കുറഞ്ഞ ചെലവിൽ മതിൽ പണിയാം: വീട്ടിൽ സമാധാനമുള്ള അന്തരീക്ഷം ഒരുക്കാം

Mail This Article
പണ്ട് വേലിപ്പരത്തി കൊണ്ടും മൺകയ്യാലകൾ കൊണ്ടും അതിർത്തി തിരിച്ച വീടുകൾ കേരളത്തിൽ ധാരാളമുണ്ടായിരുന്നു. അന്നൊക്കെ കോൺക്രീറ്റ് മതിലുകൾ അയൽക്കാർ തമ്മിലുള്ള നിസ്സഹകരണത്തിന്റെ അടയാളമായി കണ്ടിരുന്നു. എന്നാലിന്ന് നല്ല അയൽപക്ക ബന്ധങ്ങൾക്ക് അടച്ചുറപ്പുള്ള ചുറ്റുമതിൽ അനിവാര്യമാണ് എന്ന ചിന്തയിലേക്ക് ആളുകളെത്തി. കുറഞ്ഞ ചെലവിൽ, ഭംഗിയിൽ ഒട്ടും വിട്ടുവീഴ്ച വരുത്താതെ ചുറ്റുമതിൽ നിർമിക്കാനുള്ള ചില മാർഗങ്ങൾ നോക്കാം.
തടി പാലറ്റുകൾ
തനി നാടൻ ഭംഗിയിൽ ചുറ്റുമതിൽ ഒരുക്കാൻ തടി പാലറ്റുകൾ ഉപയോഗിക്കാം. വീട്ടുമുറ്റത്ത് പൂന്തോട്ടം ഉണ്ടെങ്കിൽ തടിയിൽ നിർമിച്ച ഈ ചുറ്റുമതിലുകൾ അതിന്റെ ഭംഗി ഇരട്ടിയാക്കി കാണിക്കും. പരിസ്ഥിതി സൗഹൃദമായ രീതിയിൽ ചുറ്റുമതിൽ നിർമ്മിക്കാനുള്ള മാർഗം കൂടിയാണിത്. താരതമ്യേന ബജറ്റ് ഫ്രണ്ട്‌ലിയുമാണ്. വീടിന്റെ പുറം ഭാഗത്തെ പെയിന്റിങ്ങിനോട് ചേർന്നു പോകുന്ന പെയിന്റോ ഡിസൈനുകളോ പാലറ്റുകളിൽ ഉൾപ്പെടുത്തി കൂടുതൽ മനോഹരമാക്കുകയും ചെയ്യാം.
പ്രീ കാസ്റ്റ് മതിൽ

പ്രത്യേക ആകൃതിയുള്ള മോൾഡിൽ കോൺക്രീറ്റ് നിറച്ച് മുൻകൂട്ടി തയാറാക്കുന്ന ബ്ലോക്കുകൾ ഉപയോഗിച്ച് ചുറ്റുമതിൽ ഒരുക്കിയെടുക്കാം. മതിൽ നിർമിക്കേണ്ട സ്ഥലത്തേക്ക് ഈ പ്രീകാസ്റ്റ് കട്ടകൾ എത്തിച്ച് സ്ഥാപിക്കുകയേ വേണ്ടൂ. നിർമാണ സമയം ലാഭിക്കാം എന്നതാണ് നേട്ടം. താരതമ്യേന ചെലവും കുറവാണ്. നിർമാണത്തിൽ കോൺക്രീറ്റും സ്റ്റീലും ഉപയോഗിച്ചിരിക്കുന്നതുകൊണ്ട് ഉറപ്പും ലഭിക്കും. എന്തെങ്കിലും മാറ്റം വരുത്തേണ്ട സമയത്ത് മതിൽ പൊളിച്ചു കളയാതെ അഴിച്ചുമാറ്റി പുനസ്ഥാപിക്കാം എന്ന സവിശേഷതയുമുണ്ട്.
മെറ്റൽ നെറ്റ് മതിൽ

