയ്യണം. പുല്ല് നടാനുള്ള മിശ്രിതത്തിൽ ചാണകപ്പൊടി ഒഴിവാക്കുക. ഇതിൽ കാണാറുള്ള കളച്ചെടികളുടെ വിത്തുകൾ പിന്നീട് നിയന്ത്രിക്കാൻ പറ്റാത്തവിധം വളരും.
മണ്ണ് നന്നായി ഉറച്ചുകിടക്കുന്ന ഇടങ്ങളിൽ പുല്ല് വളർന്നു നിലം നിറയുവാൻ കാലതാമസമെടുക്കും. ഇത്തരം ഇടങ്ങളിലും കമ്പി ഉപയോഗിച്ച് കുഴികൾ നൽകുന്നത് പുല്ല് വേഗത്തിൽ പടർന്നു വളരുവാൻ ഉപകരിക്കും. മറ്റ് പുല്ലിനങ്ങളിൽനിന്നും വ്യത്യസ്തമായി പേൾ ഗ്രാസ് കൂടെ കൂടെ വെട്ടി കനം കുറക്കേണ്ടതില്ല. നട്ടു 3 -4 മാസത്തെ വളർച്ചയായാൽ വെട്ടി കനം കുറക്കാം.ചിതലോ കുമിളോ പേൾ ഗ്രാസിനെ ശല്യം ചെയ്യാറില്ല. അതിനാൽ രാസകീടനാശിനികളൊന്നും ഈ പുൽത്തകിടിയുടെ പരിപാലനത്തിൽ പ്രയോഗിക്കേണ്ട ആവശ്യം വരുന്നില്ല.
ലേഖകൻ: പ്രഫ. ജേക്കബ് വർഗീസ് കുന്തറ,
റിട്ട. അസോഷ്യേറ്റ് പ്രഫസർ, ബോട്ടണി, ഭാരതമാതാ കോളജ്, തൃക്കാക്കര