23000 ചതുരശ്രയടി, 6 നിലകൾ; മന്നത്തിൽ രണ്ടുനില കൂടി നിർമിക്കാൻ ഷാറുഖ് ഖാൻ
Mail This Article
ഷാറുഖ് ഖാനെ പോലെ പ്രശസ്തമാണ് അദ്ദേഹത്തിന്റെ മുംബൈയിലെ വീടായ മന്നത്തും. താരത്തെ നേരിട്ട് കാണാനായില്ലെങ്കിലും മന്നത്തിന്റെ മുന്നിൽ നിന്ന് ഒരു ചിത്രമെങ്കിലും പകർത്തണമെന്ന ആഗ്രഹവുമായി നൂറുകണക്കിന് ആരാധകരാണ് ദിവസവും ബാന്ദ്രയിലേക്കെത്തുന്നത്. ഇന്ത്യൻ സിനിമാതാരങ്ങളുടെ വീടുകളിൽ വിലമതിപ്പിന്റെ കാര്യത്തിൽ മുൻപന്തിയിൽ മന്നത്തുണ്ട്. നിലവിൽ 200 കോടി വിലമതിപ്പുള്ള വീട് കൂടുതൽ മനോഹരമാക്കാനുള്ള ഒരുക്കത്തിലാണ് ഷാറൂഖും കുടുംബവും എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മന്നത്ത് ബംഗ്ലാവ് നവീകരിക്കാനുള്ള അനുമതി തേടി താരകുടുംബം അപേക്ഷ സമർപ്പിച്ചു കഴിഞ്ഞു. ഷാറുഖിന്റെ ഭാര്യ ഗൗരി ഖാനാണ് മഹാരാഷ്ട്ര കോസ്റ്റൽ സോൺ മാനേജ്മെന്റ് അതോറിറ്റി മുൻപാകെ അപേക്ഷ സമർപ്പിച്ചത്. നിലവിൽ ആറ് നിലകളാണ് മന്നത്ത് ബംഗ്ലാവിനുള്ളത്. ഇതിനുമുകളിലായി രണ്ട് നിലകൾ കൂടി നിർമിക്കാനുള്ള അനുമതി തേടിയാണ് അപേക്ഷ. അപേക്ഷയെ തുടർന്ന് ആദ്യഘട്ട ചർച്ചകൾ നടത്തി ഫീഡ്ബാക്ക് നൽകിയിട്ടുണ്ടെന്ന് അധികൃതർ അറിയിക്കുന്നു. ആവശ്യമായ കൂടുതൽ വിവരങ്ങൾ ലഭിച്ചശേഷം തുടർനടപടികളിലേക്ക് കടക്കും.
നിലവിൽ ഏകദേശം 23000 ചതുരശ്ര അടിയാണ് ബംഗ്ലാവിന്റെ വിസ്തീർണ്ണം. ഇതിനോട് ചേർത്ത് 616.02 ചതുരശ്ര മീറ്റർ കൂടി നിർമിക്കാനാണ് പദ്ധതിയിടുന്നത്. 25 കോടി രൂപയാണ് നവീകരണത്തിന് വേണ്ടിവരുന്ന ചെലവായി കണക്കാക്കിയിരിക്കുന്നത്.
1914 ൽ നിർമിക്കപ്പെട്ട ബംഗ്ലാവ് 2001ലാണ് ഷാറുഖ് സ്വന്തമാക്കിയത്. 'മന്നത്ത്' എന്ന് പേരിടുംമുൻപ് 'വില്ല വിയന്ന' എന്നായിരുന്നു വീട് അറിയപ്പെട്ടിരുന്നത്. 'യെസ് ബോസ്' എന്ന സിനിമയുടെ ചിത്രീകരണ വേളയിൽ ബംഗ്ലാവ് കണ്ട് ഇഷ്ടപ്പെട്ടതോടെ ഷാറുഖ് വാങ്ങുകയായിരുന്നു.
ഗ്രേഡ് ത്രീ പൈതൃക പദവിയുള്ള നിർമിതിയാണ് കെട്ടിടം. അതിനാൽ ഉദ്ദേശിച്ച രീതിയിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിന് ഏറെ നിയന്ത്രണങ്ങളും നിലനിന്നിരുന്നു. തുടർന്ന് യഥാർഥ കെട്ടിടത്തോട് കൂട്ടിച്ചേർത്ത് ഇന്ന് കാണുന്ന നിലയിൽ ആറ് നിലകളുള്ള ബംഗ്ലാവ് നിർമിക്കുകയായിരുന്നു.
മന്നത്ത് സ്വന്തമാക്കിയതിന് പിന്നിലെ കഷ്ടപ്പാടുകൾ ഷാറുഖ് മുൻപ് വെളിപ്പെടുത്തിയിട്ടുണ്ട്. 35 ലക്ഷത്തിനടുത്തായിരുന്നു അന്ന് വീടിന്റെ വില. മോശം അവസ്ഥയിലായിരുന്ന വീട് വാങ്ങിയശേഷം നവീകരണ പ്രവർത്തനങ്ങൾ നടത്താനോ ഇന്റീരിയർ ഒരുക്കാനോ വേണ്ട പണം ഉണ്ടായിരുന്നില്ല. അക്കാലത്ത് അഭിനയിച്ചുകൊണ്ടിരുന്ന സിനിമയുടെ നിർമാതാവിൽ നിന്നും മുൻകൂറായി പണം കൈപ്പറ്റിയാണ് ഷാറുഖ് വീട് വാങ്ങിയത്.
വീട് സ്വന്തമാക്കിയ ശേഷം ഇന്റീരിയർ ഡിസൈനിങ്ങിനായി പ്രതീക്ഷിച്ചതിലും അധികം തുക ചെലവാക്കേണ്ടി വരും എന്ന് മനസ്സിലായതോടെ അകത്തളം ഒരുക്കുന്നതിന്റെ ചുമതല ഗൗരി ഖാൻ ഏറ്റെടുക്കുകയായിരുന്നു. ഇന്ന് മന്നത്തിനു മുന്നിൽ കാണുന്ന വജ്രം പതിച്ച നെയിംപ്ലേറ്റ് അടക്കമുള്ളവ ഗൗരി തന്നെയാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.
കടലിന് അഭിമുഖമായി സ്ഥിതിചെയ്യുന്ന ബംഗ്ലാവിൽ അഞ്ചു കിടപ്പുമുറികൾ, അത്യാധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തിയ ജിം, വിശാലമായ സ്വിമ്മിങ് പൂൾ, ലൈബ്രറി, തിയേറ്റർ, ഓഫിസ് എന്നിവയെല്ലാമുണ്ട്.