ചുറ്റുമതിൽ നിർമാണത്തിൽ ഇന്ന് പുതിയതായി കണ്ടുവരുന്ന ഒരു ട്രെൻഡാണിത്. മെറ്റലിൽ നിർമിച്ച നെറ്റ് ചുറ്റുമതിലിൻ്റെ അടിത്തറയ്ക്ക് മുകളിൽ രണ്ടു വശങ്ങളിലായി മുഖാമുഖം വച്ച് ഉറപ്പിക്കും. അതിനുശേഷം പെബിളുകളോ മെറ്റലോ ഇട്ട് ഇതിനിടയിലുള്ള ഭാഗം നിറയ്ക്കുന്നതോടെ മതിൽ റെഡി. ഉള്ളിൽ നിറയ്ക്കുന്ന കല്ലിന്റെ വലിപ്പം അനുസരിച്ച് നെറ്റും ചെറുതാകേണ്ടതുണ്ട്. എളുപ്പത്തിൽ ചുറ്റുമതിൽ നിർമിക്കാനാവുന്ന ഒരു രീതിയാണിത്. മുകൾഭാഗത്ത് ചെടികളോ ലൈറ്റിങ്ങോ നൽകിയാൽ ഭംഗി ഇരട്ടിയാകും.
സിമ്പിൾ ചുറ്റുമതിൽ

അൽപം മനസ്സുവച്ചാൽ സാധാരണ സിമന്റ് കട്ടകൾ കൊണ്ട് കെട്ടുന്ന ചുറ്റുമതിലുകളും ഭംഗിയിൽ അവതരിപ്പിക്കാം. വ്യത്യസ്ത വലുപ്പത്തിലുള്ള സിമന്റ് കട്ടകൾ വിപണിയിൽ ലഭ്യമാണ്. ആവശ്യാനുസരണം വേണ്ടത് തിരഞ്ഞെടുത്ത് ചുറ്റുമതിൽ കെട്ടുക. പാറ്റേൺ ഡിസൈൻ വർക്കുകളോ അല്ലെങ്കിൽ വീടിന്റെ പെയിന്റിങ്ങിനും തീമിനും ചേരുന്ന ഡിസൈനുകളോ ഇതിൽ ഉൾപ്പെടുത്താം. മതിലിലെ വർക്കുകൾ എടുത്തു കാട്ടുന്ന രീതിയിൽ ലൈറ്റിങ് കൂടി നൽകിയാൽ പ്രൗഢിയോടെ തന്നെ ചുറ്റുമതിൽ ഒരുക്കാം.
വസ്തുക്കൾ പുനരുപയോഗിക്കാം
കെട്ടിട നിർമാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കൾ പുനരുപയോഗിച്ച് മതിലുകൾ നിർമിക്കാം. പഴയ വീട് പൊളിച്ചു പണിയുകയാണെങ്കിൽ കുറഞ്ഞ ചിലവിൽ ചുറ്റുമതിൽ നിർമിക്കാൻ ഏറ്റവും മികച്ച മാർഗ്ഗമാണിത്. പഴയ ഇഷ്ടിക, വെട്ടുകല്ല്, കരിങ്കല്ല്, ഓട്, തടി ഉരുപ്പടികൾ തുടങ്ങി പിവിസി പൈപ്പുകൾ വരെ മതിൽ നിർമ്മിക്കാനായി മാറ്റിവയ്ക്കാം. കൃത്യമായി പ്ലാൻ ചെയ്ത് മനോഹരമായ ഡിസൈനിങ്ങിൽ ഇവയൊക്കെ ഉൾപ്പെടുത്തിയാൽ ഒരു കലാസൃഷ്ടി പോലെ തോന്നിപ്പിക്കുന്ന ചുറ്റുമതിൽ ഒരുക്കാൻ സാധിക്കും.