സുഗന്ധവ്യഞ്‌ജന വിപണിയിൽ വിലയിടിവിന് സാധ്യത; കൊപ്രയ്‌ക്കായി മത്സരം: ഇന്നത്തെ (21/3/25) അന്തിമ വില

Mail This Article
സാമ്പത്തിക വർഷാന്ത്യം അടുത്തതോടെ അന്തർസംസ്ഥാന വാങ്ങലുകാർ സുഗന്ധവ്യഞ്‌ജന വിപണിയിൽനിന്ന് അൽപം പിൻതിരിയാനുള്ള സാധ്യതകൾ അടുത്ത വാരം ഉൽപന്ന വിലകളിൽ ചാഞ്ചാട്ടമുളവാക്കാം. ഏറ്റവും മികച്ച നിലവാരത്തിൽ നീങ്ങുന്ന കുരുമുളകിനു കടുത്ത ക്ഷാമം നേരിടുന്ന അവസരമെങ്കിലും വാങ്ങൽ താൽപര്യം കുറച്ച് ഇടപാടുകാർ വിപണിയുടെ അടിയോഴുക്ക് അളക്കാൻ ശ്രമം നടത്താം. ഈ മാസം ഇതിനകം ക്വിന്റലിന് 3300 രൂപയുടെ മുന്നേറ്റം കാഴ്‌ചവച്ച ആവേശത്തിൽ ഇടപാടുകൾ നടക്കുമ്പോഴും കാർഷിക മേഖലകളിൽനിന്നുള്ള ചരക്കു നീക്കം കുറവാണ്. ചില ഭാഗങ്ങളിൽ ഉൽപാദനം 60 ശതമാനം വരെ കുറഞ്ഞതായാണ് കർഷകരിൽനിന്നുള്ള വിവരം. ടെർമിനൽ മാർക്കറ്റിൽ ഇന്നലെ എത്തിയത് കേവലം 13 ടൺ മാത്രം. കൈവശമുള്ള ചരക്ക് കരുതൽ ശേഖരത്തിലേക്കു വൻകിട കർഷകർ നീക്കിയതും വിപണിയിലെ ക്ഷാമം രൂക്ഷമാക്കി. അൺ ഗാർബിൾഡ് കുരുമുളക് ക്വിന്റലിന് 68,900 രൂപയിലും ഗാർബിൾഡ് 70,900 രൂപയിലുമാണ്.

ലേല കേന്ദ്രത്തിലേക്കുള്ള ഏലക്ക വരവ് ഇടിഞ്ഞു. ഉൽപാദന മേഖലയിൽ രാവിലെ നടന്ന ആദ്യ ലേലത്തിന് എത്തിയത് കേവലം 8077 കിലോ ചരക്ക് മാത്രമാണ്. ഈ വർഷം വരവ് ഇത്രമാത്രം ചുരുങ്ങിയത് ആദ്യമെങ്കിലും ഇതിൽ 5117 കിലോ ഏലക്ക മാത്രമാണ് ലേലം കൊണ്ടത്. ചരക്ക് സംഭരണത്തിൽ വാങ്ങലുകാർ കാണിച്ച തണുപ്പൻ മനോഭാവം മൂലം ശരാശരി ഇനങ്ങൾ കിലോ 2628 രൂപയിലും മികച്ചയിനങ്ങൾ 2803 രൂപയിലുമാണ്. ഫെബ്രുവരി 12 ന് വണ്ടൻമേട്ടിൽ നടന്ന ലേലത്തിൽ ലഭിച്ച 3036 രൂപയ്‌ക്ക് ശേഷം ഒരിക്കൽ പോലും ഉൽപ്പന്നത്തിന് കരുത്ത് കാഴ്‌ചവയ്ക്കാൻ കഴിഞ്ഞിട്ടില്ല. ചുരുങ്ങിയ ആഴ്‌ചകളിൽ കിലോ 500 രൂപയാണ് ഇടിഞ്ഞത്.
തമിഴ്‌നാട് വിപണിയിൽ കൊപ്രയ്‌ക്കായി വ്യവസായികൾ മത്സരിക്കുകയാണ്. കൊപ്രക്ഷാമം മൂലം മില്ലുകളുടെ പ്രവർത്തനം സ്‌തംഭിക്കാതിരിക്കാൻ നിരക്ക് ഉയർത്തി സ്റ്റോക്കിസ്റ്റുകളെ വിപണിയിലേക്ക് അടുപ്പിക്കാനുള്ള തന്ത്രം പ്രയോഗിച്ചിട്ടും ലഭ്യത ഉയർന്നില്ല. കാങ്കയത്ത് കിലോ 172 രൂപ വരെ കൊപ്രയ്‌ക്ക് വ്യവസായികൾ വാഗ്‌ദാനം ചെയ്‌തപ്പോൾ പൊള്ളാച്ചിയിൽ 175 രൂപയുടെ ഓഫറുകളും ഇറങ്ങിയതായാണ് വ്യാപാര രംഗത്ത് നിന്നുള്ള വിവരം. കൊച്ചിയിൽ കൊപ്ര വില ഇന്ന് 164 രൂപ. എണ്ണ വില ക്വിന്റലിന് 300 രൂപ വർധിച്ച് 24,800 രൂപയായി.